നല്ല രോഗി ആവുക

പള്ളിയില്‍ കുര്‍ബ്ബാന കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് മരിയ ഒരു കാഴ്ച കണ്ടത്. പ്രധാന ശുശ്രൂഷക്കാരന്‍ പൌലോസുചേട്ടന്‍ ഒരു കൈക്കുടന്ന നിറയെ ഗുളികകള്‍ ഒരു കൈയ്യിലും, ആവി പൊങ്ങുന്ന ചായ മറ്റേ കയ്യിലുമായി നില്‍ക്കുന്നു. എന്താണ് ചെയ്യുന്നതെന്നു നോക്കിയപ്പോഴേക്കും ആ ഗുളികകള്‍ മുഴുവന്‍ വായിലേക്കിട്ടിട്ട് ഒപ്പം അതുവിഴുങ്ങാനായി ആ ചൂടുചായ കുടിക്കുന്നു.
ഫാര്‍മസിസ്റ്റ് ആയ മരിയക്കിതു കണ്ടുനില്‍ക്കാനായില്ല. അവള്‍ ചേട്ടനോടു ചൊടിച്ചു
‘ എന്തായിത് ഇത്രയധികം മരുന്ന് എല്ലാം കൂടി ഒരുമിച്ച് കഴിക്കുന്നോ..? അതും ആവി പറക്കുന്ന ചായയുടെ കൂടെ..! ഇതില്‍ ഭക്ഷണത്തിനു മുമ്പ് കഴിക്കേണ്ടതേതാണ്..അല്ലാത്തതേതാണ് എന്നൊന്നും നോക്കുന്നില്ലേ…അതും പോകട്ടെ…വെള്ളത്തിലലിയിപ്പിച്ചു കഴിക്കേണ്ട മരുന്നുകള്‍ അതിലുണ്ടോ…എന്നൊക്കെ നോക്കിയിട്ടു വേണ്ടേ കഴിക്കാന്‍.
ഉടന്‍ വന്നു പൊട്ടിച്ചിരിയില്‍ കലര്‍ന്ന മറുപടി
‘ നീ ഒന്നു പോ…ഞാനിത്രനാളും ഇങ്ങനെയാ ഈ മരുന്നുകള്‍ കഴിച്ചത്. എനിക്കിതുവരെ ഒരു കുഴപ്പവും വന്നില്ല’
അപ്പോള്‍ മുറുവുണങ്ങാതെ കാലില്‍ പഴുപ്പു കയറിവരുന്നതോ? പ്രമേഹത്തിന്റെ മരുന്നെങ്കിലും ശരിയായി കഴിക്കുന്നുണ്ടോ…? മരിയ ചോദ്യങ്ങളൊടൊപ്പം കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടു തുടര്‍ന്നു.
‘മരുന്നുകള്‍ തിളപ്പിച്ചാറിയ വെള്ളത്തോടോപ്പമാണ് കഴിക്കേണ്ടത്. നാല്‍പ്പതുഡിഗ്രിയില്‍ കൂടിയ ചൂട് മരുന്നിന്റെ പ്രവര്‍ത്തനശേഷി നഷ്ടപ്പെടുത്തും. മാത്രവുമല്ല, ചായയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മരുന്നുമായി പ്രതിപ്രവര്‍ത്തിച്ച് അവയുടെ ഗുണം നഷ്ടപ്പെടുത്തും, അതുകൊണ്ട് മരുന്നു കഴിക്കുന്നതിന്റെ പ്രയോജനം ലഭ്യമാകുകയില്ല’
മരിയ ചേട്ടന്റെ പുറകെചെന്ന് ഇത്രയും പറഞ്ഞുതീര്‍ത്തു.

‘ അയ്യോ ഇങ്ങനെയൊക്കെയുണ്ടോ…ഇതൊന്നും എനിക്കറിയില്ലായിരുന്നു’. അടുത്ത പ്രാവശ്യം മുതല്‍ മരുന്നുകഴിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാം’.
ചേട്ടന്റെ മറുപടി ആശാവഹമായിരുന്നതുകൊണ്ട് മരിയക്ക് സന്തോഷമായി.

********
മരുന്നിന്റെ പ്രയോജനം ഏറ്റവും നന്നായി ലഭിക്കണമെങ്കില്‍ ഭക്ഷണത്തോടു ബന്ധപ്പെടുത്തിയുള്ള സമയക്രമീകരണവും പാലിക്കണം.
മരുന്നു കഴിക്കാനായി കുറിക്കുമ്പോള്‍ ഡോക്ടറുമായും, മരുന്നുകടയില്‍നിന്ന് മരുന്ന് ലഭിക്കുമ്പോള്‍ ഫാര്‍മസിസ്റ്റുമായും നന്നായി ആശയവിനിമയം ചെയ്ത് കൃത്യമായി കഴിക്കേണ്ടവിധത്തില്‍
മരുന്നു മരുന്നുകഴിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഇല്ലെങ്കില്‍ സമയവും പണവും ചെലവഴിക്കുന്നത് വെറുതെയാകും, മാത്രമല്ല ഗുണത്തേക്കാളേറെ ദോഷവുമാകും.ആശയവിനിമയത്തില്‍ വന്ന വിടവുമൂലമാണ് മുകളില്‍ പറഞ്ഞ തെറ്റിദ്ധാരണ സംഭവിച്ചത്. മരുന്നുകഴിക്കേണ്ട സമയം, ഭക്ഷണത്തിനു മുമ്പോ പിമ്പോ കഴിക്കേണ്ടത്, മരുന്നും ഭക്ഷണവും തമ്മിലുള്ള ഇടവേളകള്‍ ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.
രോഗവുമായി ബന്ധപ്പെടുത്തിചിന്തിക്കുമ്പോള്‍ മനുഷ്യരെ രണ്ടായി തരംതിരിക്കാമെന്നു തോന്നുന്നു. ഒരു ചെറിയ അസുഖം വന്നാല്‍പ്പോലും സ്വയംചികിത്സിച്ചോ മറ്റുള്ളവരുടെ ഉപദേശമനുസരിച്ചോ മരുന്നുകഴിക്കുന്നവരാണ് ഒരുകൂട്ടര്‍. ഇത്തരക്കാരുടെ വീട്ടിലും ബാഗിലും ഒരു ചെറിയ ‘ മരുന്നുകട’ തന്നെ ഉണ്ടാകും. എന്തസുഖം വന്നാലും മരുന്നുകഴിക്കാത്തവരാണ് രണ്ടാമത്തെ വിഭാഗം. അസുഖം മൂര്‍ച്ഛിച്ച് ചികിത്സ ഫലപ്രദമാകാത്ത ഒരവസ്ഥയിലാവും ഇത്തരക്കാര്‍ വൈദ്യസഹായം തേടുന്നത്. ഈ രണ്ടു നടപടിയും ശരിയല്ല. അസുഖത്തിന് മരുന്ന് ആവശ്യമുണ്ടോ? എങ്കില്‍ ഏതുമരുന്ന്, എത്ര അളവില്‍, എത്രനാള്‍കഴിക്കണം? നമ്മുടെ നാട്ടില്‍ഇതൊക്കെ തീരുമാനിക്കുന്നത് നിര്‍ദ്ദിഷ്ടയോഗ്യതയുള്ള ഡോക്ടറാണ്. അതിനുപകരമായി സ്വയംചികിത്സ നടത്തുന്നത് അപകടമുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *