ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു

മസ്‌കത്ത്: ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ (57) മോചിപ്പിച്ചു. യെമനിലെ ഏദനില്‍നിന്നും 18 മാസം മുമ്പാണ് ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണു മോചനം സാധ്യമാക്കിയത്. യെമനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളില്‍ ആണെന്നുള്ളതും ഫാ.ടോമിന്റെ മോചനം നീണ്ടു പോകാന്‍ കാരണമായി.

പരിമിതികള്‍ക്കിടയിലും എന്തു വിലകൊടുത്തും ഫാദറിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.ഫാ.ടോം വത്തിക്കാനിലേക്കു പോയെന്നത് ഒമാനിലെ സുഹൃത്തു വഴി അറിഞ്ഞ വിവരമാണെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എന്നാല്‍, വത്തിക്കാനില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഫാ. ടോമിന്റെ മോചനം സ്ഥിരീകരിച്ചു. എണ്‍പതു പേര്‍ താമസിക്കുന്ന സദനത്തില്‍ 2016 മാര്‍ച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികള്‍ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകള്‍, ആറ് ഇത്യോപ്യക്കാര്‍, യെമന്‍കാരനായ പാചകക്കാരന്‍, യെമന്‍കാരായ അഞ്ചു കാവല്‍ക്കാര്‍ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിര്‍ത്തു വധിക്കുകയായിരുന്നു.

ഒരു കന്യാസ്ത്രീ സ്‌റ്റോര്‍ മുറിയിലെ കതകിനു മറവിലായതിനാല്‍ കൊലപാതകികളുടെ കയ്യില്‍പ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെടുത്തി. ഇതിനുശേഷമാണ് ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, 2014 സെപ്റ്റംബര്‍ ആറിനു മാതാവ് ത്രേസ്യക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു നാട്ടിലെത്തിയിരുന്നു.

പിന്നീടു സലേഷ്യന്‍ സഭാംഗവും ബന്ധുവുമായ ഫാ. മാത്യു ഉഴുന്നാലിലിന്റെ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനായി 2015 മാര്‍ച്ച് 22നും നാട്ടിലെത്തി. ഒരു മാസം കഴിഞ്ഞാണ് യെമനിലേക്കു മടങ്ങിയത്. തെക്കന്‍ ഏഡനില്‍ അഗതിമന്ദിരത്തിന്റെ ചുമതലയായിരുന്നു ഫാ. ടോമിന്റേത്. വടുതല ഡോണ്‍ ബോസ്‌കോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സീനിയര്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *