ടോമി കൊക്കാട്ടിന് മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള ഐഎപിസി അവാര്‍ഡ് സമ്മാനിച്ചു

ഫിലഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സാമൂഹ്യപ്രവര്‍ത്തകനുള്ള ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ അവാര്‍ഡ് കാനഡയില്‍ നിന്നുള്ള ടോമി കൊക്കാട്ടിന് സമ്മാനിച്ചു. ഫിലഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഐഎപിസിയുടെ നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡ് വിതരണം ചെയ്തു. ചടങ്ങില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി, പെന്‍സില്‍വാനിയ സ്റ്റേറ്റ് പ്രതിനിധി സ്‌കോട്ട് പെട്രി, ഐഎപിസി ചെയര്‍മാന്‍ ഡോ.ബാബു സ്റ്റീഫന്‍, സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ ജിന്‍സ്മോന്‍ പി. സക്കറിയ, കാനഡ കോ-ഓര്‍ഡിനേറ്റര്‍ ആഷ്ലി ജോസഫ്, ജനറല്‍ സെക്രട്ടറി ഈപ്പന്‍ ജോര്‍ജ്ജ്, ദീപിക ചെയര്‍മാന്‍ ഫ്രാന്‍സിസ് ക്ലീറ്റസ്, സി.എല്‍.തോമസ് (മീഡിയവണ്‍)  മങ്ങാട് രത്നാകരന്‍ (ഏഷ്യനെറ്റ് ന്യൂസ്) , പ്രമോദ് രാമന്‍ (മനോരമ ന്യൂസ്), പ്രദീപ് പിള്ള (ഇന്ത്യന്‍ എക്‌സപ്രസ്), ജെ.എസ്.ഇന്ദുകുമാര്‍ (ജയ്ഹിന്ദ് ടിവി), സജി ഡൊമിനിക് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് വിതരണം ചെയ്തത്.

കോട്ടയത്തെ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള ടോമി കൊക്കാട്ട് സംഘാടനമികവില്‍ ഒരു നേതാവുമാത്രമല്ല, ഒരു പ്രസ്ഥാനംകൂടിയാണെന്ന് പറയേണ്ടിവരും. അനവധി സംഘടനകളുടെ ഭാരവാഹിയാണ് ഇന്ന് ഈ മനുഷ്യന്‍.ടൊറാന്റോ മലയാളി സമാജം, മിസിസോഗ കേരള അസോസിയേഷന്‍, കനേഡിയന്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടകളുടെ ലൈഫ് ടൈം മെമ്പറും കൂടിയായ ടോമിയുടെ ജീവിതം ഇത്തരത്തില്‍ സ്ഥാനമാനങ്ങളിലൂടെയുള്ള യാത്രയിലൂടെയാണ്. നേതൃസ്ഥാനങ്ങളിലേക്കുള്ള ഈ വളര്‍ച്ചയും യാത്രയ്ക്കും പിന്നില്‍ കേരളക്കരയുടെ പങ്കുമുണ്ട്. സ്വന്തം മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട് സംഘാടനമികവിലേക്ക് പടിപടിയായി വളര്‍ന്ന ഒരു ചരിത്രമാണ് ടോമി  കൊക്കാട്ടിന്റേത്. കാഞ്ഞിരപ്പള്ളിക്കടുത്ത് കലക്കെട്ടിലാണ് ടോമി ജനിച്ചതും വളര്‍ന്നതും. ബാല്യത്തില്‍തന്നെ കൂട്ടുകാര്‍ക്കും സഹപാഠികള്‍ക്കും ഇടയില്‍ എന്തിനും ഏതിനും ഓടിനടന്നിരുന്ന ഒരു കുട്ടിയായിരുന്നു ടോമി. എല്ലാവര്‍ക്കും ഇടയില്‍ ഒരു ഹീറോ ആയും മധ്യസ്ഥ പ്രതിനിധിയായും സഹായിയായുമെല്ലാം നിറഞ്ഞുനിന്ന ടോമിയുടെ ജീവിതം മാറിമറിയുന്നത്  കോളജ് കാലഘട്ടത്തിലാണ്. സ്‌കൂള്‍ പഠനകാലത്ത് ആര്‍ജിച്ചെടുത്ത കഴിവ് കോളജ് കാലഘട്ടത്തില്‍ തുണയായി. ശക്തമായ ചിന്തകളും വ്യക്തിത്വങ്ങളും രൂപപ്പെടുത്തിയെടുക്കുന്ന കോളജ് കാലം ടോമിയുടെ കഴിവുകളെയും രാകിമിനുക്കിയെടുത്തു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ പെട്ടെന്നുതന്നെ പേരെടുത്ത ടോമി ഏവര്‍ക്കും സുപരിചിതനും നല്ല കൂട്ടുകാരനായും സംഘാടകനായും പേരെടുത്തു. 1987ല്‍ മേലെക്കാവ് ഹെന്‍ട്രി ബെയ്ക്കര്‍ കോളേജിലെ പഠനകാലഘട്ടമായിരുന്നു ഇതിനുസാക്ഷ്യംവഹിച്ചത്. അങ്ങനെ കോളജിലെ  ഗടഇ (ഖ) യൂണിറ്റ് പ്രസിഡന്റായി ടോമി തന്റെ സംഘാടനപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ചുറുചുറുക്കോടെ ഓടിനടന്ന യുവാവിനെ കോളജിന് പുറത്തും നാട്ടുകാര്‍ക്കും സംഘനയുടെ തലപ്പത്തുള്ളവര്‍ക്കും നന്നേ പിടിച്ചു. അതിന് പ്രതിഫലമെന്നോണം 1988ല്‍ ഗടഇ (ഖ) പൂഞാര്‍ പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. അവിടംകൊണ്ടുതീര്‍ന്നില്ല. കൂടുതല്‍ ഉത്തരവാദിത്വങ്ങളിലേക്ക് കെഎസ് സി അദ്ദേഹത്തിന് നല്‍കി. അങ്ങനെയാണ് 1989ല്‍ കോട്ടയം ജില്ലയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാവാനുള്ള നിയോഗവും ടോമിയെ തേടിയെത്തിയത്.

ജീവിതവും പ്രവര്‍ത്തനവും കോട്ടയത്തിന്റെ മണ്ണില്‍മാത്രം ഒതുക്കിതീര്‍ക്കാനുള്ളതായിരുന്നില്ല ടോമിയുടെ നിയോഗം. കടലുകള്‍ക്കപ്പുറത്തെ കാനഡ എന്ന രാജ്യം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ദൈവത്തിന്റെ മറ്റൊരു നിയോഗംപോലെ ജന്മനാട്ടില്‍നിന്നും തന്റെ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് കാനഡയിലേക്ക് ജീവിതം പറിച്ചുനടാനായിരുന്നു ടോമി എന്ന യുവാവിന്റെ വിധി. 1989 കളുടെ അവസാനത്തിലാണ് ടോമി  കാനഡയിലെത്തിയത്. അതൊരു കുടിയേറിപ്പാര്‍ക്കല്‍തന്നെയായിരുന്നു. പ്രവര്‍ത്തന മികവിനെ മനസില്‍ അടക്കിനിര്‍ത്തി ജീവിക്കാനായി നല്ലൊരു ജോലി എന്നതുതന്നെയായിരുന്നു ആ യാത്രയുടെ പിന്നില്‍. അങ്ങനെ അതും സാധിച്ചു. ആദ്യമെല്ലാം നിരവധി ജോലികള്‍ ചെയ്തു. പിന്നീടാണ് ട്രാവല്‍ ഏജന്‍സിയിലെത്തുന്നത്. അതൊരു മികച്ച തുടക്കത്തിന്റെ സൂചനയാണെന്ന് ടോമിയും കരുതിയിരുന്നില്ല. പക്ഷേ അപാരമായ ആത്മവിശ്വാസവും  സ്നേഹപൂര്‍വമുള്ള ഇടപെടലുകളും ആകര്‍ഷകമായ വ്യക്തിത്വവും ടോമിക്ക് മുതല്‍ക്കൂട്ടായി.

1998 മുതല്‍ 2002 വരെ അല്‍ഫാ ട്രാവല്‍ ഏജന്‍സിയില്‍ ജോലിചെയ്തു. കാനഡയുടെയും അവിടുത്തെ ആളുകളുടെയും മനസറിഞ്ഞ ടോമി തന്റെ ഫീല്‍ഡ് ഒന്നു മാറ്റിപ്പിടിച്ചു. അങ്ങനെ 2002ല്‍ ഗ്രോസറി ബിസിനസിലും ഏര്‍പ്പെട്ടു. പിന്നീട് കാനഡയില്‍ പല മലയാളികളുംസ്വന്തം ശ്രമത്തിലൂടെ വിജയപാതയിലെത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കും കളംമാറ്റിപിടിച്ചു.

2008 ല്‍ ചോയിസ് ഹോം റിയല്‍ട്ടിയില്‍  റിയല്‍ എസ്റ്റേറ്റ് ഏജന്റായി ജോലിയിലേര്‍പ്പെട്ടു. നാലുവര്‍ഷത്തോളം അതില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു. കൂടുതല്‍പേരുമായി പരിചയത്തിലായി. വലിയ സൗഹൃദബന്ധങ്ങളായി. പരിചയപ്പെടാത്ത മലയാളികളില്ലെന്നായി. പിന്നീടാണ് പുതിയൊരു പ്രവര്‍ത്തനപാതയെന്ന ആശയം ടോമിയില്‍ ഉടലെടുത്തത്. ഇതിനെല്ലാം പിന്നില്‍ ആത്മവിശ്വാസംതന്നെയായിരുന്നു കരുത്ത്.
2012ല്‍ ടേസ്റ്റ് ഓഫ് മലയാളീസ് എന്ന പേരില്‍ കെയ്റ്ററിംഗ് സര്‍വ്വീസ് ആരംഭിച്ച ടോമിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. വലിയവലിയ പാര്‍ട്ടികള്‍ക്കെന്നല്ല ഏതു ചെറിയ പാര്‍ട്ടികള്‍ക്കുംവരെ ടോമിയുടെ പ്രസ്ഥാനം അവരോടൊപ്പംചേര്‍ന്നുനിന്നു. സ്നേഹത്തോടെയുള്ള ഇടപെടലുകളും ആത്മസമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനവും  കാനഡയിലെ മലയാളി സമൂഹത്തെ മാത്രമല്ല വിദേശികളെവരെ ആകര്‍ഷിച്ചു. ചെറിയകാലംകൊണ്ടുതന്നെ ടോമി ഏവരുടെയും പ്രിയപ്പെട്ടവനായി മാറി. തന്റെ സംരംഭത്തില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം ഒരുവനായി രാവുംപകലും ജോലിയെടുക്കുന്നതില്‍ യാതൊരു മടിയും ടോമി കാണിച്ചിരുന്നില്ല. ഈ സമര്‍പ്പണംതന്നെയായിരുന്നു വിജയത്തിന്റെ അടിസ്ഥാനവും.

അങ്ങനെ താന്‍ 2008ല്‍ ജോലിയില്‍ പ്രവേശിച്ച ചോയിസ് ഹോംസ് റിയല്‍ട്ടി തന്നെ ഏറ്റെടുക്കുന്നതിലേക്ക് ടോമി വളര്‍ന്നു. 2015 ലാണ് ഈ സംരംഭത്തിന്റെ മേധാവിത്വത്തിലേക്ക് ടോമി എത്തിയത്. പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സമൂഹത്തില്‍ ആദരവും ടോമിയെ തേടിവന്നുകൊണ്ടിരുന്നു. തന്റെ ജീവിത വളര്‍ച്ചയിലും തികഞ്ഞ ദൈവവിശ്വാസം കൈവിടാത്ത വ്യക്തികൂടിയായിരുന്നു ടോമി. സഭയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഇടയില്‍ ടോമിക്ക് ഏറെ മതിപ്പുണ്ടായിരുന്നു. ഇത് സഭയുടെ കീഴിലുള്ള സംഘടനകളുടെ പ്രവര്‍ത്തനപഥങ്ങളിലേക്കും എത്തിച്ചു. ടോമിയുടെ നിസ്വാര്‍ഥമായ സേവനമികവും ഇടപെടലുകളുംതന്നെയാണ് ഇതിലേക്ക് നയിച്ചത്.
അങ്ങനെ സെന്റ് തോമസ് സിറോ മലബാര്‍ മിഷന്‍ ഒന്റാറിയോ, ടൊറാന്റോയുടെ പാരിഷ് കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തനംതുടങ്ങി.
199394 കാലഘട്ടത്തിലായിരുന്നു പാരിഷ് കൗണ്‍സില്‍ മെമ്പറായുള്ള സേവനം. പിന്നീട് 2008 മുതല്‍ 2013 വരെയും കൗണ്‍സില്‍ മെമ്പറായുംമാറി.  അടിയുറച്ച ദൈവവിശ്വാസത്തിലധിഷ്ഠിതമായ ടോമിയുടെ ജീവിതം മറ്റു വിശ്വാസികള്‍ക്കും മാതൃകയായിരുന്നു. സേവനമേഖലയിലെ നേതൃപദവികള്‍ വീണ്ടും ഒരു ദൈവ വിളിപോലെ അദ്ദേഹത്തെ തേടിവന്നുകൊണ്ടിരുന്നു.
2014 മുതല്‍ 2015 വരെ സെന്റ് അല്‍ഫോണ്‍സ മലബാര്‍ കത്രീഡല്‍ മിസിസോഗയുടെ ആദ്യ കൈക്കാരനായും ടോമി തെരഞ്ഞെടുക്കപ്പെട്ടു. ടൊറന്റോയിലെ മലയാളികള്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന ടോമി 199394ല്‍ ടൊറാന്റോ മലയാളി സമാജം സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് മറ്റൊരു പേര് ആരില്‍നിന്നും ഉയര്‍ന്നുവന്നില്ലെന്നതും ഇദ്ദേഹത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമായിരുന്നു.
1996ലും, 2013ലും സംഘടനയുടെ പ്രസിഡന്റായും നിയമിക്കപ്പെട്ടു. 2003ലും 2010ലും സംഘടനയുടെ ട്രഷററായുംമാറി. 2016ല്‍ മലയാളി സമാജം പ്രസിഡന്റായ ടോമി, 2017ല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായും നിയമിതനായപ്പോള്‍ അതൊരു കാവ്യനീതിപോലെ ജ്വലിച്ചുനിന്നു. നാട്ടിലെ സംഘടനാപ്രവര്‍ത്തനമികവ് ഒരുപ്രവാഹംപോലെ ഒഴുകിയപ്പോള്‍ ആര്‍ക്കും എപ്പോഴും എന്താവശ്യത്തിനും ടോമിയെന്ന മനുഷ്യന്‍ നിയോഗംപോലെ നിലകൊണ്ടു. സ്ഥാനമാനങ്ങള്‍ പിന്നേയും അദ്ദേഹത്തെ തേടിവന്നുകൊണ്ടിരുന്നു. ഏതുസംഘടനയിലേക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും അതിനെ സധൈര്യം മുന്നോട്ടുകൊണ്ടുപോകാനും ഏവരും ആദ്യം നിര്‍ദേശിക്കുന്ന പേരായി മാറി ടോമി കൊക്കാട്ടിന്റേത്. അങ്ങനെ ഫോക്കാനയുടെ കണ്‍വെന്‍ഷന്‍ കമ്മറ്റി മെമ്പര്‍ ആയി 1994ല്‍ ടോമി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ നാഷണല്‍ കമ്മറ്റി മെമ്പറുമായി. 1998ല്‍ ജോയിന്റ് ട്രഷറര്‍, 2002ല്‍ ജോയിന്റ് സെക്രട്ടറി, 20062008ല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി, 2016 കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ടൊറാന്റോ മലയാളി സമാജം, മിസിസോഗ കേരള അസോസിയേഷന്‍, കനേഡിയന്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടകളുടെ ലൈഫ് ടൈം മെമ്പറും കൂടിയായ ടോമിയുടെ ജീവിതം കാനഡയിലേക്ക് ജീവിതം പറിച്ചുനട്ട മലയാളികള്‍ക്കൊപ്പം ഒഴുകുകയാണ്. ബിസിനസും സേവനമേഖലയിലെ പ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകുന്നതിലും അദ്ദേഹം വിജയിക്കുന്നു. നിരവധിപേരുടെ അനുഗ്രഹവും പ്രാര്‍ഥനകളുംതന്നെയാണ് അദ്ദേഹത്തിന്റെ ഈ വിജയത്തിനാധാരവും.
കാനഡയിലുള്ള ഭാര്യ നിഷ കൊക്കാട്ട് ,മകള്‍ റിയ, മകന്‍ റോഷന്‍ എന്നിവരുടെ പരിപൂര്‍ണ പിന്തുണയും പ്രോത്സാഹനവും ടോമിയുടെ വിജയത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും തിളക്കമേറുന്നു. ഇനിയുമൊരു സംഘടനകൂടി പിറവിയെടുത്താല്‍ അതിന്റെ നേതൃസ്ഥാനത്തേക്കും ടോമിയുടെ പേര്‍തന്നെയാകും ഏതൊരു കാനഡ മലയാളിയും നിര്‍ദേശിക്കുക എന്നതും നിസ്തര്‍ക്കമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.