കേരളത്തിന് അഭിമാനം; കൊച്ചി മെട്രോ ഇനി നമ്മുക്ക് സ്വന്തം; ഉദ്ഘാടനത്തിനിടെ കുമ്മനം വിവാദവും

കൊച്ചി: കേരളത്തിന്് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടു കൊച്ചിയുടെ ആകാശത്ത് മെട്രോ ട്രെയിനുകള്‍ പറന്നുതുടങ്ങി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തു. മെട്രോ യാത്രക്കാര്‍ക്കായുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. മെട്രോയ്ക്കുവേണ്ടിയുള്ള മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയര്‍ സൗമിനി ജയിന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രിക്ക് കൊച്ചി മെട്രോയുടെ മാതൃക മുഖ്യമന്ത്രി സമ്മാനിച്ചു.
രാവിലെ 10.15ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി, പാലാരിവട്ടം മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടനത്തിനുശേഷം കൊച്ചി മെട്രോയില്‍ യാത്രചെയ്തു. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും കന്നി മെട്രോ യാത്ര. തുടര്‍ന്നായിരുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനം. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.
സ്വാഗതപ്രസംഗത്തിന്റെ സമയത്ത് മെട്രോമാന്‍ ഇ.ശ്രീധരന്റെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ സദസില്‍നിന്ന് വന്‍ കരഘോഷം ഉയര്‍ന്നു.
ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ ഇടം നല്‍കിയവരുടെ ആദ്യ പട്ടികയില്‍നിന്ന് ശ്രീധരന്റെ പേര് ഒഴിവാക്കിയത് കേരളത്തില്‍ വന്‍ രാഷ്ട്രീയവിവാദമായിരുന്നു. ഇതിനിടെ, ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മെട്രോ ട്രെയിന്‍ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തുടങ്ങിയവര്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും യാത്രചെയ്തത് വിവാദമായി.
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് നല്‍കിയ പട്ടികയനുസരിച്ചാണ് കുമ്മനത്തെ വാഹനവ്യൂഹത്തിലും മെട്രോ യാത്രയിലും ഉള്‍പ്പെടുത്തിയതെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പമുള്ള കുമ്മനത്തിന്റെ യാത്ര പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയവോടെയാണെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജും അറിയിച്ചു. ഇതേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും മെട്രോയില്‍ യാത്ര ചെയ്തപ്പോള്‍ കുമ്മനവും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിനൊപ്പമിരുന്നു. ഭരണഘടനാ പദവിയോ ജനപ്രതിനിധിയോ അല്ലാത്തയാള്‍ ഉദ്ഘാടനയാത്രയില്‍ പങ്കാളിയായതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനമോ സുരക്ഷാ പ്രശ്‌നമോ ഉണ്ടെങ്കില്‍ എസ്പിജിയാണ് ചൂണ്ടിക്കാട്ടേണ്ടതെന്ന് കുമ്മനത്തിന്റെ യാത്രയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
പ്രധാനമന്ത്രിക്ക് അടുത്തറിയാവുന്ന വ്യക്തി എന്ന നിലയില്‍ കുമ്മനം അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തതില്‍ അപാകത ഇല്ലെന്നാണ് പൊലീസ് അടക്കമുള്ള സുരക്ഷാ ഏജന്‍സികളുടെ ഔദ്യോഗിക വിശദീകരണം. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത മെട്രോ യാത്രയുടെ ചിത്രത്തില്‍നിന്ന് കുമ്മനത്തെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുള്‍പ്പെടുത്തുകയും ചെയ്തു.
രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റ്, പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഈ വിവാദത്തോടു പ്രതികരിച്ചു. പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ പേരുള്ളതുകൊണ്ടാണ് യാത്രയില്‍ പങ്കെടുത്തത്. പേര് ഉള്‍പ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരു പറഞ്ഞിട്ടാണു തന്നെ ഉള്‍പ്പെടുത്തിയതെന്നും അറിയില്ല. ഇക്കാര്യം കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായറിയാം. എന്നിട്ടും എന്തിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് കുമ്മനം ചോദിച്ചു. കുമ്മനം പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്തത് സുരക്ഷാവീഴചയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു കുമ്മനം.

Leave a Reply

Your email address will not be published. Required fields are marked *