നടിയെ ആക്രമിച്ച കേസ്: അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം; നാദിര്‍ഷ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പോലീസിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ പറഞ്ഞു

ഇതിനിടെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവാന്‍ ഹൈക്കോടതി നടന്‍ നാദിര്‍ഷയോട് നിര്‍ദേശിച്ചു. വെളളിയാഴ്ച രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ മുന്‍പാകെ ഹാജരാവാനാണ് നാദിര്‍ഷയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നാദിര്‍ഷയുടെ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നാദിര്‍ഷയെ പോലീസിന് ചോദ്യംചെയ്യാമെങ്കിലും ഹൈക്കോടതി അപേക്ഷയില്‍ തീരുമാനമെടുക്കും വരെ അറസ്റ്റ് ചെയ്യുവാന്‍ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *