ടെക്‌സസില്‍ മലയാളി ബാലികയെ കാണാനില്ല; പിതാവിനെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍വിട്ടു

ടെക്‌സസ്: മൂന്നുവയസുകാരി മലയാളി ബാലിക ഷെറിനെ കാണാതയതിനെ തുടര്‍ന്നു കുട്ടിയുടെ പിതാവ് വെസ്ലി മാത്യൂസിനെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.വെസ്ലിയുടെ ഭാര്യയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അവര്‍ക്കെതിരെ ചാര്‍ജുകളൊന്നുമില്ല. ഷെറിന്‍ ഇവരുടെ ദത്തു പുത്തിയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് അവര്‍ക്കു കുട്ടി പിറന്നതെന്നു അയല്‍ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലു കുടിക്കാത്തതിനെ തുടര്‍ന്നു വീടിനു സമീപം പിന്നാമ്പുറത്തെ ഒരു മരത്തിനു കീഴില്‍ കുട്ടിയെ നിര്‍ത്തുകയായിരുന്നുവെന്നു പിതാവ് വെസ്ലി മാത്യൂസ് പോലീസിനോട് പറഞ്ഞു. 15 മിനിറ്റ് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ലെന്നും പിതാവ് പോലീസിനോടു പറഞ്ഞു. ആരെയെങ്കിലും സംശയമോ ഏതെങ്കിലും വാഹനത്തെപറ്റി സൂചനയോ ഒന്നുമില്ലെന്നുമില്ലാത്തതിനാല്‍ അലര്‍ട്ട് പിന്‍വലിക്കുകയാണെന്നു പോലീസ് അറിയിച്ചു. കുട്ടിയെ പുലര്‍ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണു പോലീസില്‍ പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണമില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായും സൂചനയില്ലെന്നു പോലീസ് പറയുന്നു. വീട്ടിലെ മൂന്നു വാഹനങ്ങള്‍, ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *