ദിലീപ് ജയിലില്‍ തുടരും; നാലാംവട്ടവും ജാമ്യാപേക്ഷ തള്ളി

അങ്കമാലി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി വീണ്ടും തള്ളി. ആദ്യം വിചാരണക്കോടതിയായ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയും പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപിനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പത്തു വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിക്കാവുന്നതായതിനാല്‍ 60 ദിവസം പിന്നിടുമ്പോള്‍ സോപാധിക ജാമ്യത്തിനു പ്രതിക്ക് അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു പൊലീസ് ഉന്നയിച്ചതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാല്‍ 65 ദിവസങ്ങളായി റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കു സോപാധിക ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദം. കൂട്ടമാനഭംഗക്കുറ്റം ദിലീപിനെതിരെ ആരോപിക്കാനാകില്ലെന്ന വാദവും പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കോടതി അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *