ചോക്‌ലേറ്റിന്റെ ഹൃദയതാളം

വളരെ സാധാരണമെങ്കിലും ഗുരുതരമായ അവസ്ഥയായാണ് ക്രമരഹിതമായ ഹൃദയതാളം അഥവാ ആര്‍ട്രിയല്‍ ഫൈബ്രിലേഷന്‍ കണക്കാക്കപ്പെടുന്നത്. ഇത് പക്ഷാഘാതത്തിലേക്കും മറവിരോഗം, ഹൃദയാഘാതം എന്നിവയിലേക്കും നയിക്കാം. വര്‍ഷം തോറും ദശലക്ഷക്കണക്കിനു പേര്‍ക്കാണ് ക്രമരഹിതമായ ഹൃദയതാളം ബാധിക്കുന്നത്. ഇത് രക്തം കട്ടപിടിക്കാനുള്ള അവസ്ഥ കൂട്ടുന്നതു വഴി പക്ഷാഘാതം, ഹൃദയ സ്തംഭനം, മറ്റ് സങ്കീര്‍ണതകള്‍ ഇവയ്ക്കു കാരണമാകുകയും ചെയ്യുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ മുന്നറിയിപ്പു നല്കുന്നു.

ഈ രോഗാവസ്ഥയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സംയുക്തം കണ്ടെത്തിയെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ ഗവേഷകര്‍ അവകാശപ്പെടുന്നത്. ചോക്‌ലേറ്റ് ആണ് ഹൃദയത്തിനു ഗുണംചെയ്യുന്ന ഈ അത്ഭുതവസ്തു. എല്ലാ ആഴ്ചയിലും ചെറിയ അളവില്‍ ചോക്‌ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം നല്കുമെന്നാണ് അവരുടെ അവകാശവാദം.

മധുരിക്കും പഠനം

5500 ഡാനിഷ് സ്ത്രീ പുരുഷന്മാരില്‍ 16 വര്‍ഷക്കാലം നടത്തിയ പഠനത്തിലാണ് ചോക്‌ലേറ്റും ഈ രോഗാവസ്ഥയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. 24 നും 50 നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തില്‍ ഇവരുടെ ഭക്ഷണരീതിയും പരിശോധിച്ചു. മാസത്തില്‍ ഒരു ചോക്ലേറ്റ് പോലും കഴിക്കാത്തവരെ അപേക്ഷിച്ച് മാസത്തില്‍ ഒന്നുമുതല്‍ മൂന്നുതവണ വരെ കഴിക്കുന്നവര്‍ക്ക് ക്രമരഹിത ഹൃദയതാളം വരാനുള്ള സാധ്യത 10 ശതമാനം കുറവാണെന്നാണ് കണ്ടത്.
പഠനത്തില്‍ പങ്കെടുത്തവരുട ഭക്ഷണ വിവരങ്ങള്‍ ഡെന്‍മാര്‍ക്കിന്റെ നാഷണല്‍ ഹെല്‍ത്ത് റജിസ്റ്ററുമായി ബന്ധിപ്പിച്ച് ആര്‍ക്കൊക്കെ ക്രമരഹിതമായ ഹൃദയതാളം ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചു. ശരാശരി 13.5 വര്‍ഷം കൊണ്ട് 3346 പേര്‍ക്ക് ഇത് ബാധിച്ചതായാണ് കണ്ടെത്തിയത്. പഠനകാലയളവിന്റെ തുടക്കത്തില്‍ ആഴ്ചയില്‍ ഒരു തവണ 28.35 ഗ്രാം ചോക്ലേറ്റ് കഴിച്ചവര്‍ക്ക് പഠനം തീരാറായപ്പോള്‍ രോഗാവസ്ഥ ബാധിക്കുന്നത് 17 ശതമാനം കുറവാണെന്നും കണ്ടെത്തി.
അതുപോലെ ആഴ്ചയില്‍ രണ്ടു മുതല്‍ ആറ് ഔണ്‍സ് വരെ ചോക്ലേറ്റ് കഴിച്ചവര്‍ക്ക് ആര്‍ട്രിയല്‍ ഫൈബ്രിലേഷനുള്ള സാധ്യത 20 ശതമാനം കുറവാണെന്നു കണ്ടു. സ്ത്രീകളില്‍ ആഴ്ചയില്‍ ഒരു തവണ ചോക്ലേറ്റ് കഴിക്കുമ്പോഴും പുരുഷന്മാരില്‍ രണ്ടു മുതല്‍ ആറുതവണ വരെ കഴിക്കുമ്പോഴുമാണ് രോഗസാധ്യതയില്‍ കുറവുകണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.