ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ കൈരളി ജേതാക്കള്‍

ഷിക്കാഗോ: ഇരുപത്തൊമ്പതാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 28,29 തീയതികളില്‍ ഫിലാഡല്‍ഫിയയിലെ ഏബ്രഹാം ലിങ്കണ്‍ ഹൈസ്കൂളില്‍ വച്ചു നടത്തപ്പെട്ടു. തീപാറുന്ന ഉജ്വല നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് നോര്‍ത്ത് അമേരിക്കയിലെ അഞ്ഞൂറില്‍പ്പരം കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ത്തിക്കൊണ്ട് ടൊറന്റോ സ്റ്റാലിയന്‍സിനെ നിഷ്പ്രയാസം പരാജയപ്പെടുത്തിക്കൊണ്ട് മെമ്മോറിയല്‍ ട്രോഫിയല്‍ ഷിക്കാഗോ കൈരളി ലയണ്‍സ് മുത്തമിട്ടു.

ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലാഡല്‍ഫിയയിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡപ്യൂട്ടി കമാന്‍ഡര്‍ കെവിന്‍ കാനോന്‍ ഔപചാരികമായി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഷിക്കാഗോ കൈരളി ലയണ്‍സ്, ഡാളസ് സ്‌ട്രൈക്കേഴ്‌സ്, ഡിട്രോയിറ്റ് ഈഗിള്‍സ്, ന്യൂജേഴ്‌സി ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്‌സേഴ്‌സ്, ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സ്, ഫിലാഡല്‍ഫിയ ഫില്ലി സ്റ്റാഴ്‌സ്, റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ്, ടൊറന്റോ സ്റ്റാലിയന്‍സ്, വാഷിംഗ്ടണ്‍ കിംഗ്‌സ് എന്നീ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി. കൂടാതെ ടൂര്‍ണമെന്റിലെ മറ്റൊരു പ്രത്യേകത 18 വയസ്സിനു താഴെയും, 40 വയസ്സിനു മുകളിലുമുള്ള മത്സരാര്‍ത്ഥികളുടെ പ്രകടനം കായികപ്രേമികള്‍ക്ക് ഹരംപകര്‍ന്നു.

ലോകമെമ്പാടുമുള്ള വോളിബോള്‍ പ്രേമികളുടെ ആരാധനാപുരുഷനും ജഗദീശ്വരന്‍ വോളിബോള്‍ കായിക പ്രതിഭാസത്തിനുവേണ്ടി സൃഷ്ടിച്ചെടുത്ത വോളിബോള്‍ ലോകത്തിലെ അതുല്യപ്രതിഭാസം നമ്മളില്‍ നിന്നു വേര്‍പിരിഞ്ഞ ജിമ്മി ജോര്‍ജിന്റെ പാവനസ്മരണയ്ക്കായി നടത്തിവരുന്ന 29-മത് വോളിബോള്‍ മാമാങ്കത്തില്‍ ഷിക്കാഗോ കൈരളി ലയണ്‍സ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.

പതിറ്റാണ്ടുകളായി ഫിലാഡല്‍ഫിയയിലെ കായികരംഗത്ത് നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത് അമേരിക്കന്‍ വോളിബോള്‍ കുടുംബം വളരെയധികം ബഹുമാനത്തോടും സ്‌നേഹത്തോടുംകൂടി ആദരിച്ചുവരുന്ന ഷെരീഫ് അലിയാര്‍ ടൂര്‍ണമെന്റിനു ചുക്കാന്‍ പിടിച്ചു. കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.വി.എല്‍.എന്‍.എ) ചെയര്‍മാന്‍ ടോമി കാലായില്‍ ടൂര്‍ണമെന്റിനു താങ്ങും തണലുമായി നിലകൊണ്ടു. അതോടൊപ്പം സജി വര്‍ഗീസ്, കുര്യാക്കോസ് കുടക്കച്ചിറ, സണ്ണി ഏബ്രഹാം, ജോണ്‍ മത്തായി, സാബു സഖറിയ, ജയ് കലായില്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഉടനീളം പ്രവര്‍ത്തിച്ചു.

ഷിക്കാഗോ കൈരളി ലയണ്‍സിന്റെ വിജയത്തിനു പിന്നില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവര്‍ത്തിച്ചുവന്ന സാജന്‍ തോമസ്, സിബി കദളിമറ്റം, പ്രദീപ് തോമസ്, അലക്‌സ് കാലായില്‍ എന്നിവര്‍ക്കും അതോടൊപ്പം കാല്‍നൂറ്റാണ്ടിലേറെയായി ഷിക്കാഗോ കൈരളി ലയണ്‍സിനു ഉണര്‍വ്വും ഉത്തേജനവും നല്‍കിവരുന്ന റ്റോമി കാലായിലിനും ഷിക്കാഗോ മലയാളി സമൂഹം സ്‌നേഹത്തിന്റെ പൂച്ചെണ്ടുകള്‍ സമ്മാനിച്ചു.

ഷിക്കാഗോ കൈരളി ലയണ്‍സിന്റെ വിജയരഹസ്യം സഹകരണമനോഭാവവും പരിശീലനത്തിലും ടൂര്‍ണമെന്റിലും ഉടനീളം പാലിച്ചുപോരുന്ന അച്ചടക്കവുമാണ്. ടീം അംഗങ്ങളായ റിന്റു ഫിലിപ്പ്, സനല്‍ തോമസ്, നിഥിന്‍ തോമസ്, ഷോണ്‍ കദളിമറ്റം, ടോണി ജോര്‍ജ്, ലെറിന്‍ ചേത്താലിയില്‍കരോട്ട്, മറില്‍ മംഗലശേരില്‍, ജോസ് മണക്കാട്ട്, നൈതന്‍ തോമസ്, റയാന്‍ തോമസ്, സനല്‍ കദളിമറ്റം എന്നിവര്‍ ടീം കോച്ചുമാരെ നന്ദിയോടെ സ്മരിച്ചു.

അത്യന്തം മാസ്മരിക പ്രകടനം കാഴ്ചവെച്ച ഫൈനല്‍ മത്സരത്തില്‍ മൂന്നു സെറ്റുകള്‍ കരസ്ഥമാക്കിക്കൊണ്ട് ഷിക്കാഗോ ലയണ്‍സ് വിജയം വരിച്ചു. (സ്‌കോര്‍: ഷിക്കാഗോ 25/18, 25/14, 25/17).

ടൊറന്റോ സ്റ്റാലിയന്‍സ് ടുര്‍ണമെന്റില്‍ ഉടനീളം വാശിയേറിയ മത്സരം കാഴ്ചവെച്ചുകൊണ്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടൂര്‍ണമെന്റിലെ എം.വി.പിയായി സനല്‍ തോമസ് (ഷിക്കാഗോ), ബെസ്റ്റ് ഒഫന്‍സ്- ഷോണ്‍ കദളിമറ്റം (ഷിക്കാഗോ), ബെസ്റ്റ് ഡിഫന്‍സ്- ജോസ് മണക്കാട്ട് (ഷിക്കാഗോ) എന്നിവര്‍ വ്യക്തിഗത ട്രോഫികള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ടൂര്‍മെന്റ് ചീഫ് ഗസ്റ്റും ഗ്രാന്റ് സ്‌പോണ്‍സറുമായ ലോകോത്തര വ്യവസായി ജോയ് അലൂക്കാസും, മുന്‍ വോളിബോള്‍ വനിതാ താരം സുജാത സെബാസ്റ്റ്യനും ട്രോഫികള്‍ വിതരണം ചെയ്തു.

മാര്‍ത്തോമാശ്ശീഹാ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ബാങ്ക്വറ്റില്‍ വിഭവസമൃദ്ധമായ ഭക്ഷണവും കലാസന്ധ്യയും ടീം അംഗങ്ങള്‍ക്ക് സൗഹൃദത്തിന്റെ വേറിട്ട അനുഭൂതി സമ്മാനിച്ചു. വരുംവര്‍ഷത്തില്‍ റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് അതിഥ്യമരുളുന്ന മുപ്പതാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റില്‍ വീണ്ടും കാണാം എന്നുപറഞ്ഞ് ടൂര്‍ണമെന്റിന് തിരശീല വീണു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.