നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയെപ്പോലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍

കൊച്ചി:നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം ആരംഭിച്ചു. ചൊവ്വാഴ്ച പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞു. ബുധനാഴ്ച പ്രോസിക്യൂഷന്റെ വാദമാണ് നടക്കുക. കേസില്‍ യുക്തി ഭദ്രമായ അന്വേഷണമല്ല നടക്കുന്നതെന്നും പശ്ചാത്തലം മോശമായ പള്‍സര്‍ സുനിെയപ്പോലുളള പ്രതികളുടെ മൊഴികളെ മാത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പോലീസ് അറിയിക്കുന്നില്ലെന്ന് കോടതിയില്‍ പരാതിപ്പെട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരുവിവരവും ഉള്‍പ്പെടുത്തുന്നില്ല. എന്തൊക്കെ കുറ്റങ്ങളാണ് ചേര്‍ത്തിരിക്കുന്നതെന്ന് അറിയുന്നില്ല. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. മുന്‍പ് നാലുതവണയും വാദം കേട്ട കോടതികള്‍ അപേക്ഷ തള്ളുകയായിരുന്നു. ഹൈക്കോടതിയില്‍ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി എത്തുന്നത്. അതേസമയം, അടുത്തമാസം ഏഴിനകം ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *