കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസ് (കെ.സി.എ.എച്ച്) മെമ്പര്‍മാര്‍ അങ്കലാപ്പില്‍!

തോമസ് കൂവള്ളൂര്‍

ന്യൂയോര്‍ക്ക്: കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ (കെ.സി.എ.എച്ച്) സുപ്രധാനമായ ഒരു ജനറല്‍ ബോഡി മീറ്റിംഗ് ആഗസ്റ്റ് മാസം 26-ന് ടെക്‌സാസിലെ റോയിസ് സിറ്റിയില്‍ വച്ചു നടക്കാനിരിക്കുന്ന വാര്‍ത്ത ചില മലയാള മാധ്യമങ്ങളില്‍ ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത വാര്‍ത്ത എഴുതിക്കൊടുത്ത ഈ ലേഖകന്‍ നിയമപ്രകാരം കെ.സി.എ.എച്ച്.ലെ ഒരു മെമ്പര്‍ ആണെന്നുള്ള സത്യം അറിയിച്ചുകൊള്ളട്ടെ. ഈ ലേഖകന്‍ പ്രസ്തുത പ്രസ്ഥാനത്തിലെ ഒരു മെമ്പര്‍ പോലുമല്ലെന്നും, വാര്‍ത്ത തെറ്റാണെന്നും ചില തല്‍പരക്ഷികള്‍ വിമര്‍ശനവുമായി വന്ന പശ്ചാത്തലത്തില്‍ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് അമേരിക്കയുമായി ബന്ധമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ കെ.സി.എച്ചിന്റെ സൂത്രധാരനും പ്രസിഡന്റുമായ റവ. ഗീവര്‍ഗീസ് പുത്തൂര്‍ കുടിലില്‍ കോര്‍ എപ്പിസ്‌കോപ്പയെ നേരിട്ടുവിളിച്ച് സത്യാവസ്ഥ തിരക്കിയശേഷം എഴുതിയ റിപ്പോര്‍ട്ട് ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ചതു കാണാന്‍ കഴിഞ്ഞു. പ്രസിഡന്റിന്റെ മറുപടിയില്‍ ഭൂമി ഇതേവരെ ആര്‍ക്കും കൈമാറ്റം ചെയ്തിട്ടില്ല എന്നും അത് ജനറല്‍ബോഡിയില്‍ മെമ്പര്‍മാരുടെ തീരുമാനപ്രകാരമെ ചെയ്യൂ എന്നും കണ്ടു.

ഏതായാലും വിശ്വാസികളായ മറ്റുപല ക്രിസ്ത്യാനികളെയും പോലെ വയസ്സുകാലത്ത് റിട്ടയര്‍മെന്റ് എടുത്തശേഷം ഒരു വീടു വെച്ച് കെ.സി.എ.എച്ചിന്റെ കൂട്ടായ്മയില്‍ പങ്കുചേരാന്‍ തീരുമാനിച്ച ഈ ലേഖകനും 25000 ഡോളറിന്റെ ഒരു ഷെയര്‍ വാങ്ങി. വീടുകള്‍ വയ്ക്കുന്നതിനും മുമ്പ് ഷെയറിനുണ്ടായിരുന്ന വില വീടുകള്‍ വച്ചതോടെ വര്‍ദ്ധിക്കേണ്ടതിനു പകരം പെട്ടെന്നു വന്‍തോതില്‍ താഴ്ന്നതായി കണക്കുകളില്‍ കണ്ടതോടെ പല മെമ്പര്‍മാരും കെ.സി.എ.എച്ചിനെ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങി എന്നതാണ് സത്യം. ഇത് ഒരു ഊരുക്കുടുക്കു തന്നെ ആണെന്ന് മറ്റുള്ളവരെപ്പോലെ ഞാനും കരുതിയതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

മൊത്തം 436 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നതില്‍ 406 ഏക്കര്‍ ഭൂമി ആഗസ്റ്റ് 1-ാം തീയതി ടെക്‌സാസിലെ കോളിന്‍കൗണ്ടി കോര്‍ട്ടില്‍ വച്ച് രണ്ട് പണ വ്യാപാരികള്‍ക്ക് പണം കൊടുക്കാനുണ്ടായിരുന്നതിനാല്‍ ലേലം വിളിക്കുകയും, ലേലം ഏറ്റെടുക്കുവാന്‍ ആളില്ലാത്തതിനാല്‍ പണം കൊടുത്തവര്‍ക്കു തന്നെ എല്ലാവിധ അധികാരത്തോടും കൂടി സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്തു എന്ന് ഈ ലേഖകന്‍ ഉറപ്പുവരുത്തിയ ശേഷമാണ് ഈ വാര്‍ത്ത എഴുതുന്നത്.

ഇത്രയുമായിട്ടും ചില തല്‍പരകക്ഷികള്‍ അങ്ങിനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് മെമ്പര്‍മാരെ പറഞ്ഞു ധരിപ്പിച്ച് പൊതുയോഗം നടത്താതിരിക്കാന്‍ ശ്രമിക്കുന്നതായി തോന്നിപ്പോകുന്നു. പ്രസ്തുത സ്ഥലത്ത് വീടുവച്ചു താമസമാക്കിയിട്ടുള്ളവരിലധികവും കെ.സി.എ.എച്ചിന്റെ ഡയറക്ടര്‍മാരും അതിനെ നിയന്ത്രിക്കുന്നവരുമാണ് ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നാണ് ചില മെമ്പര്‍മാര്‍ അവിടെ താമസമാക്കിയിരിക്കുന്ന ഡയറക്ടര്‍മാരെ വിളിച്ചു ചോദിച്ചപ്പോള്‍ മറുപടി കൊടുത്തത്. വാസ്തവത്തില്‍ പരസ്പര വിരുദ്ധങ്ങളായ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സാധാരണക്കാരായ മെമ്പര്‍മാരെ ആകെ അങ്കലാപ്പിലാക്കിയിരിക്കയാണ്.

അമേരിക്കയില്‍ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന വാര്‍ത്തകള്‍ സത്യസന്ധമായി വെളിച്ചത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതാണ്. അതിനു കഴിയുന്നില്ലെങ്കില്‍ അമേരിക്കന്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ആ ലേബലുമായി നടക്കുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. ഇനിയെങ്കിലും സത്യസന്ധമായി എഴുതികൊടുക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കിയ ശേഷം വാര്‍ത്തകള്‍ വളച്ചൊടിക്കാതെ ഇടാന്‍ അമേരിക്കന്‍ മലയാള മാധ്യമങ്ങള്‍ തയ്യാറാകണം എന്ന ഒരേപക്ഷ കൂടി ഈ ലേഖകനുണ്ട്. സാമാന്യജനങ്ങളുടെ ഭാഗത്തു നിന്നുമുള്ള ഒരേക്ഷയാണിത് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

ഇത്രയും വലിയൊരു പ്രസ്ഥാനത്തിന്റെ പ്രസിഡന്റോ അദ്ദേഹത്തോടൊപ്പമുള്ള ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരോ ഇതെവരെ ഭൂമി കൈമാറ്റം ചെയ്ത വിവരം ആധികാരികമായി പണം മുടക്കിയ മെമ്പര്‍മാരെ അറിയിച്ചിട്ടില്ല. ഈ സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നതിനുവേണ്ടി ചില മെമ്പര്‍മാര്‍ റോയ്‌സ് സിറ്റിയിലുള്ള കെ.സി.എ.എച്ചിന്റെ ഓഫീസില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങിനെ ഒന്നും സംഭവിച്ചിട്ടില്ലെന്നും അവര്‍ക്കൊന്നും യാതൊരു പ്രശ്‌നവുമില്ല എന്നുമാണ് ഡയറക്ടര്‍മാരിലൊരാള്‍ പറഞ്ഞത് എന്നും അറിയാന്‍ കഴിഞ്ഞു.

ഇത്രയും കാലമായിട്ടും വെറും 17 വീടുകള്‍ മാത്രമേ അതിന്റെ ഭാരവാഹികള്‍ക്ക് നിര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളൂ. വെറും 10-ല്‍ താഴെ മാത്രം വീട്ടുകാരേ അവിടെ താമസമാക്കിയിട്ടുള്ളൂ. എങ്കില്‍ പോലും വളരെയധികം പണം മുടക്കി ഒരു പള്ളി ഇതിനോടകം അവിടെ പണിതുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു എന്നുള്ളത് അതിശയകരമായി തോന്നുന്നു. വാസ്തവത്തില്‍ പള്ളി പണിയുന്നതിന് മുന്‍പ് മെമ്പര്‍മാരുടെ കൂട്ടായ്മ എങ്ങനെ വളര്‍ത്തിയെടുക്കാന്‍ കഴിയും എന്നായിരുന്നില്ലേ ചിന്തിക്കേണ്ടിയിരുന്നത്.

തുടക്കത്തില്‍ 700ലധികം വീടുകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇതിനായി അക്ഷീണം പരിശ്രമിച്ച ഡയറക്ടര്‍മാരെല്ലാം ഈ പ്രസ്ഥാനത്തില്‍ നിന്നും പോകാന്‍ കാരണമെന്നാണ് 150 മെമ്പര്‍മാര്‍ 25000 ഡോളര്‍ വച്ചു തുടക്കത്തില്‍ മുടക്കിയിട്ടുള്ളതാണെന്നോര്‍ക്കണം. അവര്‍ക്കെല്ലാം ഓരോ വീടു വയ്ക്കാനുള്ള സ്ഥലം മാറ്റിയിട്ടശേഷം വേണ്ടിയിരുന്നില്ലേ സ്ഥലം പണയപ്പെടുത്താന്‍. ആരാണിതിന് ഉത്തരവാദികള്‍.

മുന്‍കാലങ്ങളില്‍ പൊതുയോഗത്തില്‍ കോറം തികയ്ക്കാന്‍ വേണ്ടി പ്രസിഡണ്ടും ഭാരവാഹികളും മെമ്പര്‍മാരില്‍ നിന്നും പ്രോക്‌സി വാങ്ങിച്ച് കാര്യങ്ങള്‍ നടത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒരു ശ്രമം നടക്കുന്നില്. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ പണം മുടക്കിയിട്ടുള്ള മെമ്പര്‍മാരാണ് മുമ്പോട്ടു വരേണ്ടത്. ഈ ലേഖകനോടൊപ്പം ഏതാനും ചില മെമ്പര്‍മാര്‍ താല്പര്യമുള്ള മെമ്പര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായി ഇമെയിലോ സെല്‍ഫോണ്‍ പോലും ഇല്ലാത്ത 75 വയസിനു മേല്‍ പ്രായമുള്ളവരാണ് പല മെമ്പര്‍മാരും എന്നോര്‍ക്കണം. അവരില്‍ ചിലര്‍ മക്കളെയും, മക്കളുടെ മക്കളെയും ആശ്രയിച്ചു കഴിയുന്നു. അങ്ങനെയുള്ള ചിലരുടെ കുടുംബാംഗങ്ങല്‍ തങ്ങളുടെ കാരണവന്മാര്‍ മുടക്കിയത് പോകട്ടെ എന്ന ചിന്താഗതിക്കാരുമാണ് എന്നും കാണാന്‍ കഴിയുന്നു.

പണം മുടക്കിയത് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന വിധവകളും നിരാശ്രയരുമായ ചില മെമ്പര്‍മാര്‍ ഇതിനോടകം ഈ ലേഖകനുമായി ബന്ധപ്പെട്ട് സാധിക്കുമെങ്കില്‍ തങ്ങള്‍ക്കുവേണ്ടി ശ്രമിക്കണമെന്ന് അപേക്ഷിക്കുകയും തങ്ങളുടെ പ്രോക്‌സി പൂരിപ്പിച്ചു തരികയും ചെയ്തിട്ടുണ്ട്. പ്രശ്‌നത്തിന് ഒരു അന്തിമതീരുമാനം ഉണ്ടാകണമെങ്കില്‍ മെമ്പര്‍മാരുടെ സഹകരം കൂടിയേ തീരൂ.

ഇത്രയും സ്ഥലമുണ്ടായിട്ടും എല്ലാ മെമ്പര്‍മാര്‍ക്കും ഓരോ വീടു വയ്ക്കുന്നതിനുള്ള സ്ഥലം പ്രസിഡന്റും, ഭരണാധികാരികളും മാറ്റിയിടാതെ വെറും 20-ല്‍ താഴെ മെമ്പര്‍മാര്‍ക്കു മാത്രമായി കൊടുത്തു എന്നും അറിയാന്‍ കഴിയുന്നു. ചില മെമ്പര്‍മാര്‍ക്ക് ഒന്നിലധികം ലോട്ടുകള്‍ അവരുടെ സ്വന്തം പേരില്‍ എഴുതിക്കൊടുത്തു എന്നും അറിയുന്നു.

ഈ സാഹചര്യത്തില്‍ പണം മുടക്കിയിട്ടുള്ള എല്ലാ മെമ്പര്‍മാര്‍ക്കും വീടു വയ്ക്കാനുള്ള ഒരു ലോട്ട് അതിനുവേണ്ടി മാറ്റിയിട്ടിരുന്ന ഫെയ്സ്സ് നമ്പര്‍-1-ല്‍ത്തന്നെ കൊടുക്കുക. അതിനു കഴിയാത്തപക്ഷം വാങ്ങിയ പണം പലിശ കൊടുത്തില്ലെങ്കില്‍ കൂടി മെമ്പര്‍മാര്‍ക്ക് തിരികെ കൊടുക്കുക. അങ്ങിനെ ക്രിസ്തീയ ചൈതന്യത്തില്‍ ഇതുമായി ബന്ധപ്പെട്ടവരുടെയെല്ലാം സല്‍പേരുകള്‍ക്ക് കളങ്കം വരാത്തവിധത്തില്‍ കാര്യങ്ങള്‍ പര്യവസാനിപ്പിക്കുക. ഇത്രമാത്രമേ ഈ ലേഖകന്‍ ഉള്‍പ്പെട്ട ടീം പൊതുയോഗത്തില്‍ ആവശ്യപ്പെടുന്നുള്ളൂ. ഞങ്ങളോടു സഹകരിക്കാന്‍ താല്പര്യമുള്ള മെമ്പര്‍മാര്‍ എത്രയും വേഗം താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

തോമസ് കൂവള്ളൂര്‍ : 9144-409-5772

ജോര്‍ജ്ജ് നെടുവേലില്‍ : 954-530-8376

മാത്യു പി. ജേക്കബ് : 973-714-6356

വാര്‍ത്ത അയയ്ക്കുന്നത് : തോമസ് കൂവള്ളൂര്‍

PS : ഈ വാര്‍ത്തയുടെ സ്ഥിരീകരണത്തിന് ലേഖകനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *