മാര്‍ത്തമറിയം വനിതാ സമാജം ടൊറന്റോ റീജണല്‍ സമ്മേളനം നടത്തി

ടൊറന്റോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വനിതാ സംഘടനയായ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ടൊറന്റോ റീജണല്‍ സമ്മേളനം സെപ്റ്റംബര്‍ 30-നു ശനിയാഴ്ച ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു നടത്തപ്പെട്ടു. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച സമ്മേളനത്തിന് റീജണല്‍ കോര്‍ഡിനേറ്റര്‍ മിനു കോശി സ്വാഗതമരുളി. സഭയുടെ വിശ്വസ്ത സാക്ഷികളായി ക്രിയാത്മക മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അധ്യക്ഷന്‍ റവ.ഡോ. തോമസ് ജോര്‍ജ് തന്റെ ഉപക്രമ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. പിന്നീട് മേഴ്‌സ്യാമ്മ വര്‍ഗീസ്, സുജ ഏബ്രഹാം എന്നിവര്‍ പ്രതിനിധികളെ പരിചയപ്പെടുത്തി.

തുടര്‍ന്നു രണ്ട് സെഷനുകളിലായി ദിവ്യബലി എന്ന വിഷയത്തെ ആസ്പദമാക്കി, പ്രസ്ഥാനത്തിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ. സണ്ണി ജോസഫ് ക്ലാസ് എടുത്തു. അതിനുശേഷം നടന്ന ചോദ്യോത്തരവേള വൈവിധ്യമാര്‍ന്ന ചോദ്യങ്ങളാല്‍ സജീവമായി. ഭക്ഷണത്തിനുശേഷം 2 മണിയോടുകൂടി വീണ്ടും കൂടിയ സമ്മേളനത്തില്‍ വേദപുസ്തകം, ആരാധന, സഭാ ചരിത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും നടത്തി.

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ (റീജിയന്റെ ആരംഭം മുതല്‍) സമാജത്തിന് നേതൃത്വം നല്കിയ റീജണല്‍ കോര്‍ഡിനേറ്റര്‍ സൂസന്‍ ബെഞ്ചമിന്‍, ഏരിയ റപ്രസന്റേറ്റീവ് എലിസബത്ത് ഏബ്രഹാം എന്നിവരെ അനുമോദിക്കുകയും, പ്ലാക്കുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു. വിവിധ ഇടവകകളില്‍ നിന്നുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അനില ജോണ്‍, ഓമന സ്കറിയ, നുസി സജി എന്നിവര്‍ വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.