ഉണ്ണുമ്പോള്‍ നിറയേണ്ടത് മനസ്സാണ്

ഭക്ഷണം ശരീരത്തിനാണെങ്കിലും നിറയുന്നത് മനസ്സാണ്. കഴിച്ച ഭക്ഷണത്തില്‍നിന്നുണ്ടാകുന്ന നിര്‍വൃതിയാണ് സംതൃപ്തി നല്കുന്നത്. എല്ലാവരും തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു. രുചിയുള്ള ഭക്ഷണം ആവശ്യത്തിന് കഴിക്കുന്നത് സന്തോഷപ്രദമാണ്. ഭക്ഷണം നല്കുന്നവരുടെ സ്‌നേഹോപചാരങ്ങളും സംതൃപ്തിയെ ബാധിക്കുന്നതാണ്.

നിങ്ങള്‍ ഒരു ഹോട്ടലില്‍ കയറി അവിടെ സ്വാദിഷ്ടമായ ഭക്ഷണമാണ് വിളമ്പുന്നത്. പക്ഷേ, ജോലിക്കാര്‍ വളരെ മോശമായാണ് പെരുമാറുന്നത്. ആരും നിങ്ങളുടെ മുഖത്തുപോലും നോക്കുന്നില്ല. ഒരു കാര്യത്തിന് വിളിച്ചാല്‍ ആളെക്കിട്ടാനില്ല. വരുന്നവരാകട്ടെ ദേഷ്യത്തോടെ പെരുമാറുന്നു. സ്വാഭാവികമായും, നിങ്ങള്‍ അസ്വസ്ഥനാകുന്നു. ഭക്ഷണത്തിന്റെ രുചിയേക്കാളുപരി വിളമ്പിയവരുടെ പെരുമാറ്റം, അസംതൃപ്തമാക്കുന്നു. അത് തിരിച്ചാണെങ്കിലോ? വളരെ പ്രസാദാത്മകമായ മുഖത്തോടെ പരിചരിക്കുന്നവര്‍, ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സേവനം ചെയ്യുന്ന ജോലിക്കാര്‍. കഴിച്ച ഭക്ഷണത്തിന്റെ രുചി ഇരട്ടിയായത് പോലെയായിരിക്കുമത്.
ഗൃഹസന്ദര്‍ശനങ്ങള്‍ക്ക് പോകുമ്പോഴും ഇത് സംഭവിക്കുന്നതാണ്. ആഗതനെ ശ്രദ്ധിക്കാതെ, ആഥിതേയന്‍ ഭക്ഷണകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ഭക്ഷണം വിളമ്പിയതിനുശേഷം, അതിനേക്കുറിച്ചു മാത്രമായിരിക്കും സംസാരം. വന്നതുതന്നെ തിന്നാനാണെന്ന മട്ടിലാണ് ഇടപെടല്‍. അവിടെ പിന്നെ പോകാനേ നമുക്ക് തോന്നുകയില്ല. സൗഹൃദസന്ദര്‍ശനങ്ങളും കണ്ടുമുട്ടുന്ന വ്യക്തികളാണ് പ്രധാനം. വിളമ്പുന്ന ഭക്ഷണം ബന്ധങ്ങളുടെ രുചിക്കൂട്ടാനുപകരിക്കണം. നല്കുന്നത് ഒരു ഗ്ലാസ് വെള്ളം മാത്രമായിരിക്കും. അതിലൂടെ വിളമ്പുന്ന സ്‌നേഹവും കരുതലുമാണ് സംതൃപ്തിയേകുന്നത്.
വീട്ടിലെ ഊണുമേശയിലും വിളമ്പുന്നതും സ്‌നേഹം തന്നെയാണ്. വഴക്ക് കൂടുമ്പോള്‍ ഊണുമേശയില്‍നിന്നും ഇറങ്ങിപ്പോകുന്നത് അതുകൊണ്ടാണ്. ഊണ്‍മേശകളില്‍ പിടിച്ചിരുത്തുന്നത് ഭക്ഷണത്തേക്കാളുപരി, ചുറ്റുമിരിക്കുന്നവരുടെ സഹവര്‍ത്തിത്വമാണ്. അമ്മച്ചോറ് വിളമ്പി എന്നാണ് പറയാറ്. അതില്‍ അമ്മയുടെ സര്‍വ്വനന്മകളും അടങ്ങിയിരിക്കുന്നു. അതില്ലാത്തപ്പോഴാണ് മക്കള്‍ ഭക്ഷണസമയത്തും വീട്ടിലെത്താത്തത്.
കല്യാണസദ്യക്കും മറ്റും പോകുമ്പോള്‍ നാം സന്തോഷഭരിതരാണ്. അത് ഭക്ഷണം കഴിക്കുന്നതുകൊണ്ട് മാത്രമല്ല. പരിചയക്കാരെയും സ്വന്തക്കാരെയും കാണുന്നതിന്റെ സന്തോഷം കൂടിയുണ്ടതില്‍. സന്തോഷം വിടരുന്ന സൗഹൃദങ്ങളാണ് അത്തരം ചടങ്ങുകള്‍. അതില്ലാത്തപ്പോഴാണ് സാമ്പാറിന് എരിവ് കുറഞ്ഞാല്‍ അടികൂടുന്നത്. സദ്യയിലെ കുറവുകള്‍ ബന്ധങ്ങളിലെ വിള്ളലുകള്‍ വീഴ്ത്തുന്നതും. സദ്യ നല്കുന്ന ആള്‍ കൊടുക്കുന്നത് ആതിഥ്യമര്യാദയാണ്. ഭക്ഷണം അതില്‍ ഒന്നു മാത്രം. ഭക്ഷണത്തില്‍ മാത്രമല്ല, അതിഥി പങ്കുകൊള്ളേണ്ടത്, ആതിഥേയനോടുള്ള അതിഥിമര്യാദ പ്രദര്‍ശിപ്പിച്ചുകൊണ്ടുമാകണം.
അല്പംകൂടി കഴിക്കണമെന്ന് തോന്നുമ്പോള്‍ നിറുത്തുക. ആഹാരത്തെക്കുറിച്ചുള്ള ഈ ആപ്തവാക്യം പാലിക്കപ്പെടേണ്ടത് തന്നെ. കൂടുതല്‍ കഴിക്കുന്നത് ശരീരത്തെ തളര്‍ത്തുന്നു. കഴിച്ചത് നിയന്ത്രിക്കാനാവാത്തതിന്റെ കുറ്റബോധം പതിയെ ഉടലെടുക്കുന്നു. അതിനാല്‍ വയറിനോടൊപ്പം മനസ്സും നിറയ്ക്കുക. ആവശ്യത്തിലും ഇത്തിരി കുറച്ച് കഴിക്കുക. ആ ഇടം സന്തോഷംകൊണ്ട് നിറയ്ക്കുക. ഭക്ഷണം വിളമ്പുമ്പോള്‍ സ്‌നേഹം കൂടി കൊടുക്കുക. ആതിഥേയനാകുമ്പോഴും അതിഥിയാകുമ്പോഴും ഉള്ളുനിറയെ കൊടുക്കുക. മനസ്സ് നിറച്ചേ ഒരാളെ പറഞ്ഞുവിടാവൂ.

Leave a Reply

Your email address will not be published. Required fields are marked *