യുവനടിയെ ആക്രമിച്ച കേസ്: റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായി കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ചില വിവരങ്ങള്‍ റിമിയില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. അതിനാലാണ് 164 മുഖാന്തരം രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ വിദേശത്ത് നടന്ന ഷോകളുടെ സമയത്ത് ദിലീപിനൊപ്പം റിമി അടക്കമുള്ളവര്‍ ഒരുമിച്ചുണ്ടായിരുന്നു. മൊഴി ഇനി മാറ്റാതിരിക്കാന്‍ കൂടിയാണ് രഹസ്യ മൊഴിക്കായി പോലീസ് ശ്രമിക്കുക. റിമിയെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് മൂന്നുപേരുടെ കൂടെ മൊഴി രേഖപ്പെടുത്തും. ഇതുവരെ 21 പേരെ രഹസ്യമൊഴി എടുത്തു. ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്. ഫൊറന്‍സിക് പരിശോധാഫലം കൂടി ലഭിക്കണം. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന്റെ ജാമ്യഹര്‍ജി തള്ളണമെന്ന വാദത്തിലുറച്ച പ്രോസിക്യൂഷന്‍ സാഹചര്യങ്ങളില്‍ മാറ്റമില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തെളിവുകള്‍ പ്രോസിക്യൂഷന്‍ വെളിപ്പെടുത്തുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. അതിനിടെ, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എവിടെയെന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍, അന്വേഷണ സംഘം നേരിടുന്ന പ്രധാന ചോദ്യവും ഇതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *