കാനഡയില്‍ മരിച്ച ജിം തോമസ് ജോണിയുടെ സംസ്‌കാരം ഞായറാഴ്ച

ടൊറന്റോ: കാനഡയില്‍ കാറപകടത്തില്‍ മരിച്ച ആലപ്പുഴ കുട്ടനാട് ചമ്പക്കുളം പുന്നക്കുന്നം ചേപ്പില വീട്ടില്‍ ജോണി തോമസിന്റെ മകന്‍ ജിം തോമസ് ജോണിയുടെ(30) മൃതദേഹം നാട്ടിലെത്തിച്ചു. സംസ്‌കാരം ഞായറാഴ്ച നടക്കും. നെടുമ്പാാശേരിയില്‍ എത്തിച്ച മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോയി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മൃതദേഹം പുന്നക്കുന്നത്തുശേരിയിലെ വീട്ടിലെത്തിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പുന്നക്കുന്നം സെന്റ് ജോസഫ്‌സ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും.

കാനഡയിലെ ടോബന്‍ മോറിയില്‍ കഴിഞ്ഞ 28ന് രാത്രി എട്ടിനാണ് അപകടമുണ്ടായത്. കാനഡയിലെ ഒന്റാറിയോയിലെ മിസിസാഗയിലാണ് ഭാര്യ സെലിന്‍, മൂന്നു വയസുള്ള മകള്‍ ഇവാന എന്നിവര്‍ക്കൊപ്പം ജിം താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പിക്‌നിക്കിനു പോയി മടങ്ങുന്നതിനിടെ മിസിസാഗയില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ ടോബന്‍മോറിയില്‍വച്ച് ജിം സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ജിമ്മിനെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട മറ്റേ കാറിലുണ്ടായിരുന്ന കാനഡ സ്വദേശികളായ രണ്ടുപേര്‍ മരിച്ചിരുന്നു. ജിമ്മിനൊപ്പമുണ്ടായിരുന്ന തദ്ദേശീയരായ നാലുപേര്‍ക്കു പരിക്കേറ്റു. രണ്ടേമുക്കാല്‍ വര്‍ഷമായി ഓണ്‍ ടൈം ഹ്യൂമന്‍ റിസോഴ്‌സ് എന്ന കമ്പനിയില്‍ ജിം എച്ച്ആര്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *