പ്രവാസി വോട്ട്: രജിസ്റ്റര്‍ ചെയ്തവരില്‍ മുന്നില്‍ മലയാളികളും

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്ന വെബ്‌സൈറ്റില്‍ ഇതുവരെ 24,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 98 ശതമാനവും കേരളീയരാണ്. ഇന്ത്യയില്‍ വോട്ടവകാശമുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുണ്ടെങ്കിലും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍ മാത്രമാണ്. ഇതില്‍ 23,556 പേരും മലയാളികളാണ്. 364 പേര്‍ പഞ്ചാബില്‍ നിന്നും 14 പേര്‍ ഗുജറാത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പൗരത്വമുളള മറ്റൊരു രാജ്യത്തും പൗരത്വമില്ലാത്തവര്‍ക്കാണ് പ്രവാസി വോട്ടിന് അര്‍ഹതയുള്ളത്. തങ്ങളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കി വേണം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍. വിസ സംബന്ധിച്ച വിവരങ്ങളും ചേര്‍ക്കേണ്ടതുണ്ട്.

പ്രവാസി ഇന്ത്യക്കാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം നല്‍കിയത്. വോട്ട് ചെയ്യാന്‍ താത്പര്യമുള്ളവരെ കണ്ടെത്താനായി പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

http://www.nvsp.in/Forms/Forms/form6A ഈ ലിങ്കില്‍ കയറി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. നാട്ടില്‍ ചുമതലപ്പെടുത്തുന്ന ആളെ കൊണ്ട് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഈ മാസം തീരുമാനിച്ചിരുന്നു. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ സൈനികരെ പോലെ പ്രവാസികള്‍ക്കും വിശ്വസ്തരെ ഉപയോഗിച്ച് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *