എന്താണ് ചിന്ത…. ചിന്തയെ നിയന്ത്രിക്കേണ്ടതുണ്ടോ?

മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തനാക്കിതീര്‍ക്കുന്ന ഘടകങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ചിന്താശക്തി. ദൈവം മനുഷ്യനു നല്കിയിട്ടുള്ള അതിശ്രേഷ്ഠമായ ദാനമാണത്.
എന്താണ് ചിന്ത എന്നു പറയുമ്പോള്‍ നാം അര്‍ത്ഥമാക്കുന്നത്? ചിന്തിക്കുക എന്നത് മനസ്സിന്റെ കാര്യമാണ്. ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നതിനും, ചെയ്യാതിരിക്കുന്നതിനും ചിന്തിക്കണം. കാര്യത്തിന്റെ ഈ രണ്ട് അവസ്ഥകളും വ്യക്തിയുടെ മുമ്പില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ശരീരത്തിന്റെ ജോലി പ്രവര്‍ത്തിക്കുക എന്നതാണ്. അതുപോലെ ചിന്തിക്കുക എന്നതാണ് ബുദ്ധിയുടെ ജോലി. തെറ്റും ശരിയും നന്മയും തിന്മയും ചെയ്യുകയും ചെയ്യാതിരിക്കുക എന്നിവയെല്ലാം ആപേക്ഷികമാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചുനില്‍ക്കുന്നവയാണ്. ഈ സംശയങ്ങള്‍ വിചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സില്‍ എപ്പോഴെങ്കിലും ഏതെങ്കിലും ആഗ്രഹം ഉളവാകുമ്പോള്‍ വിചാരം തുടങ്ങുകയായി. ആഗ്രഹം പൂര്‍ത്തിയാകുമോ, പൂര്‍ണമാകാതിരിക്കുമോ എന്നാണ് ചിന്ത. സുഖദുഃഖങ്ങളുടെ തോന്നല്‍ നമ്മുടെ ശരീരത്തിനോ ബുദ്ധിക്കോ ഉണ്ടാകുന്നില്ല. അതിനുള്ള ഒരാഗ്രഹവും ഉണ്ടാകുന്നുമില്ല. ആഗ്രഹം മനസ്സില്‍ മാത്രമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് മനസ്സിന് ശിക്ഷണം നല്‌കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായിതീരുന്നു. മനസ്സ് ഏതിനെയാണ് സുഖമായി കണക്കാക്കേണ്ടത്, അസുഖമായി കാണേണ്ടത് എന്ന് മനസ്സിനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഇതിനുള്ള എളുപ്പമാര്‍ഗം കുട്ടികള്‍ക്കുള്ള കഥകള്‍ വായിക്കുക എന്നതാണ്. പ്രത്യേകിച്ച് പൗരാണിക കഥകളും നാടോടിക്കഥകളും വായിക്കണം. ഈ കഥകളില്‍ മനുഷ്യന്റെ ദുഷ്ചിന്തകള്‍ മാറ്റുവാന്‍ ഉപകരിക്കുന്ന ധാരാളം ഗുണപാഠങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നത് ജീവിതത്തിന് ഹിതകരമായ കാര്യങ്ങള്‍ നമുക്ക് കണ്ടുപഠിക്കുവാന്‍ സാധിക്കും. ഈ കഥകള്‍ വായിക്കുവാന്‍ മനസ്സിനും താല്പര്യം കാണും. ഓരോ വ്യക്തിയിലും എന്തെങ്കിലും ബാലഭാവം കാണും. ഈ കഥകള്‍ വ്യക്തികളെ നന്നായി സ്വാധീനിക്കുകയും ചെയ്യും.
ജീവിതം അനുഭവങ്ങളുടെ പരീക്ഷണശാലയാണ്. ഈ അനുഭവം തന്നെയാണ് വ്യക്തിക്ക് ഓരോ തവണയും പുതിയ ‘ഐഡിയാ’ നല്‍കുന്നത്. ഇതാണ് വ്യക്തിയുടെ സൃഷ്ടിപരമായ പങ്കാളിത്തം വഹിക്കുന്നത്. നാം ചിന്തയുടെ മാര്‍ഗം സ്വീകരിച്ചുകഴിഞ്ഞാല്‍ നമുക്ക് സമാധാനത്തിന്റെ നിമിഷങ്ങളില്‍ വളരെയധികം ‘ഐഡിയകള്‍’ ശേഖരിക്കാന്‍ സാധിക്കും. അവയുടെ പ്രശ്‌നപരിഹാരം അന്വേഷിക്കാം. ആശയങ്ങള്‍ തലച്ചോറില്‍നിന്നാണുണ്ടാകുന്നത്. തലച്ചോറിന് പല തരത്തിലുള്ള തര്‍ക്കം ഉന്നയിക്കാം; പലതും വേണമെങ്കില്‍ തള്ളിക്കളയാം. ഓരോ ആശയവും ആദ്യം മനസ്സിന്റെ ത്രാസിലിട്ടു തൂക്കിനോക്കിയിട്ടു വേണം തീരുമാനമെടുക്കാന്‍. മനസ്സുമായി നമ്മുടെ സാമീപ്യം വര്‍ധിപ്പിക്കണം. മനസ്സിനെ അറിഞ്ഞാല്‍ നമ്മുടെ വിചാരം സദാ ശരിയായിരിക്കും. മനസ്സിന് തെറ്റും ശരിയും തിരിച്ചറിയാം, നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിയും. മനസ്സിനോടൊപ്പമാണ് നമ്മുടെ നിലനില്‍പ്പ്.
നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവരുന്ന ആശയങ്ങളെ അപഗ്രഥിക്കലാണ് ചിന്ത. ചിന്തയാണ് പ്രായോഗിക ജീവിതത്തില്‍ ആശയങ്ങളെ യാഥാര്‍ഥ്യമാക്കുന്നത്. എല്ലാ വിജയങ്ങളും പരാജയങ്ങളും പെരുമാറ്റവും ഒരു ചിന്തയായിട്ടാണ് ഉടലെടുക്കുന്നത്. ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് ‘രണ്ട് പ്രാവശ്യം അതിനെക്കുറിച്ച് ചിന്തിക്കണമെന്നൊരു’ ചൊല്ലുണ്ട്. മഹത്തായ ശ്രേഷ്ഠമായ ചിന്തകള്‍ മനസ്സില്‍ നിലനിര്‍ത്തിയാല്‍ തദനുസൃതമായ പ്രവര്‍ത്തികള്‍ ഉണ്ടാകും. അതിന്റെ ഫലം ജീവിതത്തില്‍ ഉണ്ടാകുകയും ചെയ്യും.
‘ക്രിയാത്മക ചിന്തകള്‍ ഉള്ളവര്‍ എന്നും ക്രിയാത്മകഫലങ്ങളേ കൊയ്തിട്ടുള്ളൂ. വ്യാകുല ചിന്തകള്‍ വികലവും വിജയത്തിലേക്കുള്ള വഴിമുടക്കികളുമെന്നോര്‍ക്കുക’ ഇത് ശ്രീബുദ്ധന്റെ വരികളാണ്. എത്ര അര്‍ത്ഥവത്താണ് ഈ വരികള്‍.
ഭൗതിക ആവശ്യങ്ങള്‍ക്കു മാത്രമല്ല, സമാധാനത്തിനും സന്തോഷത്തിനും ചിന്തയെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ ചിന്തകള്‍ നാമറിയാതെ സാഹചര്യങ്ങളുടെ സ്വാധീനവലയത്തില്‍പ്പെട്ട് രൂപപ്പെടുകയാണ്. എല്ലാം വിധിയാണ്, സംഭവിക്കേണ്ടതാണ് എന്നൊക്കെ നാം ചിന്തിക്കുന്നത് അതുകൊണ്ടാണ്.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ‘ചിന്തകളെ ജാഗരൂകമായിരിക്കുക’ എന്ന് സൂചിപ്പിച്ചിട്ടുണ്ട്. ചിന്തയും ചിതയും ഒരുപോലെയാണ്. ആകുലചിന്തയാണ് ചിതപോലെ മനുഷ്യനെ ദഹിപ്പിക്കുന്നത്. അതു ജീവിക്കുന്ന മനുഷ്യന്റെ മനസ്സിനെ നിഷ്‌ക്രിയവും നൈരാശ്യപൂര്‍ണവുമാക്കി വെണ്ണീറിനു തുല്യമാക്കുന്നു. ഭവിഷ്യത്തുകളെ പറ്റി വിലയിരുത്തുവാന്‍ ചിന്തയ്‌ക്കേ കഴിയൂ.
ചുവടുകളെ സൂക്ഷിക്കുക. ചിലയിടങ്ങളില്‍ ഇങ്ങനെ എഴുതിവച്ചിട്ടുണ്ടാകും. സൂക്ഷ്മതയില്ലെങ്കില്‍ വഴുതി വീഴാന്‍ സാധ്യതയുണ്ടെന്നാണ്. വളരെ കൃത്യതയോടെയുള്ള ചിന്തനത്തിന്റെ പ്രസക്തി അതാണ്. സാഹസികത എന്നതിനു തെറ്റായ ഒരര്‍ത്ഥതലം നാം നല്‍കാറുണ്ട്. ചിന്താശൂന്യമായും മൗഢ്യമായും പ്രവര്‍ത്തിക്കുന്ന ശൈലി. എന്നാല്‍ സര്‍ഗാത്മകമായ ഒരര്‍ത്ഥം കൂടിയുണ്ട്. നഷ്ടസംഭവങ്ങളെപറ്റി ചിന്തിച്ചും പഠിച്ചും ആവശ്യമായ അറിവു നേടിയും ധീരതയോടെ മുന്നോട്ടിറങ്ങുന്ന അനുഭവം. അതില്ലാത്തതാണ് പലരുടേയും പരാജയകാരണം. സര്‍ഗാത്മകമായി, പോസിറ്റീവായി ചിന്തിക്കുമ്പോള്‍ നിങ്ങള്‍ എവിടെയും വിജയിക്കും.
മാര്‍ട്ടിന്‍ ലൂഥര്‍ പറഞ്ഞു: ‘നമ്മുടെ തലയ്ക്കു മുകളിലൂടെ പക്ഷികള്‍ പറന്നുപോകുന്നതിനെ തടയാന്‍ നമുക്കു സാധിക്കയില്ല. പക്ഷേ, നമ്മുടെ തലയില്‍ അവ വന്നു കൂടുകെട്ടുവാന്‍ അനുവദിക്കാതെ സൂക്ഷിക്കാം.’ ലൂഥര്‍ പരാമര്‍ശിച്ചത് നമ്മുടെ ചിന്തകളെക്കുറിച്ചാണ്. ഓരോ നിമിഷവും നമ്മുടെ മനസ്സില്‍ ചിന്തകള്‍ വന്നുനിറയുന്നു. അവ നല്ല ചിന്തകളാവാം. തിന്മയുളവാക്കുന്നതുമാവാം. അവ നമ്മില്‍ ഉദിക്കുന്നത് നമ്മുടെ അനുവാദത്തോടെയല്ല. പറന്നുപോകുന്ന പക്ഷികളെപ്പോലെ ചിന്തകള്‍ മനസ്സില്‍കൂടി പാറിപ്പോകുമ്പോള്‍ അവ നമ്മെ സ്വാധീനിക്കയില്ല. എന്നാല്‍ നാം അവയെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് അവയ്ക്ക് നമ്മില്‍ സ്വാധീനവും നിയന്ത്രണവുമുണ്ടാകുന്നത്. ഒരേ ചിന്തതന്നെ കൂടുതല്‍ സമയം താലോലിക്കുവാനും ഭാവനകളില്‍ കൂടി ഊട്ടിയുറപ്പിക്കുവാനും മുതിരുമ്പോള്‍ അതു നമ്മുടെ സത്തയിലേക്കു കടന്നുവരുന്നു. മാത്രമല്ല, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരണയും ഊര്‍ജ്ജവും പകരുന്നു.
നമ്മുടെ ചിന്താമണ്ഡലമാണ് ആദ്യത്തെ പോരാട്ടരംഗം. അവിടെ കരുതലും സൂക്ഷ്മതയും പാലിക്കാത്തപക്ഷം പരാജയം നിശ്ചയമാണ്. നമ്മുടെ ഹൃദയഭിത്തികള്‍ ശൂന്യമായി കിടക്കുവാന്‍ നാമിഷ്ടപ്പെടുന്നില്ല. നമുക്ക് താല്പര്യമുള്ളതും നമ്മെ ഹരം പിടിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ അവിടെ തൂക്കിയിടുവാന്‍ നാം ശ്രമിക്കുന്നു. പലപ്പോഴും ശുദ്ധവും സ്വച്ഛവുമായ ചിത്രങ്ങളല്ല, മ്ലേച്ഛവും ദോഷജനകവുമായവയ്ക്കാണ് നാം സ്ഥലം കൊടുക്കുന്നത്. പരസ്യമായി ചെയ്യാന്‍ മടിക്കുന്നതും ശങ്കിക്കുന്നതുമായ പലതും ചിന്തയില്‍ കടത്തിവിട്ടു നാം സംതൃപ്തി വരുത്തുകയാണ്.
നമ്മുടെ ഭാവനകളും ചിന്തകളുമാണ് നമ്മുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും കരുപ്പിടിപ്പിക്കുന്നത്. നമ്മെപ്പറ്റി നാം ചിന്തിക്കുന്നതായിരിക്കില്ല നമ്മുടെ അവസ്ഥ. എന്നാല്‍ നാമെന്തു ചിന്തിക്കുന്നുവോ അതാണ് നമ്മുടെ യഥാര്‍ത്ഥ സ്വഭാവം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ചിന്തയെക്കാള്‍ ശക്തമായിട്ടുള്ള മറ്റൊന്ന് ലോകത്തിലില്ല.
ചിന്താമണ്ഡലത്തെ അപഗ്രഥനം ചെയ്തിട്ടുള്ള ശാസ്ത്രീയപഠനം ഇന്നു വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. ചിന്തകള്‍ സ്വഭാവത്തെയും പെരുമാറ്റങ്ങളെയും എത്രകണ്ടു സ്വാധീനിക്കുന്നുവെന്ന് മനശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നു.
ഉല്‍കൃഷ്ട ചിന്തകളില്‍ മനസ്സു വ്യാപരിക്കുവാന്‍ ശ്രദ്ധ വച്ചേ മതിയാകൂ. കുടില ചിന്തകള്‍ക്കിടം കൊടുക്കാതിരിക്കുക. കടന്നുവരുമ്പോള്‍ തന്നെ മനപ്പൂര്‍വ്വമായി അവയെ പുറത്താക്കുക. കാക്കയ്ക്കു കൂടുകൂട്ടാന്‍ ഇടം കൊടുക്കാതിരിക്കുക. അതു നമ്മുടെ മുകളില്‍കൂടി പറന്നുപൊയ്‌ക്കൊള്ളട്ടെ.
നിഷിദ്ധങ്ങളായ ചിന്തകള്‍ നമ്മുടെ മനസ്സിനെ ഇരുട്ടുകൊണ്ടു നിറയ്ക്കും. അതു നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. ഉല്‍കൃഷ്ട ചിന്തകള്‍ നമുക്ക് ഉള്‍വെളിച്ചം നല്‍കും. നമ്മുടെ സാമൂഹിക ജീവിതം മെച്ചപ്പെടണമെങ്കില്‍ ഓരോ വ്യക്തിയും സ്വാര്‍ഥതയെ അതിജീവിച്ച് മറ്റുള്ളവരെപ്പറ്റി ചിന്തിക്കുന്നവരും കരുതുന്നവരുമായി തീരണം.
നമ്മുടെ മനസ്സ് ശ്രേഷ്ഠചിന്തകളില്‍ വ്യാപരിക്കത്തക്കവണ്ണം നിയന്ത്രിക്കേണ്ടതാണ്. സര്‍ഗാത്മകചിന്തകളില്‍ ലയിക്കുന്ന രീതി സ്വായത്തമാക്കണം. മഹദ് വചനങ്ങള്‍ ഹൃദിസ്ഥമാക്കി ഉച്ചരിക്കുന്നതു തന്നെ വളരെ സഹായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *