പാക്കിസ്ഥാന്റെ നടപടി സഹിക്കാനാകുന്നില്ല; ഇന്ത്യയുമായി സൗഹാര്‍ദത്തിന് ട്രംപ്

വാഷിംഗ്ടണ്‍: ഭീകര സംഘടനകള്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന പാക്കിസ്ഥാനെ അധികകാലം അമേരിക്കയ്ക്കു സഹിക്കാനാവില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ഭീകരര്‍ക്കു സുരക്ഷിതതാവളം ഒരുക്കുകയാണ് പാക്കിസ്ഥാന്‍. അധികനാള്‍ ഞങ്ങള്‍ക്കിതു സഹിക്കാനാവില്ല. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തുന്ന ഓപ്പറേഷനില്‍ ഒരുമിച്ചുനിന്നാല്‍ പാക്കിസ്ഥാനു ധാരാളം നേട്ടമുണ്ടാകും. പക്ഷേ, അവരതു ചെയ്യുന്നില്ല. ഭീകരരെ സഹായിക്കുന്ന നിലപാടാണു പാക്കിസ്ഥാന്റേത്. ദശലക്ഷക്കണക്കിനു പണം നല്‍കി ഞങ്ങള്‍ പാക്കിസ്ഥാനെ സഹായിക്കുന്നു. അവര്‍ പക്ഷേ, അമേരിക്കയെ എതിര്‍ക്കുന്ന ഭീകരരുടെ വീടായി മാറുകയാണ്. ഈ അവസ്ഥ വളരെ പെട്ടെന്നു മാറ്റേണ്ടതുണ്ട്. ജനാധിപത്യം, സമാധാനം എന്നിവയോട് അര്‍പ്പണബോധമുണ്ടെന്നു പാക്കിസ്ഥാന്‍ തെളിയിക്കേണ്ട സമയമാണിത് – ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെയും ദക്ഷിണേന്മഷ്യയിലെയും യുഎസ് സൈനികനയം വ്യക്തമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി 20 ഭീകര സംഘടനകള്‍ സജീവമാണ്. ലോകത്തിലെ ഏറ്റവും ഭീകരസാന്നിധ്യമുള്ള മേഖലയാണിത്. അയല്‍രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും ആണവശക്തികള്‍ കൂടിയാണ്. ഇതു മേഖലയിലെ സംഘര്‍ഷം രൂക്ഷമാക്കുന്നു. അഫ്ഗാനിസ്ഥാന്റെ സ്ഥിരതയ്ക്കായി ഇന്ത്യ നല്‍കുന്ന സംഭാവനകളെ അഭിനന്ദിക്കുന്നു. അഫ്ഗാന്‍ മേഖലയില്‍ ഇന്ത്യയില്‍നിന്നു അമേരിക്കയ്ക്കു കൂടുതല്‍ സഹായം ആവശ്യമാണ്. ദക്ഷിണേഷ്യയിലും ഇന്തോ-പസിഫിക് മേഖലയിലും സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.