താനും ദിലീപും നിരപരാധികള്‍; പോലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നു നാദിര്‍ഷ

കൊച്ചി: താനും ദിലീപും നിരപരാധികളാണെന്നു സംവിധായകന്‍ നാദിര്‍ഷ. പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമില്ല. തന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയെന്ന സുനിയുടെ മൊഴി തെറ്റാണെന്ന് പോലീസിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും നാദിര്‍ഷ അവകാശപ്പെട്ടു. ആലുവ പൊലീസ് ക്ലബില്‍ ചോദ്യംചെയ്യലിന് ഹാജരായശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം നാദിര്‍ഷ പിന്‍വലിച്ചു. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയതാണെന്ന് നാദിര്‍ഷ ആരോപിച്ചു. പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് അന്വേഷണസംഘം നാദിര്‍ഷായില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്.
ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച പൊലീസിനു മുന്നില്‍ ഹാജരായ നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു ചോദ്യം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ നാദിര്‍ഷായോട് അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. കേസിലെ പ്രധാന തൊണ്ടിയായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണു പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *