ജീവിതത്തില്‍ എങ്ങനെ വിജയിക്കാം

ബുദ്ധിമാന്മാര്‍ നിരന്തരമായ പരിശ്രമം കൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് ആഹ്ലാദപൂര്‍വ്വം ജീവിതം നയിക്കുന്നു. വിഡ്ഢികളാകട്ടെ വിധിയെ പഴിച്ച് മറ്റുള്ളവരെ കുറ്റം പറഞ്ഞ് നിരാശയുടെ കയ്പുനീര്‍ കുടിച്ച് ജീവിതം പാഴാക്കുന്നു. നമുക്കെല്ലാം സുന്ദരസ്വപ്‌നങ്ങളുണ്ട്. സ്വപ്‌നനിര്‍ഭരമായ ഒരു പ്രപഞ്ചത്തിലെ ബിന്ദുക്കളാണ് നാമെല്ലാം. എന്നാല്‍ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യങ്ങളുടെ തലത്തിലേക്കു വളര്‍ത്തിയെടുക്കുവാന്‍ മഹാപ്രയത്‌നങ്ങളുടെ ഒരു പരമ്പര തന്നെ വേണ്ടി വരും; സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള ഈ മഹായദ്‌നങ്ങളാണ് നമ്മുടെയെല്ലാം ജീവിതത്തിന് ഒരു അര്‍ത്ഥപൂര്‍ണതയും ഗുണമേന്മയും പ്രദാനം ചെയ്യുന്നത്. മനസ്സിന്റെ ചെപ്പിനുള്ളിലുള്ള മോഹങ്ങളുടെ സാക്ഷാത്ക്കാരത്തിനുവേണ്ടി നാം നടത്തുന്ന യത്‌നങ്ങളാണ് നമ്മുടെ ജീവിതത്തിലെ ഭാഗധേയങ്ങള്‍ നിര്‍ണയിക്കുന്നത്. സ്വപ്‌നങ്ങളുടെ വിത്തെറിഞ്ഞശേഷം അധ്വാനത്തിന്റെ വെള്ളവും വളവും നല്‍കിയില്ലെങ്കില്‍ നമ്മുടെ കിനാക്കള്‍ കരിഞ്ഞുഉണങ്ങുകയേയുള്ളൂ. പരാജയപരമ്പരകളുടെ കയ്പുനീര്‍ കുടിക്കാനേ തനിക്കു വിധിയുള്ളൂ എന്നു സമാധാനിച്ചു വിധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതു കൊണ്ടുമായില്ല. നിങ്ങളുടെ കര്‍മ പദ്ധതി യുക്ത്യധിഷ്ഠിതവും നിങ്ങളുടെ മനസ്സ് നിശ്ചയദാര്‍ഢ്യം നിറഞ്ഞതുമാണെങ്കില്‍ നിങ്ങളുടെ മാര്‍ഗം പ്രകാശപൂരിതമായിരിക്കും. തെറ്റുകളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അവ തിരുത്തി വിജയക്കുതിപ്പു നടത്തുക.
ജീവിതത്തെ ഒരിക്കലും ഒരു ഒളിച്ചോട്ടമാക്കരുത്. അധ്വാനത്തിന് ഒരു അജയ്യതയുമുണ്ടെന്ന് ഓര്‍ക്കുക. ഇടയ്ക്ക് പരാജയങ്ങള്‍ നമ്മെ തളര്‍ത്തിയെന്നു വരാം. പക്ഷേ തോല്‍വികളില്‍ കൂസാതെ തോല്‍വിയെ വിജയമാക്കി മാറ്റിമറിക്കുകയാണ് വേണ്ടത്. ഇവിടെയാണ് മനസ്സിന്റെ ചൈതന്യധന്യതയുടെ ഘടകം അന്തര്‍ലീനമായിരിക്കുന്നത്. നിശ്ചയദാര്‍ഢ്യത്തിന്റേയും ശുഭാപ്തിവിശ്വാസത്തിന്റേയും ഘടകങ്ങളുടെ അനിവാര്യതയും ഇവിടെയാണ് അന്തര്‍ഭവിച്ചിരിക്കുന്നത്. ആനന്ദഭരിതമായ മനസ്സുള്ള മനുഷ്യന്‍ എന്നും അജയ്യനായിരിക്കും. മനുഷ്യബന്ധങ്ങളിലെ പാരസ്പര്യബോധം വിജയത്തിലേക്കുള്ള വഴികാട്ടിയാണ്.
നിങ്ങളുടെ സ്വപ്‌നതുല്യലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആദ്യത്തെ പടിയായി ഈ ലക്ഷ്യങ്ങളെ കടലാസില്‍ കുറിച്ചിടുക. ഇതു വഴി നാം അദൃശ്യമായ ലക്ഷ്യത്തെ ദൃശ്യതയിലേക്ക് കൊണ്ടുവരികയാണ്, സ്വപ്നത്തെ യാഥാര്‍ഥ്യത്തിലേക്കും. ഓരോ ലക്ഷ്യത്തിനും അവ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള സമയപരിധികൂടി എഴുതുക. ആ സമയപരിധിക്കകത്തുതന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കണമെന്നതല്ല പ്രധാനം, ഒരു സമയപരിധി കൊടുക്കുമ്പോള്‍, നിങ്ങളുടെ ബോധമനസ്സിലും അബോധമനസ്സിലും അത്. യാഥാര്‍ഥ്യമാകും എന്ന ഒരു മനോധൈര്യം നല്‍കുകയാണ് ഇതുവഴി ചെയ്യുന്നത്. ഒരു ലക്ഷ്യം കരുപ്പിടിപ്പിക്കുമ്പോള്‍ ആ ലക്ഷ്യം നമ്മുടെ അന്തരംഗത്തെ പ്രചോദനം കൊള്ളിക്കുന്നതും നമ്മുടെ ശക്തി ചൈതന്യങ്ങളുടെ കെട്ടഴിച്ചു വിടുന്നതുമായിരിക്കണം എന്നതാണ് പരമപ്രധാനമായ കാര്യം. ഓരോ പ്രാവശ്യവും ലക്ഷ്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ നിങ്ങളുടെ നാഡീവ്യൂഹം നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ആവേശവും, ആത്മീയാനന്ദവും ഊര്‍ജ്ജവും, ശക്തിയും നല്‍കും. ലക്ഷ്യമാണ് നമ്മുടെ മാര്‍ഗം.
ലക്ഷ്യങ്ങള്‍ ഒന്നൊന്നായി സാക്ഷാത്കരിക്കപ്പെടുമ്പോഴാണ് നിങ്ങളുടെ ജീവിതം പുതിയ അര്‍ഥതലങ്ങളിലേക്ക് ഉയരുന്നതും നിങ്ങളിലെ ആത്മവിശ്വാസം കൂടുതല്‍ ഉയരങ്ങളിലേക്കു പറന്നെത്താനുള്ള ചിറകുകള്‍ സ്വന്തമാക്കുന്നതും.
ജീവിതവിജയത്തിനുള്ള ഒരു സൂത്രവാക്യം – കര്‍മപദ്ധതിയാണ്. കര്‍മപദ്ധതി അനുസരിച്ച് ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങള്‍, അതെത്ര കൊച്ചുകാര്യമായാലും അന്നന്നുതന്നെ ചെയ്തു തീര്‍ക്കുക. ഇന്നു ചെയ്യാനുള്ള ചെറിയ കാര്യം കൂടി നാളെ നടത്തിയെടുക്കാനുള്ള വലിയ കാര്യത്തോടൊപ്പം ചെയ്തുതീര്‍ക്കാം എന്ന അലംഭാവത്തോടെയുള്ള മാറ്റിവയ്ക്കല്‍ ഒഴിവാക്കുക, ഇത് വളരെ അനിവാര്യമായ കാര്യമാണ്. ലക്ഷ്യം നേടുന്നതിന് വേണ്ടിയുള്ള കര്‍മത്തെക്കുറിച്ച് അതെത്ര ചെറുതാണെങ്കില്‍ പോലും – ഓരോ ദിവസവും ഗൗരവമായ വിലയിരുത്തല്‍ നടത്താന്‍ സമയം കണ്ടെത്തുക. ലക്ഷ്യപ്രാപ്തിക്കുവേണ്ടി ദിനംതോറും നാം കൊയ്ത നേട്ടങ്ങളെക്കുറിച്ച് ഓര്‍ത്ത് നാം ദിവസവം രണ്ടു തവണയെങ്കിലും ആഹ്ലാദചിത്തരാവുക. നമ്മുടെ ലക്ഷ്യപ്രാപ്തിക്കുള്ള യജ്ഞത്തിന്റെ ഭാഗമായി നമുക്കുചുറ്റും മാതൃകാ വ്യക്തിത്വങ്ങളുടേയും നമ്മെ നയിക്കാനും സഹിക്കാനും കഴിയുന്നവരുടെയും ഒരു വലയം തന്നെ സൃഷ്ടിച്ചെടുക്കുക. ഇത്തരമൊരു വലയം നിങ്ങളുടെ വിജയപ്രാപ്തിക്കു പ്രചോദനമാകുന്ന ഊര്‍ജസ്രോതസു തന്നെയായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലക്ഷ്യത്തിലേക്കുള്ള പ്രയാണപഥത്തില്‍ നിങ്ങള്‍ അറിയാതെ നിങ്ങള്‍ ഒരു പുതിയ മനുഷ്യനായി മാറുകയാണ്. കര്‍മകുശലതയുടെ കരുത്തുറ്റ ആള്‍രൂപമായി, നിശ്ചയദാര്‍ഢ്യത്തിന്റെ നിതാന്ത പ്രതിരൂപമായി ‘തോല്‍ക്കാന്‍ എനിക്ക് മനസില്ല’ എന്നു വിളംബരം ചെയ്യുന്ന ഒരു പുതിയ മനുഷ്യനാണ് നിങ്ങളില്‍ ഇതോടെ പിറവിയെടുക്കുന്നത്.
‘നമുക്ക് ആവുന്നതെല്ലാം നാം ചെയ്തുകഴിയുമ്പോള്‍ നാം നമ്മെ ഓര്‍ത്ത് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടുപോവും’. തോമസ് ആല്‍വാ എഡിസന്റെ വാക്കുകളാണിവ.
ധൈര്യവും നിശ്ചയദാര്‍ഢ്യവും കൊണ്ട് നിങ്ങള്‍ അനുഗ്രഹീതനായേക്കാം. എന്നാല്‍ നിങ്ങള്‍ നിരന്തരമായി നിഷേധാത്മകതയില്‍ ആണ്ടുകിടക്കുകയാണെങ്കില്‍ ലക്ഷ്യത്തിലെത്താനോ മോഹങ്ങള്‍ പച്ചപിടിപ്പിക്കാനോ ഉള്ള യത്‌നങ്ങള്‍ പച്ചപിടിപ്പിക്കാനോ ഉള്ള യത്‌നങ്ങള്‍ ഫലപ്രാപ്തിയിലെത്തില്ല. മനസ്സ് അക്ഷയമായ ഒരു വിഭവഖനിയാണ്. ഈ വിഭവശേഷി ചൂഷണം ചെയ്താല്‍ നിങ്ങള്‍ക്ക് അദ്ഭുതങ്ങള്‍ വിരിയിക്കാം. വിഭവശേഷിയുടെ ചൂഷണത്തില്‍ ബുദ്ധികൂര്‍മതയും പ്രായോഗികതയും ഉണ്ടാകണമെന്നു മാത്രം. ആ മാനസികാവസ്ഥയില്‍ നിന്നാണ് യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ നിര്‍ണയിക്കേണ്ടത്. നിങ്ങളുടെ മാനസിക ഭാവമാണ് നിങ്ങളുടെ പെരുമാറ്റത്തെയും ശീലങ്ങളേയും കര്‍മങ്ങളേയും സ്വാധീനിക്കുന്നത്. കഴിവുകള്‍ക്കു പരിവര്‍ത്തനസ്വഭാവമുണ്ടാകണമെങ്കില്‍ മനസിന്റെ ഭാവങ്ങളും അത്തരം പരിണാമങ്ങള്‍ക്കു വിധേയമാക്കണം. നിങ്ങളിലുള്ള കഴിവുകള്‍ എന്തെന്ന് നിങ്ങള്‍തന്നെ അനാവരണം ചെയ്ത് അവയെ വിശകലനം ചെയ്ത് ആ കഴിവുകളിലെ പോരായ്മകള്‍ തിരുത്തി മുന്നോട്ടു നീങ്ങുക. വിസ്മയങ്ങളുടെ ഒരു ലോകമായിരിക്കും നിങ്ങളുടെ മുന്നില്‍ വിടര്‍ന്നു വരിക.
കായികവും മാനസികവുമായി നിങ്ങള്‍ സമ്പന്നനാണെന്നിരിക്കട്ടെ. പക്ഷേ നിങ്ങളുടെ മനസ്സ് ശരിയായ ദിശയിലേക്കല്ല ചലിക്കുന്നതെന്നു വന്നാലോ? നിങ്ങളാഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് ഒരിക്കലും ചെന്നുപറ്റാന്‍ നിങ്ങള്‍ക്കാവില്ല. മനസിനെ അതിന്റെ ശരിയായ ദിശയിലേക്കു തിരിച്ചു നിറുത്തുക. അതാണു ജീവിതാഭിലാഷ പൂര്‍ത്തിക്കുള്ള പരമപ്രധാനമായ കാര്യം. ഇതെങ്ങനെ സാധ്യമാക്കാം. വളരെ ലളിതവും എന്നാല്‍ വളരെ ശക്തവുമായ ഒരു എളുപ്പവഴിയുണ്ട്. നമുക്ക് അതിനെ കേന്ദ്രീകരണം എന്നു വിളിക്കാം. സൂര്യകിരണങ്ങള്‍ ഒരു ലെന്‍സിലേക്കു കേന്ദ്രീകരിച്ചു ഒരു പ്രത്യേക സ്ഥാനത്തു പതിപ്പിച്ചാല്‍ അതിതീവ്രമായ താപാവസ്ഥയാണ് അവിടെയുണ്ടാവുക. ആ അത്യുഷ്ണം നിങ്ങളുടെ ശരീരത്തെ പൊള്ളിച്ചെന്നു വരാം. ഇതുപോലെ തന്നെ മാനസിക വ്യാപാരങ്ങളുടെ കേന്ദ്രീകരണം നമ്മുടെ കര്‍മങ്ങള്‍ക്ക് ദിശാബോധവും തീവ്രതയുമേകുന്നു. ഇപ്രകാരമുള്ള ദിശാബോധ നിര്‍ണയം ശ്രദ്ധാപൂര്‍വം, യുക്തിപൂര്‍വം നടത്തണമെന്നു മാത്രം. എന്തിനെ നിങ്ങള്‍ ഭയക്കുന്നുവോ, അതിലല്ല മാനസിക കേന്ദ്രീകരണം നടത്തേണ്ടത് മറിച്ച് എങ്ങോട്ടേക്കാണ് നീങ്ങേണ്ടത്, എന്താണ് നിങ്ങളുടെ ലക്ഷ്യം, അതിലേക്കാണ് മനസിന്റെ ദിശാനിര്‍ണയവും കേന്ദ്രീകരണവും നടത്തേണ്ടത്. നിങ്ങള്‍ നിരന്തരമായി എന്തു ചിന്തിക്കുന്നുവോ അതുതന്നെ ആയിതീരും എന്ന് ഓര്‍ക്കുക.
നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തും എന്നതിനെ ആശ്രയിച്ച് നിങ്ങളുടെ മാനസികഭാവവും മാറ്റിമറിക്കാം. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ ശരീര ശാസ്ത്രവുമായി അഭേദ്യമായി ബന്ധപ്പെടുകിടക്കുന്നു. അംഗവിക്ഷേപങ്ങള്‍, ശ്വാസഗതി, മുഖഭാവം, നില്‍പ്പും നടപ്പും എന്നിവയിലെല്ലാം മനസിന്റെ ഗതിയുടെ നിഴലാട്ടം കാണാം.
നിങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്തണമോ? മറ്റാന്നും വേണ്ട. ചിരിക്കാനുള്ള സന്ദര്‍ങ്ങളിലെല്ലാം തലയറഞ്ഞു ചിരിക്കുക. എപ്പോഴും നിങ്ങളുടെ മുഖത്തു ഒരു ചിരികരുതിവയ്ക്കുക. നിങ്ങളുടെ കുട്ടികളുടെ മുന്നില്‍ എപ്പോഴും സ്‌നേഹമസൃണമായി ചിരിക്കുക. എന്നും കുറച്ചുനേരം ചിരിക്കുക. നിങ്ങളുടെ മാനസിക വ്യാപാരങ്ങളില്‍ അത് വിസ്മയകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കും. നല്ലതിലേക്ക് നമ്മുടെ ചിന്തകളെ എങ്ങനെ തിരിച്ചുവിടാമെന്നതിനെ ആശ്രയിച്ചാണ് നമ്മുടെ യഥാര്‍ഥ ജീവിതവിജയം ഉടലെടുക്കുന്നത്. നിങ്ങളുടെ വികാരവിക്ഷോഭങ്ങള്‍ മസ്തിഷ്‌കത്തില്‍ ഉടലെടുക്കുന്ന ജൈവരസതന്ത്ര ചക്രവാതങ്ങള്‍ ആണ്. മസ്തിഷ്‌കത്തില്‍ ഉടലെടുക്കുന്ന ആ കൊടുങ്കാറ്റുകളെ നിയന്ത്രിക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ട്. നിരാശയ്ക്കും കോപാവേശത്തിനും ചാഞ്ചല്യത്തിനും ഒരിക്കലും മനസ്സില്‍ ഇടം നല്‍കാതിരിക്കുക. ആത്മനിയന്ത്രണം ഒരിക്കലും കൈവിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
നിങ്ങളുടെ അഭിരുചികളെക്കാളുപരി നിങ്ങളുടെ മാനസിക ഭാവമായിരിക്കും നിങ്ങള്‍ക്ക് ജീവിതവിജയവും ആനന്ദവും പ്രദാനം ചെയ്യുക. ക്രിയാത്മകവും അചഞ്ചലവും സഹകരണാത്മകവുമായ മാനസികഭാവം യുക്ത്യധിഷ്ഠിതവും പ്രായോഗികമായ അഭിരുചികളെ വളര്‍ത്തിയെടുക്കുവാന്‍ അവസരമൊരുക്കുന്നുവെന്ന കാര്യവും ഇത്തരുണത്തില്‍ അവിസ്മരണീയമാണ്.
ഒരു കാര്യം ചെയ്യുമ്പോള്‍ അത് പരമാവധി പൂര്‍ണതയോടെ തന്നെ ചെയ്യുക. കാരണം ജീവിതാനുഭവങ്ങള്‍ എന്നും നമ്മുടെ മനസ്സിനെ ത്രസിപ്പിക്കുന്നവയാണ്. മഹത്തായ ചിന്തയുണ്ടായാല്‍ നിങ്ങളുടെ പ്രവര്‍ത്തിയും മഹത്തരമാകും.
ജോണ്‍ ഡോണിന്റെ വിശ്രുതമായ വാക്കുകള്‍ ഓര്‍ക്കുക. ‘ഒരു മനുഷ്യനും ഒറ്റപ്പെട്ട ദ്വീപല്ല. ഒരു വന്‍കരയുടെ ഭാഗമാണയാള്‍. ഒരു മണ്ണാങ്കട്ട കടലില്‍ അലിഞ്ഞുപോയാല്‍ പോലും അത് എന്റെ നഷ്ടമാണ്. നിന്റെ നഷ്ടമാണ്. അതുകൊണ്ട് മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി എന്നറിയാന്‍ ആളയക്കേണ്ടതില്ല. അത് നിനക്കുവേണ്ടിയാണ്, എനിക്കു വേണ്ടിയാണ്. മനുഷ്യബന്ധങ്ങളിലെ പാരസ്പര്യത്തിന്റെ വിളംബരമാണ് ഈ വാക്കുകള്‍. ഒറ്റപ്പെട്ട ഒരൊറ്റ മനുഷ്യനും നിലനില്പില്ല. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഓരോരുത്തരും പരസ്പരം ആശ്രയിക്കേണ്ടിവരുന്നു. ഈ പാരസ്പര്യബോധം നമ്മുടെ വിജയത്തിന്റെ മാത്രമല്ല നിലനില്പിന്റെപോലും ആധാരമാണ്.
അലസതയാല്‍ അപഹരിക്കപ്പെടുന്നത് നേട്ടങ്ങളും പുരോഗതിയും നമ്മുടെ കര്‍ത്തവ്യനിഷ്ഠയുമാണ്. കര്‍മനിഷ്ഠരാകുന്നതോടെ നമുക്ക് സംതൃപ്തിയും മനശാന്തിയുമുണ്ടാകുന്നു. ഇതുമൂലം ജീവിതം മധുരതരവും ശാന്തവും അര്‍ത്ഥപൂര്‍ണവുമാകും.
ജീവിതം ഒരിക്കല്‍ മാത്രം. ജീവിതത്തിലെ ലാഭചേതങ്ങളും ഒരു തവണ മാത്രമേ ഉള്ളൂ. കാരണം ഒരു ജീവിതമല്ലേയുള്ളൂ നമുക്ക്. നാം നമ്മുടെ നേട്ടങ്ങളെയും കോട്ടങ്ങളേയും തിരിച്ചറിയുക. ജീവിതത്തിലെ ഓരോ കാര്യങ്ങള്‍ക്കും ശക്തിഭദ്രങ്ങളായ നിര്‍വചനങ്ങള്‍ നല്‍കുക. തീര്‍ച്ചയായും നിങ്ങള്‍ ജീവിതവിജയത്തിലേക്കുള്ള പ്രയാണത്തില്‍ എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.