മാധ്യമപ്രവര്‍ത്തകരെ ആട്ടിയോടിച്ച് പിണറായി; മാധ്യമങ്ങളെ വിളിച്ചില്ലെന്നു വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച നടന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല.

ചര്‍ച്ചയില്‍ പങ്കെടുക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഒ രാജഗോപാല്‍ എംഎല്‍എ  എന്നിവരായിരുന്നു ആദ്യമെത്തിയത്. ഇവരെത്തി 10 മിനിറ്റ് കഴിഞ്ഞപ്പോളാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തിയത്. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നേതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കടത്തിവിട്ടതിന് മാനേജരോട് കയര്‍ത്തു. പിന്നീട്, മുറിയുടെ മുന്നിലെത്തിയ പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്തിറങ്ങി. ഇതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളില്‍ പ്രവേശിച്ചത്. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് ഇതേക്കുറിച്ചു ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല. പിന്നീട് പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍, യോഗത്തിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.