പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു

ഇസ്‌ലാമാബാദ്: പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയിതിന്റെ തൊട്ടുപിന്നാലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു. ഷെരീഫിന്റെ പിന്‍ഗാമിയായി ആര് പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണറും ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് പ്രധാനമന്ത്രി പദത്തിലെത്തിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍ എന്‍) നെ സ്പീക്കര്‍ ചുമതലപ്പെടുത്തിയേക്കും. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളും അവകാശവാദം ഉന്നയിച്ച് രംഗത്തെത്താനിടയുണ്ട്. 2018 ലാണ് അടുത്ത തെരഞ്ഞെടുപ്പ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പി.എം.എല്‍ എന്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച പ്രസ്താവന ഉടന്‍ പുറത്തിറക്കിയേക്കുമെന്നാണ് സൂചന.

തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഷെരീഫ് കുറ്റക്കാരനാണെന്നുകണ്ടെത്തിയതിനെത്തുടര്‍ന്ന് പാകിസ്താന്‍ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവന്നേക്കും. സൈനികനേതൃത്വം ഈ അവസരം ഉപയോഗപ്പെടുത്തി സ്വാധീനം ഉറപ്പിക്കുമോ എന്ന ആശങ്കയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *