ആധാര്‍ എംബസി, കോണ്‍സുലേറ്റ് വഴി ലഭ്യമാക്കണം: തോമസ് ടി ഉമ്മന്‍

മൊയ്തീന്‍ പുത്തന്‍ചിറ

ആധാര്‍ കാര്‍ഡ് ഇന്ത്യയിലെ ഔദ്യോഗിക രേഖയായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും അടിസ്ഥാന തിരച്ചറിയില്‍ രേഖ എന്ന നിലയിലേക്ക് ആധാര്‍ മാറിക്കഴിഞ്ഞു. ആദായ നികുതി അടക്കുന്നതിലും ആധാര്‍ നിര്‍ബന്ധ ഘടകമായി നിശ്ചയിച്ചിരിക്കുകയാണ്. ഇതിനായി പാന്‍കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം.
പ്രവാസികള്‍ക്കും ഈ നിയമം ബാധകമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പുകളും റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചു കഴിഞ്ഞു.

ബാങ്ക് അക്കൗണ്ടുകള്‍, സ്വത്തുക്കള്‍, വസ്തുവകകള്‍ മുതലായവയുടെ ക്രയവിക്രയങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന നിയമം വന്നതുകൊണ്ട് അനേകം പ്രവാസികള്‍ ആശങ്കയിലാണ്. ആധാര്‍ പാന്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 30 ആയിരുന്നു. ജൂലൈ ഒന്നു മുതല്‍ നിയമം പ്രാബല്യത്തിലുമായി. ഇതിനായി ഓണ്‍ലൈന്‍, എസ്എംഎസ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ആധാര്‍ കാര്‍ഡിനും പാന്‍ കാര്‍ഡിനും എക്‌സ്പയറി ഡേറ്റ് ഇല്ലെങ്കിലും രണ്ടും പരസ്പരം ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ എക്‌സ്പയറി ആകുകയും ചെയ്യും.

വിദേശത്തുള്ള പ്രവാസികളില്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ അതിനുവേണ്ടി മാത്രം നാട്ടിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആധാര്‍ എടുക്കുവാനുള്ള മാനദണ്ഡങ്ങള്‍ക്കും അപ്പുറത്താണ് പ്രവാസികളേറെയും. പാന്‍ കാര്‍ഡും ആധാറും ഉള്ളവര്‍ അവ ഓണ്‍ലൈനിലൂടെ ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഈ സാഹചര്യത്തില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുവാനുള്ള അര്‍ഹത വ്യക്തമാക്കുകയും, അതോടൊപ്പം വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളിലൂടെ അവ ലഭ്യമാക്കുവാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളം) ചെയര്‍മാനും ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനുമായ തോമസ് റ്റി ഉമ്മന്‍ ബന്ധപ്പെട്ട അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *