ജോര്‍ജിയായില്‍ വനിതാ ഡിറ്റക്ടീവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; സഹായി പിടിയില്‍, മുഖ്യപ്രതി ഒളിവില്‍

പി. പി. ചെറിയാൻ

ജോർജിയ : സെപ്റ്റംബർ 29 വെള്ളിയാഴ്ച രാവിലെ ജോർജിയായിൽ നടന്ന ആക്രമണത്തിൽ വനിതാ ഡിറ്റക്ടീവ് ഓഫീസർ ക്രിസ്റ്റീൻ ഹിയറിൻ (29) കൊല്ലപ്പെടുകയും മറ്റൊരു ഓഫീസർക്ക് പരുക്കേൽക്കുകയും ചെയ്തു. അലബാമ അതിർത്തിയിലുള്ള സെഡാർ ടൗണിനു സമീപം വൃക്ഷനിബിഡമായ പ്രദേശത്താണ് സംഭവം നടന്നത്. പോൾക്ക് കൗണ്ടിയിൽ കളവു ചെയ്യപ്പെട്ട  കാറിനെ കുറിച്ചു അന്വേഷിക്കാനായിരുന്നു ക്രിസ്റ്റിനും സഹപ്രവർത്തകൻ ഡേവിഡ് ഗുഡ് റിച്ചും എത്തിച്ചേർന്നത്. പെട്ടെന്ന് റിവോൾവറുമായി ചാടി വീണ സേത്ത് സ്പേൻഗളർ (31) ഇരുവർക്കും നേരെ നിറയൊഴിക്കുകയായിരുന്നു. സേത്തിന്റെ കൂടെ സമാന്ത റൂഫും (22) ഉണ്ടായിരുന്നു.

വെടിയേറ്റ ക്രിസ്റ്റിൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പോൾക്ക് കൗണ്ടി ഷെറിഫ് കെന്നി ഡോഡ് പറഞ്ഞു. ഓഫിസർ ഡേവിഡ് ബുള്ളറ്റ് ഫ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഗുരുതരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

സംഭവത്തിനുശേഷം പ്രതിയുടെ കൂടെയുണ്ടായിരുന്ന സമാന്തയെ പൊലീസ് പിടികൂടിയെങ്കിലും  സേത്ത് രക്ഷപ്പെട്ടു. അല്പ സമയത്തിനുശേഷം പ്രതി പൊലീസിനു കീഴടങ്ങി. ടെന്നിസ്സിയിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്. മയക്കുമരുന്ന്, പീഡന കേസുകളിൽ പ്രതിയാണ് സേത്ത്. വെടിയേറ്റു മരിച്ച ക്രിസ്റ്റീൻ അഞ്ചു വർഷമായി ഡിറ്റക്ടീവായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവും മൂന്ന് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നതാണ് ഇവരുടെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.