കുട്ടികളെ വീട്ടിലിരുത്തി വിദേശപര്യടനത്തിനുപോയ മാതാവിനെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു

പി. പി. ചെറിയാൻ

ജോൺസ്റ്റൻ (ഐഓവ) : പന്ത്രണ്ട് മുതൽ 6 വയസ്സുവരെയുള്ള നാലു കുട്ടികളെ വീട്ടിൽ തനിച്ചാക്കി പന്ത്രണ്ടു ദിവസത്തെ യൂറോപ്യൻ പര്യടനത്തിനു പോയ മാതാവിനെ തിരിച്ചു വിളിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 20 നാണ് ഇവർ യാത്ര പുറപ്പെട്ടത്. ഒക്ടോബർ 1 നാണ് തിരിച്ചു വരേണ്ടിയിരുന്നത്. എന്നാൽ പൊലീസ് ഇവരുമായി ബന്ധപ്പെട്ടു. വ്യാഴാഴ്ച തിരിച്ചെത്തിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

എറിൻ മാക്കി (30) യെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന് ജോൺസ്റ്റൺ പൊലീസ്  വക്താവ് അറിയിച്ചു. ഇവരെ വെള്ളിയാഴ്ച (സെപ്റ്റംബർ 29 ന്) കോടതിയിൽ  ഹാജരാക്കി. കോടതി 9000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

കുട്ടികളെ തനിച്ചാക്കിയതിനു പുറമെ വീട്ടിൽ ഫയർ ആമും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സെപ്റ്റംബർ 21 നാണ് കുട്ടികളുടെ പിതാവ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഐഓവ ഹൂമൺ സർവീസ് ഡിപ്പാർട്ട്മെന്റ് കുട്ടികളെ കസ്റ്റഡിയിലെടുത്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പന്ത്രണ്ട് വയസ്സുള്ള രണ്ടു കുട്ടികൾ വീട്ടിലുണ്ടായിരുന്നതിനാലാണ് 7 ഉം 6 ഉം വയസ്സുള്ള കുട്ടികളെ ഇവരെ ഏൽപിച്ച് പര്യടനത്തിനു പോയതെന്ന് മാതാവ് പറഞ്ഞു.
പന്ത്രണ്ടു വയസ്സുള്ള കുട്ടികൾക്ക് ഇവരുടെ ചുമതലയേല്ക്കാൻ കഴിയുമെന്നാണ് ഞാൻ കരുതിയിരുന്നതെന്നും മാതാവ് പറഞ്ഞു. കുട്ടികളെ തനിച്ചാക്കി രാജ്യം വിട്ടു പോയതാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. കുട്ടികളെ കാണുന്നതിന് മാതാവിനെ കോടതി വിലക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.