മാര്‍ ജേക്കബ് അങ്ങാടിയത്ത് സെന്റ് ജൂഡ് മിഷന്‍ സന്ദര്‍ശിച്ചു

ജോര്‍ജുകുട്ടി പുല്ലാപ്പള്ളി

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്‍ ബര്‍ണാഡിനോ കൗണ്ടിയിലുള്ള ഗ്രാന്റ് ടെറസിലെ സെന്റ് ജൂഡ് മിഷനില്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് സന്ദര്‍ശിച്ച് ദിവ്യബലി അര്‍പ്പിച്ചു.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴലുള്ള നാല്‍പ്പതാമത്തെ മിഷനാണിത്. എസ്.വി.ഡി സഭയുടെ അമേരിക്കയിലെ വെസ്റ്റേണ്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. സോണി സെബാസ്റ്റ്യന്‍ ആണ് മിഷന്‍ ഡയറക്ടര്‍.

ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി, സാന്റാ അന്ന ഫൊറോന വികാരി റവ.ഫാ. ജയിംസ് നിരപ്പേല്‍, ഫാ. ബിജു മണ്ഡപം എസ്.വി.ഡി, ഫാ. ജേക്കബ് വെട്ടത്ത് എം.എസ് എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു.

സെന്റ് ജൂഡ് മിഷന്‍ രൂപീകരണത്തിനുശേഷം ആദ്യമായി എത്തിയ അഭിവന്ദ്യ പിതാവിനെ സഭാംഗങ്ങള്‍ ഒത്തുചേര്‍ന്നു സ്‌നേഹോഷ്മളമായി സ്വീകരിച്ചു. കൈക്കാരന്‍ ബെന്നി മറ്റപ്പള്ളില്‍ പൂച്ചെണ്ട് നല്‍കി. ഫാ. ബിജു മണ്ഡപം സ്വാഗതം പറഞ്ഞു. കൈക്കാരന്‍ ബൈജു വിതയത്തില്‍ നന്ദി പറഞ്ഞു.

വി. കുര്‍ബാനയ്ക്കുശേഷം അഭിവന്ദ്യ പിതാവ് മിഷന്‍ സമൂഹവുമായി ആശയവിനിമയം നടത്തി. സീറോ മലബാര്‍ സഭയുടെ പൈതൃകത്തെ കുറിച്ചും, സഭയുടെ അമേരിക്കയിലെ സാന്നിധ്യത്തെപ്പറ്റിയും വിശദമായി സംസാരിച്ചു. മിഷന്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും പിതാവ് മറുപടി നല്‍കി.

ദൈവത്തോടും സഭയോടും ഒത്തുചേര്‍ന്നു സ്‌നേഹിക്കുന്ന ഒരു പുതിയ സമൂഹമായി സെന്റ് ജൂഡ് മിഷന്‍ ആയിത്തീരട്ടെ എന്നും സാന്‍ ബര്‍ണാഡിനോയിലുള്ള സീറോ മലബാര്‍ കുടുംബാംഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു ഇടവകയായി വളരട്ടെ എന്നും പിതാവ് ആശംസിച്ചു.

സജി -രശ്മി കപ്പാട്ടില്‍ ദമ്പതിമാരുടെ വിവാഹവാര്‍ഷികത്തിന്റേയും, ബൈജു വിതയത്തിലിന്റെ പിറന്നാളിനും പിതാവ് പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളെ ആശീര്‍വദിക്കുകയും ചെയ്തു.

സെന്റ് ജൂഡ് മിഷന് ആത്മീയ നേതൃത്വം നല്‍കുന്ന സോണി അച്ചനെ പ്രത്യേകം അഭിനന്ദിച്ചു. സജി കപ്പാട്ടില്‍, ബിനു ജോസഫ്, മിനി ബൈജു, റീത്ത ബിനു, ലാലി ബെന്നി, രശ്മി സജി എന്നിവര്‍ അഭിവന്ദ്യ പിതാവിന്റെ സന്ദര്‍ശനം വിജയപ്രദമാക്കുവാന്‍ നേതൃത്വം നല്‍കി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.