രാജ്യത്ത് എല്ലാവരും തുല്യര്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവരും തുല്യരാണെന്നു പ്രധാനമന്ത്രി നദേന്ദ്രമോദി. പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് രാജ്യത്തെ കൊണ്ടുപോകേണ്ടതുണ്ട് .രാജ്യത്ത് ആരും വലുതോ ചെറുതോ അല്ല. നമുക്കൊരുമിച്ച് രാജ്യത്തിന് പുതിയ ഊര്‍ജം പകരാമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തോടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം വളരെയേറെ പ്രാധാന്യം നിറഞ്ഞതാണ്. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 ാം വാര്‍ഷികമാണ് ഇത്. ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ 100ാം വാര്‍ഷികവും, ബാലഗംഗാധര തിലകന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനായി ഗണേശോത്സവം സംഘടിപ്പിച്ചതിന്റെ 125ാം വാര്‍ഷികവും ഇന്നാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഗ്യാസ് സബ്‌സിഡി, സ്വഛ് ഭാരത്, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നീക്കങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചു. സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നമ്മുടെ നിരപരാധികളായ കുട്ടികള്‍ ഗോരഖ്പുര്‍ ആശുപത്രിയില്‍ മരണത്തിന് വിധേയരായി എന്നും രാജ്യത്തെ ജനങ്ങള്‍ ഗോരഖ്പുര്‍ ദുരന്തത്തിന്റെ ഇരകള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നൂറ്റാണ്ടില്‍ ജനിച്ചവര്‍ 2018 ല്‍ രാജ്യത്തിന്റെ ഭാഗ്യവിധാതാക്കന്‍മാരായിമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദാസീനമനോഭാവം വേണ്ടെന്ന് വെക്കണം. രാജ്യത്തിന്റെ പുരോഗതിയെ അത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *