ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി; നിലവാരമില്ലാത്ത പകപോക്കലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്‍പും ഇപ്പോഴും തനിക്ക് യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെതിരായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ യുഡിഎഫിന് ശക്തിപകരുകയാണ് ഇത്തരം ആരോപണങ്ങള്‍.

പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ തെറ്റായ രാഷ്ട്രീയ നീക്കത്തിന് കനത്ത വില നല്‍കേണ്ടിവരും. സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. കൈക്കൂലിയോ ലൈംഗികാതിക്രമമോ സംബന്ധിച്ച് തനിക്കെതിരായി ഒരു സാക്ഷിയോ തെളിവോ ഇല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച് എന്തുപറയാനാണ്. രണ്ടുമൂന്നു ദിവസംകൂടി കാത്തിരിക്കാം.തനിക്കെതിരായി കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയവരെല്ലാം നിക്ഷിപ്ത താത്പര്യമുള്ളവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മറയാക്കി സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് നിലവാരമില്ലാത്ത പകപോക്കല്ലാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണഗതിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നിയമസഭയിലാണ് വയ്ക്കുക. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയാതെ ഇതുസംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താനും കോപ്പി പ്രതിപക്ഷത്തിന് നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 33 കേസുകളില്‍ പ്രതിയായ സ്ത്രീ ആരുടെയെങ്കിലും പേര് വിളിച്ചു പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കും എന്ന് മുഖ്യമന്ത്രിയോ സര്‍ക്കാരോ കരുതേണ്ട. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ദുരുപയോഗം ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.