ഗുര്‍മീത് റാം റഹീം സിങ്ങിന് 10 വര്‍ഷം തടവ്; വിധികേട്ട് നിലവിളിയോടെ ആള്‍ദൈവം

ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് പ്രത്യേക സിബിഐ കോടതി 10 വര്‍ഷം കഠിന തടവ് വിധിച്ചു. തടവുശിക്ഷയ്ക്കു പുറമെ മൂന്നു വ്യത്യസ്ത കേസുകളിലായി 65,000 രൂപ പിഴയും വിധിച്ചു. വിധികേട്ടശേഷം വിവാദ ആള്‍ദൈവം നിലവിളിയോടെയാണ് കോടതിക്കു വെളിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേകം തയാറാക്കിയ കോടതി മുറിയില്‍വച്ചാണ് പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ പ്രസ്താവിച്ചത്. വിധി പറയാനായി ജഡ്ജിയെ ഹെലികോപ്റ്ററിലാണ് ജയിലിലെ കോടതിയിലെത്തിച്ചത്. ശിക്ഷവിധിച്ച ശേഷംജയിലേക്കു മാറ്റാനുള്ള ശ്രമം ഇയാള്‍ തടഞ്ഞു. തുടര്‍ന്നു ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് ഗുര്‍മീത് റാം റഹീം സിങ്ങിനെ ജയിലിലേക്കു മാറ്റിയത്.

അനുയായികളായ രണ്ടു യുവതികളെ 2002ല്‍ മാനഭംഗത്തിന് വിധേയരാക്കിയ കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് വിധിപറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഗുര്‍മീതിനെ കുറ്റക്കാരനായി വിധിച്ച കോടതിവിധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപം 38 പേരുടെ ജീവനെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഉത്തരേന്ത്യയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ഗുര്‍മീതിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രായം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടി മാപ്പു നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിനിടെ ഗുര്‍മീത് കരഞ്ഞ് കൈകൂപ്പി കോടതിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.