അമ്മ ഒറ്റക്കെട്ടെന്ന്; നടിയുടെ വിഷയം ആരും ഉന്നയില്ല, മാധ്യമങ്ങള്‍ക്കെതിരെ താരങ്ങള്‍; സൂപ്പര്‍താരങ്ങള്‍ മിണ്ടിയില്ല

കൊച്ചി: അമ്മ ഒറ്റക്കെട്ടാണെന്നും നടിയുടെ വിഷയം ആരും ജനറല്‍ബോഡി യോഗത്തില്‍ ഉന്നയിച്ചില്ലെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ്. മുഖ്യമന്ത്രിയും ഡി.ജി.പി.യും നിര്‍ദേശിച്ചത് അനുസരിച്ചാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പരസ്യ പ്രസ്താവനകള്‍ നടത്താതിരുന്നത്. സംഭവം ഉണ്ടായ ദിവസം തന്നെ താന്‍ മുഖ്യമന്ത്രിയുമായും അന്നത്തെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെയുമായും ബന്ധപ്പെട്ടിരുന്നു. കേസിനെ ബാധിക്കും എന്നതിനാല്‍ ചാനലിലും മറ്റും കൂടുതല്‍ കാര്യങ്ങള്‍ പറയരുതെന്നു രണ്ട് പേരും നിര്‍ദേശിച്ചത് അനുസരിച്ചാണ് കൂടുതലൊന്നും പറയാതിരുന്നത്. പരാതിക്കാരിയും ആരോപണം നേരിടുന്ന ആളുമെല്ലാം അമ്മയുടെ മക്കള്‍ തന്നെയാണ്. ഇവരുടെ വേദന ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വെറുതെ ജാഥ നടത്തിയത് കൊണ്ടൊന്നും കാര്യമില്ല. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധച്ച് ആരും യോഗത്തില്‍ ഒരു വിഷയവും ഉന്നയിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കെ.ബി.ഗണേഷ് കുമാര്‍, ദേവന്‍, മണിയന്‍ പിള്ള രാജു, കുക്കു പരമേശ്വരന്‍, മുകേഷ് എന്നിവര്‍ക്കൊപ്പമാണ് ഇന്നസെന്റ് വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിനിടെ വാര്‍ത്താസമ്മേളനത്തില്‍ താരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേരാംവണ്ണം മറുപടി നല്‍കാതെ രോഷാകുലരാവുകയായിരുന്നു ജനപ്രതിനിധികള്‍ കൂടിയായ മുകേഷും ഗണേഷ് കുമാറും. ദിലീപിനെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടോ എന്ന ചോദ്യമാണു മുകേഷിനെ പ്രകോപിപ്പിച്ചത്. ദിലീപ് ഞങ്ങളുടെ കൂടെ ഇരിക്കുകയല്ലേയെന്നും പിന്നെ എങ്ങനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണു നിങ്ങള്‍ പറയുന്നതെന്നും മുകേഷ് ചോദിച്ചു. ഞങ്ങള്‍ക്കറിയാം കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. കസേരയില്‍നിന്നെഴുന്നേറ്റുനിന്നാണു മുകേഷ് സംസാരിച്ചത്.
എല്ലാവരും ചോദ്യം ചോദിച്ചോളൂവെന്ന് ഞാന്‍ സ്‌റ്റേജില്‍വന്നു യോഗത്തില്‍ പറഞ്ഞിട്ടും അംഗങ്ങളാരും സംസാരിച്ചില്ലെന്നു കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. പോലീസ് അന്വേഷണത്തെ അമ്മ ഒരിക്കലും തടസ്സപ്പെടുത്തില്ല. ദിലീപിന്റെ മൊഴി പോലീസ് എടുത്തതില്‍ സംഘടനയ്ക്കു പരാതിയില്ല. വിഷമം അനുഭവിക്കുന്ന രണ്ട് അംഗങ്ങളെയും തള്ളിക്കളയില്ല. അവരു രണ്ടുപേരെയും മക്കളായി കൊണ്ടുനടക്കുമെന്നും ഗണേഷ് പറഞ്ഞു.
മറ്റു നടന്‍മാര്‍ മാധ്യമങ്ങളോടു രോഷം പ്രകടിപ്പിച്ചപ്പോള്‍ ഈ സമയമത്രയും വേദിയിലുണ്ടായിരുന്ന സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിച്ചില്ല. ഈ ബഹളത്തിനിടയിലും ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടതും ഇവരുടെ മൗനം തന്നെയായിരുന്നു. വേദിയിലുണ്ടായിരുന്ന ഗണേഷ് കുമാറും മുകേഷും ഇടവേള ബാബും ദേവനുമെല്ലാം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ ലാലും മമ്മൂട്ടിയും ഇതിലൊന്നും ഇടപെട്ടില്ല.
വേദിയിലുണ്ടായിരുന്ന ദിലീപും ആദ്യമൊന്നും മിണ്ടിയിരുന്നില്ലെങ്കിലും പിന്നീട് മറുപടി പറയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അമ്മയുടെ ഭാരവാഹികളാരും നടിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല എന്ന് ഇന്നസെന്റ് പറഞ്ഞു. അപ്പോള്‍ ദിലീപ് അമ്മയുടെ ഭാരവാഹിയല്ലെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇതിനുള്ള വിശദീകരണമായാണ് ദിലീപ് സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.