ദിലീപ് വീണ്ടും ജയിലില്‍; പോലീസിനെക്കുറിച്ച് പരാതിയില്ലെന്നുചിരിച്ചുകൊണ്ടു മറുപടി

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും ജയിലില്‍. ഈ മാസം 25 വരെ നടന്‍ റിമാന്‍ഡില്‍ തുടരും. ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ദിലീപിന്റെമേല്‍ ചുമത്തിയിരിക്കുന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. പോലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ നടനെ വീണ്ടും ആലുവ സബ് ജയിലിലേക്കു മാറ്റി.അറസ്റ്റിനെ തുടര്‍ന്ന് ഒരു ദിവസം ദിലീപ് ആലുവ സബ് ജയിലില്‍ കിടന്നിരുന്നു. പിന്നീട്, പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു അദ്ദേഹം. അതേസമയം, പോലീസിനെതിരെ പരാതിയുണ്ടോ എന്നു ചോദിച്ചപ്പോള്‍, ചിരിച്ചുകൊണ്ട് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ജാമ്യത്തിനായി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെയോ മേല്‍കോടതിയെയോ ദിലീപിന് സമീപിക്കാം. അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

ദിലീപിനെതിരെയുള്ളത് ഒരു കൊടുംകുറ്റവാളിയുടെ മൊഴി മാത്രമാണെന്നു പ്രതിഭാഗം വാദിച്ചു. അതു വിശ്വസിച്ചാണു പോലീസ് മുന്നോട്ടുപോകുന്നത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പൂര്‍ണമായും കളവാണെന്നും പ്രതിഭാഗം ആരോപിച്ചു.

സമൂഹമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ സ്വാധീനം തെളിയിക്കുന്ന പ്രചാരണമാണിതെന്നും പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം, രണ്ടു ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് ഇവ നല്‍കിയത്. ദിലീപ് ഉപയോഗിച്ച ഫോണുകളാണിവ. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്ന പശ്ചാത്തലത്തിലാണ് ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും അഭിഭാഷകന്‍ അറിയിച്ചു. പോലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *