ഒപിഎസും ഇപിഎസും ഒന്നിച്ചു; പനീര്‍സെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രി

ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഒ.പനീര്‍സെല്‍വം, എടപ്പാടി പളനിസാമി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു. ലയന ധാരണ അനുസരിച്ച് ഒ.പനീര്‍സെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപിഎസ് വിഭാഗത്തില്‍നിന്നും പാണ്ഡ്യരാജ തമിഴ്ഭാഷാ വകുപ്പുമന്ത്രിയായും സ്ഥാനമേറ്റു. ഒത്തുതീര്‍പ്പ് ഫോര്‍മുല പ്രകാരം ഒ.പനീര്‍സെല്‍വം പാര്‍ട്ടി അധ്യക്ഷനാകും ധനകാര്യവകുപ്പിന്റെ ചുമതലയും ഇനി അദ്ദേഹത്തിനാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും വി.കെ.ശശികലയെ നീക്കാന്‍ പ്രമേയം പാസാക്കാനും തീരുമാനമായി. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിച്ചു ശശികലയുടെ പുറത്താക്കല്‍ നടപടി പൂര്‍ത്തിയാക്കും.

പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നു പാര്‍ട്ടി ആസ്ഥാനത്തു ലയനം പ്രഖ്യാപിച്ചുകൊണ്ടു പനീര്‍സെല്‍വം പറഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരികെ പിടിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നു പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ പളനിസാമി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം ഫെബ്രുവരി അഞ്ചിനാണു പനീര്‍സെല്‍വം അവസാനമായി എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. ഒരുഘട്ടത്തില്‍ വഴിമുട്ടിയ ലയനചര്‍ച്ചകളാണ് നാടകീയ നീക്കങ്ങളുമായി തിങ്കളാഴ്ച വീണ്ടും സജീവമായത്.

രണ്ടുവിഭാഗങ്ങളും തമ്മില്‍ ലയിക്കണമെങ്കില്‍ ശശികലയ്ക്കും ദിനകരനുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പനീര്‍സെല്‍വത്തിന്റെ പ്രധാന ആവശ്യം. ഒടുവില്‍ പളനിസാമി പക്ഷം ഇത് അംഗീകരിക്കുകയായിരുന്നു. ഇതിനിടെ, ടി.ടി.വി.ദിനകരന്‍ വിളിച്ച യോഗത്തില്‍ 19 എംഎല്‍എമാര്‍ പരസ്യ പിന്തുണയുമായെത്തി. ഇവര്‍ പിന്തുണ പിന്‍വലിച്ചാല്‍ പളനിസാമി സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ 117 പേരുടെ പിന്തുണയാണ് വേണ്ടത്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ദിനകരനൊപ്പം പോയിരിക്കുന്ന എംഎല്‍എമാരെ ഒഴിച്ചുനിര്‍ത്തിയാല്‍ 116 പേരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. ദിനകരന്റെ കൂടയുള്ള എംഎല്‍എമാരുടെ നീക്കത്തെ ഉറ്റുനോക്കുകയാണ് തമിഴ്‌നാട് രാഷ്ട്രീയമിപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.