മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രോശം: അമ്മയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; മുകേഷിനെതിരെ സിപിഎം ജില്ലാ നേതൃത്വം

കൊച്ചി: താരസംഘടനയായ അമ്മയുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടനും എംഎല്‍എയുമായ മുകേഷ് എടുത്ത നിലപാടിനെതിരെ സിപിഎം ജില്ലാ കമ്മറ്റി. പ്രശ്‌നം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഭവങ്ങളില്‍ മുകേഷില്‍നിന്നു വിശദീകരണം തേടാനും സാധ്യതയുണ്ട്. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു. നഗരത്തില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷും ഗണേഷും ജനപ്രതിനിധികളുടെ അന്തസ് കളഞ്ഞെന്ന് ആരോപിച്ചു. നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളാണ് അഭിനേതാക്കളും എംഎല്‍എ മാരുമായ മുകേഷിനെയും കെ.ബി. ഗണേഷ്‌കുമാറിനെയും ചൊടിപ്പിച്ചത്. പക്ഷേ, വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിക്കുകയായിരുന്നു.
ഇരയോടും ആരോപണ വിധേയനായ നടനോടും എങ്ങനെ ഒരേ നിലപാടു സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രകോപനത്തിനിടയാക്കിയത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികള്‍ പോലും യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകേഷ് അറിയിച്ചു.

‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് പി.കെ.ശ്രീമതി എംപി പറഞ്ഞു. ഇതാകാം വനിത താരങ്ങള്‍ മറ്റൊരു സംഘടന രൂപീകരിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

പി.കെ. ശ്രീമതിയുടെ കുറിപ്പ്

‘അമ്മ ‘. ഒരു നല്ല സംഘടനയാണ്. എന്നാല്‍ ‘അമ്മക്ക്’ അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സംശയം വന്നതിനാലാകാം സിനിമാ രംഗത്തെ വനിതാ പ്രവര്‍ത്തകര്‍ക്ക് പുതിയൊരു കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. അതില്‍ സിനിമാ രംഗത്തെ ചെറുപ്പക്കാരായ വനിതകളെ അഭിനന്ദിച്ചേ മതിയാകൂ. പുരുഷ മേധാവിത്വത്തെക്കുറിച്ച് സ്ത്രീകള്‍ പറയുന്നത് സ്വാഭാവിക പ്രതികരണമായിമാത്രമാണു എല്ലാവരും കരുതുക.

എന്നാല്‍ പ്രമുഖ നേതാക്കളുള്‍പ്പടെ പുരുഷന്മാര്‍ പരസ്യമായി പുരുഷ മേധാവിത്വത്തിനെതിരായി വിമര്‍ശിച്ചു രംഗത്തു വന്നതും വനിതാതാരകൂട്ടായ്മയെ അഭിനന്ദിച്ചതും സ്വാഗതാര്‍ഹമാണ്. അവസരത്തിനൊത്ത് അത്രയെങ്കിലും ഉയരാന്‍ അവര്‍ക്കു സാധിച്ചല്ലോ. കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാന്‍ ‘അമ്മ’ കമ്മിറ്റിയില്‍ പങ്കെടുത്തവര്‍ക്ക് കഴിഞ്ഞതുമില്ല. ഒന്നു പൊട്ടിത്തെറിക്കുകയെങ്കിലും ചെയ്തൂടേ അവര്‍ക്ക്? എങ്കില്‍ സമൂഹമാകെ അവരെ അഭിനന്ദിച്ചേനേ .

ജനം ഈ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട്. സിപിഎം പൊളിറ്റ് ബ്യുറോ അംഗം സഖാവ് എം.എ. ബേബി നല്‍കിയ പ്രസ്താവന വളരെ സ്വാഗതാര്‍ഹമാണു. ആക്രമിക്കപെട്ട നടിക്കും ആരോപണത്തിനു വിധേയനായ നടനും വേണ്ടി ഒരു പോലെ നിലക്കൊള്ളും എന്നാണു അമ്മ വ്യക്തമാക്കിയത് . കഷ്ടം ! പുരുഷ മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ നിലപാട് അല്ലേ അത്? ഒരു നിമിഷം ചിന്തിച്ചുനോക്കൂ . ‘അമ്മ’ ക്കു യോജിച്ചതാണോ ആ പ്രസ്താവന? സ്ത്രീയുടെ ഒരു നേരിയ സ്വരം പോലും അവിടെ ഉയര്‍ന്നില്ല പോലും! അഥവാ ഉയരാന്‍ അവസരം കൊടുത്തില്ല എന്നു പറയുന്നതാണു ശരി എന്നു പലരും പറഞ്ഞു കേള്‍ക്കുന്നു.

അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങള്‍ തുല്യനിലയിലാണു കാണുന്നതു എന്ന് പറയുമ്പോള്‍ ‘അമ്മ ”മനസ്സ് തങ്ങള്‍ക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെണ്‍കുട്ടികളും. ജനങ്ങളാകേയും സംശയിച്ചാല്‍ ആര്‍ക്കെങ്കിലുംതെറ്റ് പറയാനാകുമോ?
വിലക്കുനീക്കി തന്റെ വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നു സംവിധായകന്‍ വിനയന്‍. തീരുമാനം കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ വിശ്രമമില്ലാത്ത തന്റെ പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത കുറിപ്പില്‍ പറഞ്ഞു.

വിനയന്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ 9 വര്‍ഷത്തെ വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയമാണ് ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നും ഇപ്പോള്‍ മലയാള സിനിമാരംഗത്തുനിന്നും എനിക്കു ലഭിച്ചത്. അല്ലാതെ ഒരു വിലക്കു നീക്കിക്കൊണ്ട് എന്റെ വായടപ്പിക്കാനോ നിലപാടുകളില്‍ നിന്നു വ്യതിചലിപ്പിക്കാനോ ആര്‍ക്കെങ്കിലും കഴിയും എന്ന് എന്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വിനയനെ ഇനിയും മനസ്സിലായിട്ടില്ല എന്നു ഖേദപൂര്‍വ്വം പറയട്ടെ.

അനീതിക്കും അക്രമത്തിനും മനുഷത്വമില്ലായ്മയ്ക്കും എതിരെ ഞാന്‍ എങ്ങനെയാണ് പ്രതികരിച്ചിരുന്നതെന്ന് ഈ ഫേസ്ബുക്ക് പേജിലെ മുന്‍കാലതാളുകള്‍ മറിച്ചുനോക്കുന്നവര്‍ക്ക് കൃത്യമായി മനസ്സിലാകും. ഈ ജന്മം തീരുന്ന വരെ… മരിച്ചു മണ്ണടിയുന്ന വരെ ആ നിലപാടുകളില്‍ ഒന്നും ഒരു മാറ്റവുമുണ്ടാകില്ല. എന്തു പ്രലോഭനങ്ങള്‍ ഉണ്ടായാലും ഏതെങ്കിലും സ്വകാര്യനേട്ടങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്റെ വ്യക്തിത്വം അടിയറവു വയ്ക്കത്തുമില്ല. ഒരു സംവിധായകനും ചലച്ചിത്രകാരനും എന്ന നിലയില്‍ എന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ ഏറ്റവും വിലയേറിയ ഒന്‍പതു വര്‍ഷങ്ങള്‍ കവര്‍ന്നെടുത്തവര്‍ ഇനി എന്തു തിരിച്ചു തന്നാലും അതു പരിഹാരമാകില്ല. ഇവിടുത്തെ മാധ്യമസുഹൃത്തുക്കള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും എല്ലാമറിയാം എന്നെ തമസ്‌കരിക്കാനും എന്റെ ചലച്ചിത്രപ്രവര്‍ത്തനം ഇല്ലാതാക്കാനും സിനിമാരംഗത്തെ വരേണ്യവര്‍ഗ്ഗം എത്രമാത്രം ശ്രമിച്ചിരുന്നു എന്ന്. പക്ഷേ ആ മാധ്യമങ്ങള്‍ പോലും അവരുടെ നിലനില്‍പ്പിന് സിനിമാക്കാരുടെ സഹായം അനിവാര്യമായിരുന്നതിനാല്‍ എന്നെ സംരക്ഷിക്കാന്‍ നിന്നില്ല, ആ വാര്‍ത്തകള്‍ വേണ്ട രീതിയില്‍ കൊടുത്തില്ല എന്ന കാര്യം വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു. ഇതു വായിക്കുന്ന മാധ്യമസുഹൃത്തുക്കള്‍ക്കും, മാധ്യമമേധാവികള്‍ക്കും ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാകുമെന്നു കരുതുന്നു.

ഒരു സിനിമാസംഘടനയിലെയും അംഗത്വമില്ലാതെ ഒരാള്‍ക്ക് സിനിമയെടുക്കാം, സെന്‍സര്‍ ചെയ്യാം, പ്രദര്‍ശിപ്പിക്കാം എന്ന് 2009ല്‍ ഞാന്‍ നേടിയ ഹൈക്കോടതി വിധിയും മലയാള സിനിമയില്‍ ഒരു വിലക്കും ഇനി വിലപ്പോകില്ല എന്നു തെളിയിച്ചുകൊണ്ട് ഇപ്പോള്‍ ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നു നേടിയ വിധിയും അടുത്ത തലമുറയ്ക്കായ് ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ മുന്‍നിലപാടുകളിലും അഭിപ്രായങ്ങളിലും ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ ഒന്നു പറയട്ടെ മുന്‍കാലങ്ങളില്‍ എന്നോട് ചെയ്ത ചെയ്തികളുടെ പേരില്‍ എനിക്കാരോടും പകയോ വൈരാഗ്യമോ ഇല്ല. ഇന്നലെ നടന്ന അമ്മയുടെ മീറ്റിംഗില്‍ എന്നോട് സ്‌നേഹം കാണിച്ച ജനറല്‍ സെക്രട്ടറി ശ്രീ മമ്മൂട്ടിയോടും, വൈസ് പ്രസിഡന്റ് ശ്രീ ഗണേഷ് കുമാറിനോടുമുള്ള എന്റെ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തട്ടെ.

അതിനോടൊപ്പം ഒന്നുകൂടി പറയുന്നു. ഇന്നലെ നടന്ന മീറ്റിംഗില്‍ മീഡിയയോട് കുറച്ചുകൂടി പക്വതയോടെ പെരുമാറാമായിരുന്നു. മാത്രമല്ല, ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതു മറച്ചുവെക്കാതെ ധീരതയോടെ മുന്നോട്ടുവന്ന് നിയമത്തിനു മുന്നില്‍ എല്ലാം തുറന്നുപറഞ്ഞ ആ പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അമ്മയുടെ ജനറല്‍ ബോഡിയില്‍ നിന്നും കേരളജനത പ്രതീക്ഷിച്ചിരുന്നു. അതും ഉണ്ടായില്ല. ഖേദകരമാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി ക്ഷമയോടും, ആവേശം നഷ്ടപ്പെടാതെയും മലയാള സിനിമയിലെ അനീതികള്‍ക്കെതിരെ പോരാടുവാനുള്ള ശക്തി എനിക്കു നല്‍കിയത് എന്നെ സ്‌നേഹിച്ച സുഹൃത്തുക്കളാണ്. അവര്‍ക്കു ഞാന്‍ നന്ദി പറയുന്നു, ഹൃദയത്തിന്റെ ഭാഷയില്‍…

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.