വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും അനുഗ്രഹീതമായി

വര്‍ഗീസ് പ്ലാമൂട്ടില്‍

ന്യൂയോര്‍ക്ക്: വൈറ്റ്‌പ്ലെയിന്‍സ് സെന്‍റ്‌മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ (99 Park Ave, White Plains, New York.) എല്ലാ വര്‍ഷവും നടത്തിവരാറുള്ള ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും 2017 സെപ്റ്റംബര്‍ 2ാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 9ാം തീയതി ശനിയാഴ്ച വരെ ഭക്ത്യാദരപുരസ്സരം നടത്തപ്പെട്ടു. സമാപന ദിനമായ സെപ്റ്റംബര്‍ 9ാം തീയതി ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, തുടര്‍ന്ന് പ്രദക്ഷിണവും നേര്‍ച്ച വിളമ്പും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ഇടവക മെത്രാപ്പോലീത്ത അഭി. സഖറിയാ മാര്‍ നിക്കോളോവോസ് വിശുദ്ധ കുര്‍ബ്ബാന മധ്യെ നടത്തിയ പ്രസംഗത്തില്‍ കഴിഞ്ഞ 23 വര്‍ഷങ്ങളായി താന്‍ ഈ ദേവാലയത്തില്‍ മുടങ്ങാതെ എട്ടു ലറപെരുന്നാളില്‍ സംബന്ധിക്കുന്നുവെന്നും ഈ ദേശത്ത് തന്‍റെ ശുശ്രൂഷ ആരംഭിച്ച് ആദ്യമായി വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ചത് ഈ ദേവാലയത്തിലാണെന്നും അതുകൊണ്ടുതന്നെ ഈ ദേവാലയവുമായി ഒരു പ്രത്യേക വ്യക്തി ബന്ധം ഉണ്ടെന്നും ആദ്യകാലങ്ങളില്‍ എട്ടുനോമ്പിന്‍റെ എല്ലാ ദിവസങ്ങളിലും ഈ ദേവാലയത്തില്‍ താമസിച്ചാണ് വിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിലുള്ള എട്ടുനോമ്പാചരിച്ചിരുന്നതെന്നും ഇപ്പോള്‍ അതിനുള്ള അവസരമില്ലെങ്കിലും ഇവിടെ വരുമ്പോള്‍ ഒരു പ്രത്യേക സംതൃപ്തി അനുഭവപ്പെടാറുണ്ടെന്നും അനുസ്മരിച്ചു. സുവിശേഷങ്ങളില്‍ വളരെക്കുറച്ചു മാത്രം പരാമര്‍ശിക്കപ്പെടുകയും എന്നാല്‍ സഭയുടെ ദൈവശാസ്ത്രത്തില്‍ നിറഞ്ഞ സാന്നിധ്യമായിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ് ദൈവമാതാവെന്ന് അഭി. തിരുമേനി പറഞ്ഞു. സഭയുടെതന്നെ പ്രതീകവുമായിട്ടാണ് ദൈവമാതാവിനെ സഭ കാണുന്നത്. മനുഷ്യനായവതരിച്ച ദൈവത്തെ പ്രസവിച്ച മാതാവെന്നതിനുപരി മനുഷ്യനു ദൈവവുമായുള്ള ബന്ധത്തിന്‍റെ പ്രതീകവും കൂടിയാണ്. ക്രിസ്തുവിനെ വഹിച്ചവളെന്ന നിലയിലും ക്രിസ്തുവിനാല്‍ നിറഞ്ഞവളെന്ന നിലയിലും മാതാവ് സഭയുടെ പ്രതീകമാണ്. ക്രിസ്തുവിനെ ലോകത്തിനു നല്‍കിയവളെന്ന നിലയിലും ആദരിക്കപ്പെടുന്ന ദൈവമാതാവിനെ പോലെ നാമും ക്രിസ്തുവിനെ വഹിക്കുന്നവരും ക്രിസ്തുവാല്‍ നിറഞ്ഞവരും ക്രിസ്തുവിനെ ലോകത്തിനു നല്‍കുന്നവരുമായിരിക്കണമെന്നുള്ള സന്ദേശമാണ് വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളാചരിക്കുന്നതിലൂടെ നാം ആര്‍ജ്ജിക്കേണ്ടത്. കേവലമൊരു ബാലിക, അഥവാ സ്ത്രീ ദൈവവുമായി എങ്ങനെ ബന്ധത്തില്‍ കഴിഞ്ഞിരുന്നവെന്നുള്ളത് നമുക്കും മാതൃകായാണ്.വ്യത്യസ്ത ഭാവങ്ങളുടെ പ്രതീകമായ മാതാവ് സഭയുടെ ഭക്തി സാഹിത്യത്തിലും ആരാധനാ സാഹിത്യത്തിലും നിറഞ്ഞിരിക്കുന്നു. ഈ സംഭവങ്ങള്‍ക്കുശേഷം രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും ഈ വ്യക്തിത്വത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നുള്ളതിന്‍റെ തെളിവാണ് കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ വ്യക്തിത്വത്തെക്കുറിച്ചു പഠിക്കുവാനും ജീവിതം മാതൃകയാക്കുവാനും പെരുന്നാളാചരിക്കുവാനും കടന്നുവരുന്നതെന്നും അഭി. തിരുമേനി അഭിപ്രായപ്പെട്ടു.

എല്ലാ അര്‍ത്ഥത്തിലും പരിപൂര്‍ണ്ണതയുള്ള ഒരു യുവതിയായി, മനുഷ്യസ്ത്രീയായി, ജീവിക്കുന്നതോടൊപ്പം ദൈവമായുള്ള ബന്ധത്തിലും വിധേയത്വത്തിലും ജീവിക്കുവാനും സാധിക്കുമെന്ന് ലോകത്തിനു കാണിച്ചു കൊടുത്തവളായിരുന്നു ദൈവമാതാവായ മറിയം. ഇതു നമുക്ക് എങ്ങനെ നമ്മുടെ ജീവിതത്തില്‍ കൊണ്ടു വരുവാന്‍ സാധിക്കുമെന്നുള്ളതാണ് നാം നേരിടുന്ന വെല്ലുവിളി. ദൈവവചനം കേട്ടു ദൈവത്തിന്‍റെ ഇഷ്ടം ആചരിക്കുന്നവരും അനുഷ്ഠിക്കുന്നവരുമാണ് തന്‍റെ മാതാവെന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ നമുക്ക് ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശമാകണം. ദൈവമാതാവ് ദുഷ്ക്കരമായ ആ വെല്ലുവിളി ജീവിതത്തില്‍ ഏറ്റെടുത്തതുപോലെ ആ തെരഞ്ഞെടുപ്പും ഉത്തരവാദിത്വവും വിളിയും സ്വീകരിച്ച്. ദൈവഹിതത്തിനു വിധേയപ്പെടുകയും അനുസരിക്കുകയും അനുരൂപരാവുകയും അതിലുണ്ടാകുന്ന കഷ്ട, നഷ്ടങ്ങള്‍ സഹിക്കുകയും അങ്ങനെ നമ്മുടെ ക്രിസ്തീയ ജീവിതം അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നതിലേക്കുള്ള പടവുകളായി വിശുദ്ധ മാതാവിന്‍റെ മദ്ധ്യസ്ഥതയും നോമ്പാചരണവും അതോടനുബന്ധിച്ചു നടക്കുന്ന മറ്റെല്ലാ പ്രവര്‍ത്തനങ്ങളും അയിത്തീരണമെന്നും അപ്പോഴാണ് വിശുദ്ധ ദൈവമാതാവിന്‍െറ പെരുന്നാള്‍ സാര്‍ത്ഥകമാകുന്നതെന്നും തിരുമേനി ഓര്‍മ്മിപ്പിച്ചു.

എട്ടു ദിവസം നീണ്ട പെരുന്നാളാചരണത്തില്‍ സംബന്ധിച്ച് വിശുദ്ധ ദൈവമാതാവിന്‍െറ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാനും ആത്മ ശരീര മനസ്സുകളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനുമായി ധാരാളം ഭക്ത ജനങ്ങള്‍ ദേവാലയത്തിലെത്തിയിരുന്നു. സഹോദര ഇടവകകളില്‍ നിന്നുള്ള ഭക്തജനങ്ങളും ഇടവകജനങ്ങളോടൊപ്പം എട്ടുനോമ്പാചരണത്തിലും വചനശുശ്രൂഷയിലും സംബന്ധിച്ച് അനുഗ്രഹീതരായി. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബ്ബാനയും വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും ക്രമീകരിച്ചിരുന്നു. ഇടവക വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍, റവ. ഫാ. ജോബ്‌സന്‍ കോട്ടപ്പുറം, റവ. ഫാ. തോമസ് പോള്‍ , റവ. ഫാ. ഡോ. നൈനാന്‍ കെ. ജോര്‍ജ്, റവ. ഫാ.ഷിബു വേണാട് മത്തായി, റവ. ഫാ. കോശി ഫിലിപ്പ്, റവ. ഫാ. സഖറിയ നൈനാന്‍ (സഖേര്‍), എന്നിവര്‍ വിശുദ്ധ കുര്‍ബ്ബാനയും വചനശുശ്രൂഷയും നിര്‍വഹിച്ചു.

വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ സെക്രട്ടറി റ്റെയ്മി തോമസ് ട്രഷറര്‍ അജി പാലപ്പിള്ളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ഇടവകജനങ്ങളും പെരുന്നാളിന്‍റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.