വിമാനത്തില്‍ സംശയകരമായ സംഭാഷണം; മൂന്നുയാത്രക്കാര്‍ അറസ്റ്റില്‍

ബെര്‍ലിന്‍: യാത്രക്കാരുടെ സംശയകരമായ സംഭാഷണത്തെ തുടര്‍ന്നു വിമാനം അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിലെ യാത്രക്കാര്‍ സഹയാത്രികരായ മൂന്നുപേരുടെ സംഭാഷണത്തെക്കുറിച്ച് ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം ജര്‍മനിയിലെ കൊളോണില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നു യാത്രക്കാരെ അറസ്റ്റു ചെയ്തതായി ജര്‍മന്‍ പോലീസ് അറിയിച്ചു. വിമാനത്തില്‍ 151 യാത്രക്കാരുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി വിമാനത്താവളത്തിലേക്കു മാറ്റി. മൂന്നു പേരെയും കൊളോണ്‍ പോലീസിനു കൈമാറി. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗ് ബോംബ് സ്‌ക്വാഡ് നശിപ്പിച്ചു. ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ചാണ് മൂന്നുപേരും സംസാരിച്ചതെന്നാണ് മറ്റു യാത്രക്കാര്‍ അറിയിച്ചത്. ഇവരുടെ ബാഗിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ചോ ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നതിനെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പത്തോളം വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ഇരുപത് വിമാനങ്ങള്‍ വൈകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *