ദിലീപ് ജയില്‍ മോചിതനായി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചു. ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അങ്കമാലി മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച മോചന ഉത്തരവ് ആലുവ സബ് ജയിലില്‍ എത്തിച്ചതോടെ ദിലീപ് ജയില്‍ മോചിതനായി. ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകര്‍ എന്നിവര്‍ ചേര്‍ന്നാണു ഹൈക്കോടതിയുടെ ഉത്തരവ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. അവിടെ നിന്നും റിലീസിങ് ഓര്‍ഡര്‍ ആലുവ ജയിലില്‍ സഹോദരന്‍ എത്തിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, രണ്ട് ആള്‍ ജാമ്യവും നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുത്, മാധ്യമങ്ങളോടു സംസാരിക്കുന്നതിന് നിയന്ത്രണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആലുവ സബ് ജയിലിനു പുറത്ത് വലിയ ജനക്കൂട്ടമാണ് ദിലീപിനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. മധുരം വിതരണം ചെയ്തും ജയ് വിളിച്ചും നടന്റെ ഫ്‌ലെക്‌സില്‍ പാലഭിഷേകം നടത്തിയുമാണ് ആരാധകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. നടന്‍ ധര്‍മ്മജന്‍, നാദിര്‍ഷായുടെ സഹോദരന്‍ സമദ്, കലാഭവന്‍ അന്‍സാര്‍ തുടങ്ങി സിനിമാമേഖലയില്‍ നിന്നുള്ളവരും ദിലീപിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.