ജീവന്റെ അവകാശി ആര്?

മുന്‍കുറിപ്പ്: മരണത്തെ വളരെ അടുത്തുനിന്ന് ചര്‍ച്ചചെയ്യുന്ന ഈ എഴുത്ത്, വായിക്കുമ്പോള്‍ ആവശ്യമായ വൈകാരികജാഗ്രത പാലിക്കുക; അതിന് സാധ്യമല്ലെങ്കില്‍ വായന നിറുത്തുക.

2017 ജനുവരി ആറ് ഒന്റാരിയോയിലെ കിംഗ്‌സ്റ്റണിലെ ഒരു സാധാരണ പ്രഭാതം. റോബ് റോളിന്‍സും (അവന്റെ) ഭര്‍ത്താവ് ജോണ്‍ മക്ടാഫിഷും പതിവുപോലെ ഉറക്കമുണര്‍ന്നു. നടക്കാനും സംസാരിക്കാനും ശേഷിയില്ലാത്ത, ജോണിന്റെ സഹോദരന്‍ ബോബി തന്നെ പകല്‍ മുഴുവനും നോക്കുന്ന ഏജന്‍സിയിലേക്ക് പോകാനൊരുങ്ങി. യാത്ര പോകുന്നതിനു മുമ്പ് ഒരു മണിക്കൂറോളം ബോബ് സഹോദരന്‍ ജോണിന്റെയടുത്ത് ചെലവഴിച്ചു. അതെ അവര്‍ അവസാനമായി യാത്രപറയുകയായിരുന്നു. തുടര്‍ന്ന് ജോണിന്റെയും ബോബിന്റെയും സുഹൃത്ത് ക്ലെയര്‍ കയറിവന്നു. മറ്റേതൊരു പ്രഭാതത്തിലേതുമെന്നതുപോലെ അവര്‍ മൂവരും വിശേഷങ്ങള്‍ പറഞ്ഞിരുന്നു. പത്തുമണിയോടെ, ജോണിനെ കുറേക്കാലമായി ചികിത്സിച്ചുകൊണ്ടിരുന്ന നേഴ്‌സ് വന്നു. അതിനു മുമ്പുതന്നെ ജോണ്‍ 29 വര്‍ഷമായി തന്റെ പങ്കാളിയായി ജീവിക്കുന്ന റോബിനോട് അവസാനമായി കാര്യങ്ങള്‍ പറഞ്ഞ് ഉറപ്പുവരുത്തി, പാസ്‌വേഡുകളെല്ലാം ശരിയാക്കി കൈമാറിയെന്ന് തിട്ടപ്പെടുത്തി. നേഴ്‌സ് ജോണിന്റെ കൈയില്‍ ഐ.വി. ട്യൂബിട്ടു. ഇതിനിടയില്‍ ഇരുവരുടെയും ഫാമിലി ഡോക്ടറും എത്തിച്ചേര്‍ന്നു. മറ്റുള്ളവരോടൊപ്പം സംഭാഷണത്തില്‍ ചേര്‍ന്നു. കുറച്ചുകഴിഞ്ഞ് പറഞ്ഞ സമയത്തുതന്നെ കാര്യങ്ങളുടെ ചുമതലയുള്ള ഡോക്ടര്‍ വന്നു. ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെന്ന് ജോണിനോട്, ഡോക്ടര്‍ ഉറപ്പു വരുത്തി. വീണ്ടും സമ്മതം ചോദിച്ചു. ജോണ്‍, സുഹൃത്ത് ക്ലെയറിനോട് വിട പറഞ്ഞു. ജോണും, ബോബും, അവരുടെ ബെഡ്‌റൂമിലേക്ക് പോയി. ജോണ്‍ ബെഡില്‍ കിടന്നു. ഡോക്ടര്‍, നേഴ്‌സ് ഇട്ട ഐ.വി. ട്യൂബിലൂടെ ‘മരുന്ന്’ നല്കി. റോബ് തന്റെ ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ചിരുന്ന് ജോണിനെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടിരുന്നു. അഞ്ച് മിനിറ്റുകൊണ്ട് എല്ലാം കഴിഞ്ഞു. ശാന്തമായ മരണം (വാര്‍ത്ത സിബിസി പ്രസിദ്ധീകരിച്ചത്).
ബോബും ജോണും നീണ്ട 29 വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിലും, 2011ലാണ് ഔദ്യോഗികമായി വിവാഹിതരായത്. 2015ലാണ് ജോണിന്റെ തൊണ്ടയില്‍ ഒരു വളര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്നങ്ങോട്ട് അര്‍ബുദത്തിനുള്ള ചികിത്സകളൊന്നും ഫലിച്ചില്ല. അര്‍ബുദം മൂര്‍ഛിച്ച് ചവക്കാനും വിഴുങ്ങാനും പറ്റാതായി; ഭക്ഷണം ട്യൂബിലൂടെയായി. ഇനിയൊന്നും ചെയ്യാനില്ലെന്നും, ആറുമാസം കൂടിയേ ജീവിക്കുകയുള്ളൂവെന്നും 2016ല്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി. അപ്പോഴാണ് വൈദ്യസഹായത്തോടെ മരിക്കാനുള്ള കാനഡയിലെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മരണം നേരത്തെതന്നെ തെരഞ്ഞെടുക്കാന്‍ ജോണ്‍ തീരുമാനമെടുത്തത്. അടുത്തമാസം തന്നെ അദ്ദേഹം അടുത്തുള്ള പാലിയേറ്റീവ് കെയര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടു. അവര്‍ അടുത്തുള്ള ഡോക്ടര്‍ വഴി അതിനുള്ള ഒരുക്കങ്ങള്‍ പടിപടിയായി ചെയ്തു. മരണം തീരുമാനിക്കാനുള്ള പൂര്‍ണ അവകാശവും, സ്വാതന്ത്ര്യവും രോഗിക്കുതന്നെയാണ്. തന്റെ അവസാന ദിവസത്തിന്റെ തലേന്ന് തന്റെ ചരമ അനുസ്മരണത്തില്‍ വായിക്കാനായി ജോണ്‍ ഒരു കുറിപ്പ് എഴുതി അതില്‍ ഇങ്ങനെ എഴുതി: ‘വേദന നിയന്ത്രിക്കാനുള്ള ശ്രമങ്ങളെല്ലാം, ഇനി പൂര്‍ണമായും പ്രകൃതിക്ക് വിടുകയാണ്, വൈദ്യസഹായത്തിന്റെ കുറച്ച് സഹായത്തോടെ.’
മരണം തെരഞ്ഞെടുക്കാനുള്ള അവകാശം
ഒരു വ്യക്തിക്ക് വൈദ്യസഹായത്തോടെ മരിക്കാനുള്ള അവകാശത്തിനുള്ള ബില്‍ (ബില്‍ സി-14) 2016 ജൂലൈ 17നാണ് കാനഡയില്‍ പ്രാബല്യത്തിലായത്. ഒരു വര്‍ഷം തികയുന്നതിനു മുമ്പേ ആ നിയമം ഉപയോഗിച്ച് കാനഡയില്‍ 1300 ലധികം പേര്‍ മരണം സ്വയം തെരഞ്ഞെടുത്തു. (ക്യൂബക്കില്‍ 2015ല്‍ ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് തന്നെ ഈ നിയമം പ്രാബല്യത്തിലായിരുന്നു. അന്ന് തുടങ്ങിയുള്ളതും കൂടി കൂട്ടിയാണ് ഈ കണക്ക്). ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ നിയമം ഉപയോഗിച്ചത് ക്യൂബെക്കില്‍ ആണ് (2015 ഡിസംബര്‍ മുതല്‍ ഒരു വര്‍ഷത്തിനിടയില്‍ 469 പേര്‍; കാനഡ മുഴുവന്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് മരിക്കാന്‍ വേണ്ടി മാത്രം ആളുകള്‍ ക്യൂബക്കിലേക്ക് പോയിരുന്നുവെന്നതും വാസ്തവമാണ്). തുടര്‍ന്ന് ഒന്റാരിയോയും (365), ബ്രിട്ടീഷ് കൊളംബിയയും (285), ആല്‍ബര്‍ട്ടയും (100) ആണ്. ഈ പ്രവിശ്യകളില്‍തന്നെയാണ് ജനസംഖ്യ കൂടുതലുമെന്ന കാര്യവും ഓര്‍ക്കുക.
വളരെ കര്‍ക്കശമായ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ബില്‍ സി-14 പ്രകാരം മരണം സ്വയം തെരഞ്ഞെടുക്കാനാവുക. ഒന്നാമതായി കാനഡയിലെ ആരോഗ്യസംവിധാനങ്ങളുടെ ഫലം അനുഭവിക്കുന്നവര്‍ക്കേ (പൗരന്മാര്‍, പിആര്‍ എന്നിവര്‍) ഈ സൗകര്യം ഉപയോഗിക്കാനാവൂ. സന്ദര്‍ശകരായി വരുന്നവര്‍ക്ക് ഈ നിയമത്തിന്റെ ആനുകൂല്യം ലഭ്യമല്ല. അപേക്ഷിക്കുന്ന ആള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ഗൗരവമുള്ളതും ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യതയില്ലാത്തതുമായ രോഗാവസ്ഥായിലുള്ളവര്‍ക്കേ ഈ നിയമം ബാധകമാക്കൂ. ഏതെങ്കിലും രോഗത്തിന്റെ ഏറ്റവും അവസാനഘട്ടം, ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത മുന്തിയ രോഗാവസ്ഥ, ഒട്ടുംതന്നെ കുറയാന്‍ ഇടയില്ലാത്ത ശാരീരിക-മാനസിക വേദന എന്നിങ്ങനെയാണ് ദാരുണവും, പരിഹാരമില്ലാത്തതുമായ രോഗാവസ്ഥയെ നിയമം വിശദീകരിക്കുന്നത്. ലഭ്യമായ സകല വൈദ്യറിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ഒരാളുടെ മരണം അടുത്തിരിക്കുന്നുവെന്ന് സുനിശ്ചിതമാണെങ്കിലും, അയാള്‍ക്ക് ഈ നിയമം വഴി നേരത്തെ മരിക്കാനുള്ള അവകാശമുണ്ട്.
പൂര്‍ണ്ണമനസ്സോടെയും, പൂര്‍ണ്ണ അറിവോടെയും വേണം ഒരു വ്യക്തിക്ക് ഇതിനായി സമ്മതം കൊടുക്കാന്‍. പരപ്രേരണയോടെയുള്ള സമ്മതം ഒരു കാരണവശാലം സ്വീകാര്യമല്ല. തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള പൂര്‍ണമായ അറിവും അതിനുള്ള സാധ്യമായ പ്രതിവിധികളും മനസിലാക്കിയതിനു ശേഷമേ ഒരാള്‍ക്ക് മരണത്തിനായുള്ള സമ്മതപത്രത്തില്‍ ഒപ്പിടാനാവൂ. അപേക്ഷ നല്കി രണ്ടു മൂന്നു ആഴ്ചയെടുത്ത്, നടപടിക്രമങ്ങള്‍ക്കു ശേഷമാണ് ഡോക്ടര്‍ കൃത്യം നിര്‍വഹിക്കുക. അതിനിടയില്‍ രോഗിക്ക് തന്റെ തീരുമാനത്തെ പുനര്‍വിചിന്തനം ചെയ്യാനായി പത്ത് ദിവസം നല്കുകയും ചെയ്യും. അതിനുശേഷവും അപേക്ഷകന്‍തന്നെ വീണ്ടും പൂര്‍ണമായ സമ്മതം നല്കിയാലേ ഡോക്ടര്‍ മുന്നോട്ട് പോകൂ. സമ്മതം നല്കിയതിനുശേഷം എപ്പോള്‍ വേണമെങ്കിലും അത് പിന്‍വലിക്കാവുന്നതുമാണ്. ഈ നടപടിക്രമങ്ങള്‍ക്കിടയില്‍ രണ്ട് സാക്ഷികളും ആവശ്യമാണ്. ഡോക്ടര്‍മാരും, നേഴ്‌സുമാരുമാണ് മരിക്കുന്നതിനുള്ള വൈദ്യസഹായം നല്കുന്നത്. ഓരോ പ്രവിശ്യയിലും ഇതിന്റെ നടപടിക്രമങ്ങളില്‍ വ്യത്യസ്തവുമാണ്.
മരണത്തിലേക്കായി യാത്രപോകുന്നവര്‍
സ്വിറ്റ്‌സര്‍ലന്‍ഡ് 1942 മുതല്‍ വൈദ്യസഹായത്തോടെയുള്ള മരണം അനുവദിക്കുന്നുണ്ട്. വിദേശത്ത് നിന്നുമുള്ള ആളുകള്‍ക്കും അവിടെ പോയി വൈദ്യസഹായത്തോടെ മരിക്കാം. ഡിഗ്നിതാസ് (ഉശഴിശമേ)െ എന്ന സംഘടന ഇതിന് സഹായം ചെയ്യുന്നുണ്ട്. ‘അന്തസോടെ ജീവിക്കുക, അന്തസോടെ മരിക്കുക’ എന്നതാണ് ഡിഗ്‌നിതാസിന്റെ ആപ്തവാക്യം. അന്തസ്സോടെ മരിക്കുാനുള്ള സഹായങ്ങളഅ# അവര്‍ ചെയ്തുകൊടുക്കുന്നു. 2016ല്‍ മാത്രം 201 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ സംഘടനവഴി അന്തസ്സോടെ ജീവിതം അവസാനിപ്പിക്കാനായി സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പറന്നു. കാനഡയില്‍നിന്നും കഴിഞ്ഞവര്‍ഷം അഞ്ച് പേര്‍, ഡിഗ്‌നിതാസിന്റെ സഹായത്തോടെ സ്വിറ്റ്‌സര്‍ലണ്ടില്‍ പോയി ചരമം പ്രാപിച്ചു. പക്ഷേ, അതും ചെലവേറിയ കാര്യമാണ്. മെഡിക്കല്‍ പരിശോധനകളും, യാത്രാചെലവും മറ്റുമായി ഒരാള്‍ക്ക് ഏകദേശം ഇരുപതിനായിരം കനേഡിയന്‍ ഡോളര്‍ അതിന് ചെലവു വരുന്നുണ്ട്. 2016ല്‍ മാത്രം 98 രാജ്യങ്ങളില്‍നിന്നായി 7764 പേര്‍ ഡിഗ്‌നിതാസില്‍ അംഗങ്ങളാകുകയും ചെയ്തു. കാനഡയില്‍നിന്നും 131 പേരുള്‍പ്പെടെ.
നെതര്‍ലണ്ടില്‍ 2002ലും ലക്‌സംബര്‍ഗില്‍ 2009 ലും ബല്‍ജിയത്തില്‍ 2002ലും വൈദ്യസഹായത്തോടെ ജീവിതം അവസാനിപ്പിക്കാനുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. അമേരിക്കയിലെ വെര്‍മണ്ട്, ഒറിഗോണ്‍, വാഷിംഗ്ടണ്‍, മൊന്റാന, ന്യൂമെക്‌സിക്കോ എന്നീ സംസ്ഥാനങ്ങളും കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മരിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ അംഗീകരിച്ച് നിയമം പാസാക്കിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിലും അതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും വ്യത്യസ്തമാണ്. ലോകത്തെ ബാക്കി മിക്കവാറും എല്ലാ രാജ്യങ്ങളിലും ദയാവധവും, വൈദ്യസഹായത്തോടെയുള്ള മരണവും കുറ്റകരമാണ്.
മരിക്കാനായുള്ള അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പലപ്പോഴും കടന്നുവരുന്ന ഒന്നാണ് ദയാവധം. ദയാവധത്തില്‍ മരിക്കുന്ന ആളല്ല തീരുമാനമെടുക്കുന്നതും, പ്രക്രിയകള്‍ നടപ്പിലാക്കുന്നതും. എന്നാല്‍ വൈദ്യസഹായത്തോടെയുള്ള മരണത്തില്‍ ഒരാള്‍ സ്വമേധയയാണ് പൂര്‍ണ അറിവോടെയും സമ്മതം നല്കുന്നത്. ദയാവധം തന്നെ രണ്ട് വിധത്തിലുണ്ട്. നിഷ്‌ക്രിയമായതും (ുമശൈ്‌ല) ക്രിയാത്മകമായതും (മരശേീി) നിഷ്‌ക്രിയമായതില്‍ ഒരാളുടെ ജീവന്‍ നീട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചിട്ടുള്ള സംവിധാനങ്ങളെ- വെന്റിലേറ്റര്‍, ഭക്ഷണം നല്കാനുള്ള കുഴല്‍, തുടങ്ങിയവ- എടുത്തുമാറ്റുകയും തദ്വാര ഒരാള്‍ക്ക് മരിക്കാന്‍ അനുവദിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ക്രിയാത്മകമായ ദയാവധത്തില്‍ മരണത്തിലേക്ക് നയിക്കുന്ന ഇടപെടലുകള്‍-കുത്തിവെപ്പ്, മരുന്ന് നല്കല്‍ എന്നിങ്ങനെ നല്കി വ്യക്തിയെ മരണത്തിലേക്ക് പറഞ്ഞയയ്ക്കുന്നു.
അരുമയായ് അരുണ
ഇന്ത്യയില്‍ ദയാവധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയ സംഭവമായിരുന്നു അരുണ ഷാന്‍ബാഗിന്റെ ജീവിതം. മുംബൈ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ നേഴ്‌സായിരുന്ന അരുണിയെ 1973ലാണ് ആശുപത്രിയിലെ ഒരു വാര്‍ഡ് ബോയി ആക്രമിച്ചത്. അതിനെതുടര്‍ന്ന് ജീവച്ഛവമായി മാറിയ അരുണ സഹപ്രവര്‍ത്തകരുടെ പരിചരണത്തില്‍ ഒന്നുമറിയാതെ നീണ്ട 42 വര്‍ഷങ്ങള്‍ ജീവിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് എഴുതുകയും, അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിങ്കി വിരാനി എന്ന പത്രപ്രവര്‍ത്തക അരുണയെ (നിഷ്‌ക്രിയ) ദയാവധത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. 2011 ജനുവരിയില്‍ സുപ്രീം കോടതി അത് നിരാകരിച്ചെങ്കിലും, ആ വര്‍ഷം മാര്‍ച്ചില്‍ അസാധാരണ അവസരങ്ങളില്‍ നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കുന്നതിന് സുപ്രീംകോടതി അനുമതി നല്കി. തുടര്‍ന്ന് അതിനു വേണ്ട നിയമനിര്‍മാണങ്ങള്‍ നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. 2012ല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 2016ല്‍ ടെര്‍മിനലി ഇന്‍ പേഷ്യന്റ്‌സ് (പ്രൊട്ടക്്ഷന്‍ ഓഫ് പേഷ്യന്റ്‌സ് ആന്‍ഡ് മെഡിക്കല്‍ പ്രാക്ടീഷ്‌ണേഴ്‌സ്) ബില്ലിന്റെ ഡ്രാഫ്റ്റ് പുറത്തിറക്കി. പൊതുജനാഭിപ്രായ രൂപീകരണത്തിനുശേഷം ലോക്‌സഭയും രാജ്യസഭയും പാസാക്കി. രാഷ്ട്രപതി ഒപ്പുവച്ചാലേ ഇനി അത് നിയമാകുക. ആ ബില്ലിനെതിരായും അനുകൂലമായും ചര്‍ച്ചകള്‍ പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു.
മരിച്ചാല്‍ അടക്കാനുള്ള കല്ലറ പണിത് കാത്തിരിക്കുന്നവരുടെ കഥകള്‍ നാട്ടില്‍നിന്നും കേള്‍ക്കാറുണ്ട്. എന്നാല്‍ മരിക്കാനുള്ള അവകാശത്തിനായി ഇന്ത്യയില്‍ ആദ്യമായി കോടതി കയറിയത് വിഗാര്‍ഡ് സ്ഥാപനങ്ങളുടെ ഉടമ ശ്രീ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ്. തനിക്ക് എഴുപത് വയസിനുശേഷവും എന്തെങ്കിലും അസുഖം വന്നാല്‍ ജീവിതം നിലനിര്‍ത്താന്‍ ഒരുവിധത്തിലുമുള്ള ഉപാധികളും നല്കരുതെന്നും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കൊച്ചൗസേപ്പ് 1998ല്‍ കോടതിയെ സമീപിച്ചത്. കോടതി അത് നിരസിച്ചെങ്കിലും അരുണ ഫാന്‍ബാഗ്, സംഭവത്തിനുശേഷം വീണ്ടും കോടതി കയറുന്നതിനെക്കുറിച്ച് അദ്ദേഹം പുനരാലോചിക്കുന്ന വാര്‍ത്തകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ജീവനെടുക്കാന്‍ ആര്‍ക്കും അവകാശമില്ല
നല്കപ്പെട്ട ജീവനെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദവുമായി മതസംഘടനകള്‍. വൈദ്യസഹായത്തോടെയുള്ള മരണത്തെയും എതിര്‍ക്കുകയാണ്. നമ്മുടെ ഇടയിലുള്ള കഷ്ടപ്പെടുന്നവരെയും രോഗപീഡ അനുഭവിക്കുന്നവരെയും മാനുഷികമായി സംരക്ഷിക്കുവാനുള്ള സര്‍ക്കാരിന്റെയും സമൂഹത്തിന്റേയും കടമയുടെ സമ്പൂര്‍ണ പരാജയമെന്നാണ് കനേഡിയന്‍ കത്തോലിക്കാ ബിഷപ് കോണ്‍ഫറന്‍സ് ബില്‍ സി-14 നെതിരെ ആഞ്ഞടിച്ചത്. ശേഷിപരിമിതരുടെയും വൃദ്ധരുടെയും സംഘടനകളും ബില്‍ സി -14 നെതിരെ കാനഡയില്‍ രംഗത്ത് വന്നിട്ടുണ്ട്. രോഗപീഡയനുഭവിക്കുന്നവര്‍ ജീവിക്കാന്‍ അര്‍ഹതയില്ല എന്ന സന്ദേശമാണ്, മരിക്കാനുള്ള അവകാശം നല്കുന്നതെന്നു ചിലര്‍ വാദിക്കുന്നു. മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുമെന്ന് പറഞ്ഞുകൊണ്ട് ഡോക്ടര്‍മാര്‍ എടുക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ ലംഘനമാണ്, മരിക്കാനായി ഒരാളെ സഹായിക്കുന്നതെന്നും അത് മെഡിക്കല്‍ എത്തിക്‌സിന് എതിരാണെന്നും ഒരു വിഭാഗം ഭിക്ഷഗ്വരര്‍ അഭിപ്രായപ്പെടുന്നു. ദൈവം നല്കിയ ജീവനെ സ്വയമെടുക്കുന്നത് മനുഷ്യത്വത്തിന്റെ ലംഘനമായി എല്ലാ മതങ്ങളും കരുതുന്നു. അതിനാല്‍തന്നെ, മതങ്ങളുടെ എതിര്‍പ്പ് എല്ലാ രാജ്യങ്ങളിലും മരിക്കാനുള്ള അവകാശത്തിനെതിരായി നിലനില്ക്കുകയും ചെയ്യുന്നു.
ചോദിക്കാതെ നല്കപ്പെട്ടതാണ് ഈ ജീവനും ജീവിതവും. അത് സ്വയം അവസാനിപ്പിക്കാന്‍ തോന്നുന്ന സന്ദര്‍ഭങ്ങള്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടായേക്കാം. കാലന്റെ കൊടി കണ്ട് കഴിഞ്ഞാല്‍, അത് സ്വയമേവ തീരുമാനിക്കാന്‍ (കാനഡ) സര്‍ക്കാര്‍ അനുവാദം നല്കിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും ജീവന്റെ അവകാശി ആര് എന്ന ചോദ്യം വ്യക്തമായ ഉത്തരം നല്കാതെ പോകുന്നു; പലപ്പോഴും അത് വ്യക്തിപരമായ തീരുമാനമായി നിലനില്‍ക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.