ഇവാഞ്ചലിക്കൽ പാസ്റ്റേഴ്സ് ഓവൽ ഓഫിസിൽ ട്രംപിനുവേണ്ടി പ്രത്യേക പ്രാർഥന നടത്തി

പി.പി.ചെറിയാൻ

വാഷിങ്ടൻ ഡിസി : അമേരിക്കയെ ശരിയായ ദിശയിൽ നയിക്കുന്നതിനും പൗരന്മാരുടെ സംരക്ഷണത്തിനും ആവശ്യമായ അമാനുഷിക ദൈവീക ജ്ഞാനം ലഭിക്കുന്നതിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിചേർന്ന ഇവാഞ്ചലിക്കൽ പാസ്റ്റേഴ്സ് ഓവൽ ഓഫിസിൽ ട്രംപിനുവേണ്ടി പ്രത്യേക പ്രാർഥന നടത്തി.

കണ്ണുകളടച്ചു നമ്രശിരസ്കനായി, ധ്യാന നിരതനായി നിന്നിരുന്ന പ്രസിഡന്റ് ട്രംപിന്റെ തലയിലും ശരീരത്തിലും കൈകൾ വച്ച് പ്രാർഥിക്കുന്നതിന്റെ ചിത്രം ഇവാഞ്ചലിക്കൽ പാസ്റ്റർ റോഡ്നി ഹവാർഡ് ബ്രൗണിയാണു പുറത്തുവിട്ടത്. അമേരിക്കയിൽ ആത്മീക ഉണർവ്വ് ലഭിക്കുന്നതിന് ഈ പ്രാർഥന പ്രയോജന പ്പെടുമെന്ന് പാസ്റ്റർ പോള വൈറ്റ്  പ്രത്യാശ പ്രകടിപ്പിച്ചു.

ടെക്സസ് പ്ലാനോ പ്രിസ്റ്റൻവുഡ് ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ ജാക്ക് ഗ്രഹാം, മുൻ റിപ്പബ്ലിക്കൻ മിനിസോട്ട കോൺഗ്രസ് പ്രതിനിധി മിഷൽ ബാച്ച്മാൻ, ലിബർട്ടി യൂണിവേഴ്സിറ്റി (വെർജിനിയ) വൈസ് പ്രസിഡന്റ് ജോണി മൂർ, അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തുടങ്ങിയവർ പ്രാർഥനയിൽ  പങ്കെടുത്തു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈറ്റ് ഇവാഞ്ചലിക്കൽ വിഭാഗ ത്തിന്റെ 81 ശതമാനം വോട്ടുകളാണ് ട്രംപിനു ലഭിച്ചതെന്നു കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. മുൻപു വൈറ്റ്ഹൗസിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പരിഗണനയാണ് ഇപ്പോൾ റീലിജിയസ് ഫ്രീഡത്തിന് വൈറ്റ്ഹൗസിൽ ലഭിച്ചിരിക്കുന്നതെന്ന് പാസ്റ്റർമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *