വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാള്‍ സോമര്‍സെറ്റ് സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ഓഗസ്റ്റ് 3ന് ഞായാറാഴ്ച

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാള്‍ വരുന്ന ഞായാറാഴ്ച രാവിലെ 10:30ന് ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് അറിയിച്ചു.

രാവിലെ 10:30ന് ലദീഞ്ഞും തുടര്‍ന്ന് ആഘോഷപൂര്‍ണ്ണമായ വിശുദ്ധ ദിവ്യബലിയും നടക്കും.

കേരള സഭയ്ക്കും സമൂഹത്തിനും അഭിമാനമായി ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മക്കു ശേഷം 1914 നവംബര്‍ 23നു ചാവറയച്ചനും, എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

കര്‍മലയുടെ പ്രാര്‍ഥനാപൈതൃകം സ്വന്തം ജീവിതത്തില്‍ ആവുന്നത്ര സ്വായത്തമാക്കി ഒരേ സമയം ദൈവോന്മുഖതയിലും, പരോന്മുഖതയിലും ജീവിച്ചു വിശുദ്ധിയുടെ ഉന്നത സോപാനത്തിലേയ്ക്കു പറന്നുയര്‍ന്ന വിനീത കന്യകയാണ് വിശുദ്ധ എവുപ്രാസ്യാമ്മ. അതുമല്ലെങ്കില്‍, സന്യാസത്തിലെ അതിഭൗതീക വാദത്തിനും അമിതമായ സങ്കീര്‍ണ്ണതകള്‍ക്കും ലാളിത്യം എന്ന സുകൃതം കൊണ്ട് ദൈവം കൊടുക്കുന്ന ഉത്തരമാണ് ” എവുപ്രാസ്യാമ്മ “.

വിശുദ്ധി നിറഞ്ഞവര്‍ ഇല്ലാതെ പോകുന്നല്ലോ എന്ന് നെടുവീര്‍പ്പെട്ട ചാവറപിതാവിന്റെ കൂനന്‍മാവിലെ (തൃശൂര്‍) സ്വപ്ന വീട്ടില്‍ ചേര്‍ന്ന റോസാ എന്ന പെണ്‍കുട്ടി ആ പിതാവിനോടൊത്തു തന്നെ ദൈവത്തെ മഹത്വപ്പെടുത്തി.

വത്തിക്കാനില്‍ നടന്ന ഒരു ഔപചാരിക ചടങ്ങില്‍, പെട്ടന്ന് അവര്‍ വിശുദ്ധരായതൊന്നുമല്ല, മറിച്ച് വിശുദ്ധര്‍ ആയി ജീവിച്ചത് കൊണ്ട് ലോകം അതിനെ അംഗീകരിച്ചു എന്ന് മാത്രം.

ദാരിദ്ര്യത്തെ ഏറെ സ്‌നേഹിച്ച എവുപ്രാസ്യാമ്മ അരികിലെത്തുന്നവരെ ഉപദേശിക്കുമായിരുന്നു. പണം കുറഞ്ഞാലും പുണ്യം കുറയരുത്. മരിച്ചാലും മറക്കില്യാട്ടോ… എന്നതായിരുന്നു എവുപ്രാസ്യാമ്മയുടെ സ്‌നേഹമസൃണമായ നന്ദിവാക്കുകളും യാത്രാമൊഴിയുമൊക്കെ. മുതിര്‍ന്നവരായാലും കുഞ്ഞുങ്ങളായാലും വാക്കുകള്‍ക്കു മാറ്റമില്ല.അനുഗ്രഹപ്പൂമഴ തൂകാന്‍ അമ്മ വിശുദ്ധ പദവിയിലേക്കെത്തുമ്പോള്‍ ആ വാക്കുകള്‍ അന്വര്‍ഥമാവുകയാണ്.

സോമര്‍സെറ്റ് ദേവാലയം വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാള്‍ കൊണ്ടാടുന്ന ഈ അവസരത്തില്‍ തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ട് വിശുദ്ധയുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് അറിയിച്ചു. തിരുനാളിന്റെ പ്രസുദേന്തി തോമസ് ആന്‍ഡ് ആനി വേങ്ങത്തടം കുടുംബാംഗങ്ങളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനിഷ് ജോസഫ്(ട്രസ്റ്റി) 2019789828, മേരിദാസന്‍ തോമസ്(ട്രസ്റ്റി) 201 9126451, ജസ്റ്റിന്‍ ജോസഫ്(ട്രസ്റ്റി) 7327626744, സാബിന്‍ മാത്യു(ട്രസ്റ്റി) 8483918461.

വിശുദ്ധ എവുപ്രാസ്യാമ്മയെ കൂടുതല്‍ അറിയാന്‍:

ചാവറ അച്ചന്‍ സ്ഥാപിച്ച കര്‍മല മഠത്തിലെ അംഗമാണ് ചാവറ അച്ചനോടൊപ്പം വിശുദ്ധയാക്കപ്പെട്ട എവുപ്രാസ്യാമ്മ. മരിക്കിന്നതിന് അഞ്ചു വര്‍ഷം മുമ്പ്1866 ലാണ് ഈ സന്യാസിനി സമൂഹത്തന് ചാവറ അച്ചന്‍ തുടക്കമിട്ടത്. ആദ്യ സന്യാസിനികളില്‍ രണ്ടുപേര്‍ വിധവകളായിരുന്നു. വൈധ്യവും തൊട്ടുകൂടായ്മയായി കരുതിയിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഇത്. മഠം ആരംഭിച്ചു 31വര്‍ഷത്തിന് ശേഷം കര്‍മലമഠത്തില്‍ അംഗമായി ചേര്‍ന്ന എവുപ്രാസ്യാമ്മ വിശുദ്ധയാക്കപ്പെടുമ്പോള്‍ ഇത്തരമൊരു അംഗീകാരം മറ്റൊരു സന്യാസ സഭക്കും അവകാശപ്പെടാനാവില്ല.

1877 ഒക്ടോബര്‍ 17ന് തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി ജനിച്ചു. 1877 ഒക്ടോബര്‍ 25 ന് എടത്തിരുത്തി ദേവാലയത്തില്‍ മാമോദീസ നല്‍കി റോസ എന്നു പേരിട്ടു.ഒമ്പതാമത്തെ വയസ്സില്‍ ദൈവത്തിനു സ്വയം സമര്‍പ്പിച്ച ജീവിതം. പന്ത്രണ്ടാമത്തെ വയസ്സില്‍ തിരു ക്കുടുംബത്തിന്‍റെ അത്ഭുത ദര്‍ശനം. അഞ്ചു ദശാബ്ദക്കാലം നീണ്ട സന്യാസ ജീവിതം.ആദ്ധ്യാല്‍മിക പ്രഭ നിറച്ചതായിരുന്നു. നിരന്തരമായ പ്രാര്‍ത്ഥനയായിരുന്നു എവുപ്രാസ്യാമ്മയുടെ ജീവിതം. പ്രാര്‍ത്ഥിക്കുന്ന അമ്മ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. സക്രാരിയുടെ മുന്നിലായിരുന്നു അവരുടെ ജീവിതം. രാത്രിയും, പകലും ജപമാലയര്‍പ്പണത്തില്‍ മുഴുകി. മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റി.

രണ്ടു കാന്‍സര്‍ രോഗികളുടെ അത്ഭുതകരമായ രോഗ ശാന്തിയാണ് എവുപ്രാസ്യാമ്മയെ വാഴ്ത്തപ്പെട്ടവളും, വിശുദ്ധയുമായി ഉയര്‍ത്താനുള്ള കാരണമായി സഭ കണ്ടെത്തിയത്.

പണത്തില്‍ കുറഞ്ഞാലും, പുണ്യത്തില്‍ കുറയരുത് എന്ന എവുപ്രാസ്യാമ്മയുടെ ആഹ്വാനം സമൂഹത്തെ സ്വാധീനിച്ചു. ലാളിത്യവും സ്‌നേഹവും നിറഞ്ഞതായിരുന്നു അമ്മയുടെ ജീവിതം.അത് കണ്ട് ധാരാളം പേര്‍ അത് സ്വന്തം ജീവിതത്തല്‍ സ്വായത്തമാക്കി.

കുടുംബങ്ങളുടെ മധ്യസ്ഥയായാണ് എവുപ്രാസ്യാമ്മ അറിയപ്പെടുന്നത്. സ്വത്തു തര്‍ക്കം, കുടുംബങ്ങള്‍ തമ്മിലുള്ള ഭിന്നത, മക്കലില്ലായ്മ്മ, വിവാഹ തടസ്സം, സാമ്പത്തിക ബാധ്യതകള്‍, രോഗങ്ങള്‍, മനോ വൈകല്യങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളുമായി അവര്‍ അമ്മയുടെ അടുത്തെത്തി സ്വാന്ത്വനം തേടി മടങ്ങി.
1963 ഓഗസ്‌റ് 29 നു ബിഷപ് മാര്‍ ജോര്‍ജ് ആലപ്പാട്ട് രോഗശാന്തിയും അദ്ഭുതപ്രവര്‍ത്തനങ്ങളും ലഭിക്കാനുള്ള പ്രാര്‍ഥന തയാറാക്കിയതോടെ എവുപ്രാസ്യാമ്മയുടെ മധ്യസ്ഥതയ്ക്കും നാമകരണ നടപടികള്‍ക്കും തുടക്കമായി. 1987 ഓഗസ്‌റ് 17 നു ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളം ഫാ. ലൂക്കോസ് വിത്തുവട്ടിക്കല്‍ സിഎംഐയെ ആദ്യ പോസ്‌റുലേറ്ററായി നിയമിച്ചു. ഒക്ടോബര്‍ 22 നു രൂപതാതല നാമകരണ കോടതി സ്ഥാപിച്ചു. മാര്‍ ജോസഫ് കുണ്ടുകുളം പ്രസിഡന്റും മോണ്‍. ജോസഫ് വിളങ്ങാടന്‍ ജഡ്ജിയും അന്നു വൈദികനായിരുന്ന ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, റവ.ഡോ. ജോസ് ഇരിമ്പന്‍ തുടങ്ങിയവര്‍ അംഗവുമായ കോടതി 1991 ജൂണ്‍ 19നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.1992 മാര്‍ച്ച് നാലിനു സിസ്റ്റര്‍ ക്‌ളിയോപാട്ര വൈസ് പോസ്‌റുലേറ്ററായി നിയമിതയായി. 1994 ഏപ്രില്‍ 20നു ദൈവദാസിയായി പ്രഖ്യാപിക്കാനുള്ള രേഖകള്‍ റോമിലേക്കു സമര്‍പ്പിച്ചു. 2002 ജൂലൈ അഞ്ചിനു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ധന്യയായി പ്രഖ്യാപിച്ചു. 2005 ഫെബ്രുവരിയില്‍ കാന്‍സര്‍ രോഗമുക്തി നേടിയതു സ്ഥിരീകരിച്ച് 2006 ഡിസംബര്‍ മൂന്നിനു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എട്ടുവര്‍ഷത്തിനകം 2014 നവംബര്‍ 23 –ന് വത്തിക്കാനില്‍ വച്ച് എവുപ്രാസ്യാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *