സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (SAMA) നിലവില്‍ വന്നു

അനില്‍ കുമാര്‍

സ്റ്റാഫോര്‍ഡ്: ഹൂസ്റ്റണ്‍ സിറ്റിയില്‍ നിന്ന് 20 മൈല്‍ മാത്രം ദൂരമുള്ള സ്റ്റാഫോര്‍ഡിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ ഒത്തുകൂടി ‘സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍’ (സാമ) രൂപീകരിച്ചു.

ആഗസ്റ്റ് 6ാം തീയ്യതി ഞായറാഴ്ച സ്റ്റാഫോര്‍ഡിലെ ‘ദേശി’ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ കൂടിയ കൂട്ടായ്മയില്‍ 48 പേര്‍ പങ്കെടുത്തു.

സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത ശ്രീ ജി ജി ഓലിക്കന്‍, സെക്രട്ടറി ജോജി എന്നിവര്‍ ഇത്തരം ഒരു സംഘടന രൂപീകരിക്കേണ്ടി വന്നതിനെ കുറിച്ച് വിശദീകരിച്ചു. അടുത്തിടെ സ്റ്റാഫോര്‍ഡിലെ ചില ഹോം ഓണേഴ്‌സ് അസോസിയേഷനുകള്‍ നടപ്പാക്കാന്‍ ശ്രമിച്ച ബുദ്ധി ശൂന്യമായ തീരുമാനങ്ങളെ കൂട്ടായി എതിര്‍ത്തു തോല്‍പിക്കാന്‍ പറ്റിയ കൂട്ടായ്മ സംഘടനയായി വളരുകയായിരുന്നു.

വര്‍ഷങ്ങളായി സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാനും പ്രോ ടേം മേയറുമായ ശ്രീ കെന്‍ മാത്യു യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു. അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായി താമസിക്കാന്‍ പറ്റുന്ന സിറ്റികളില്‍ 10ാം സ്ഥാനമുള്ള സ്റ്റാഫോര്‍ഡില്‍ മലയാളി കൂട്ടായ്മ സംഘടിപ്പിച്ചവരെ അദ്ദേഹം അനുമോദിച്ചു.

സ്റ്റാഫോര്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് അദ്ദേഹം സ്റ്റാഫോര്‍ഡ് സ്കൂളിന്റെ ഉയര്‍ച്ചയെയും സൂചിപ്പിച്ചു. സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അദ്ദേഹം മലയാളികളെ ക്ഷണിച്ചു

തുടര്‍ന്ന് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുള നടത്തിയ ആശംസാ പ്രസഗത്തില്‍ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ മലയാളി അസോസിയേഷനിലുള്ള അംഗത്വം തുടരണമെന്നും അഭ്യര്‍ത്ഥിച്ചു. ശ്രീ ഏബ്രഹാം പുഞ്ചത്തലയ്ക്കല്‍ ആശംസാ പ്രസംഗം നടത്തി.

അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുത്തുകയും കൂട്ടായ്മയായി സൗഹൃദം ആഘോഷിക്കുന്നതിനൊപ്പം സഹായം ആവശ്യമുള്ളവര്‍ക്കായി ഹെല്‍പ്പ്ഫുള്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചു.

സാമയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഓണാഘോഷം നടത്താനും അംഗങ്ങള്‍ തീരുമാനിച്ചു.

ട്രഷറര്‍ ജിജി പുഞ്ചത്തലയ്ക്കല്‍ സ്വാഗതവും എബി ഈശോ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.