സത്യത്തിന്റെ അടിസ്ഥാനം വേദന


ഏതു സത്യത്തിന്റെ പിന്‍പിലും വേദന ഉണ്ടായിരിക്കും. യാഥാര്‍ത്ഥ്യം വേദനിപ്പിക്കുന്നതായിരിക്കും. എന്നാല്‍ വേദനയില്ലാതെ സത്യം ഉളവാകുകയില്ല. ബോസ്റ്റണ്‍ കെല്‍ടിക്‌സിലെ ഡേവ് കവന്‍സ് പ്രസിദ്ധനായ ഒരു ബാസ്‌കറ്റ് ബോള്‍ കളിക്കാരനായിരുന്നു. ഒരു ദിവസം പെട്ടെന്ന് താന്‍ കളിക്കളം വിട്ടു. കുളിച്ച് വസ്ത്രം മാറി ഏകനായി ഡ്രൈവ് ചെയ്തു എവിടേക്കു പോകുന്നു എന്നു ലക്ഷ്യമില്ലാതെ യാത്ര പുറപ്പെട്ടു. യാഥാര്‍ത്ഥ്യത്തിനു വേണ്ടിയുള്ള യാത്ര. ലോകത്തിന്റെ പ്രശസ്തിയുടെ നെറുകയിലായിരുന്നു ഡേവ്. ഒന്നിനും മുട്ടില്ലാത്ത ജീവിതം. പണം, പ്രശസ്തി, ആരോഗ്യമുള്ള ശരീരം എല്ലാം സ്വന്തമാക്കിയെങ്കിലും എവിടെയോ ഒരു ശൂന്യത. ബോസ്റ്റണിലെ അത്‌ലറ്റിക് ജീവിതത്തില്‍ കണ്ടെത്താനാകാത്ത സത്യത്തിനുവേണ്ടിയുള്ള അന്വേഷണം; അതായിരുന്നു അവന്റെ ലക്ഷ്യം. യാഥാര്‍ത്ഥ്യം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോള്‍ അതു വേദനയിലൂടെ മാത്രമേ സാധിക്കയുള്ളൂ എന്നു വ്യക്തമായി പ്രതിപാദിക്കുന്ന മാര്‍ജറി വില്യംസിന്റെ കലാസൃഷ്ടി ഈ സത്യത്തെ വെളിവാക്കുന്നു.
മാര്‍ജറി വില്യംസിന്റെ കഥയിലെ കഥാപാത്രങ്ങളാണ് വെല്‍വെറ്റിനാല്‍ നിര്‍മിതമായ മുയലും, തോലില്‍ നിര്‍മിതമായ കുതിരയും (Velveteen Rabbit and Skin Horse). എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഇംഗ്ലീഷ് കുടുംബം. അപ്പനും അമ്മയും ഒരു ചെറിയ മകനും, അവനെ നോക്കുവാന്‍ ഒരു നാനിയും. ആ മകന്റെ സന്തോഷത്തിനായി പ്രത്യേകം തയാറാക്കിയ മുറിയും അതില്‍ നിറയെ കളിക്കൂട്ടുകാരായ കളിപ്പാട്ടങ്ങളും (toys). അവന്റെ കളിപ്പാട്ടങ്ങളില്‍ അവന് ഏറ്റവും ഇഷ്ടം ചൈനാ പട്ടിക്കുട്ടിയെ ആയിരുന്നു. എന്നാല്‍ അത് എങ്ങനെയോ കാണാതെയായി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഏങ്ങലടിക്കുന്ന കുട്ടിക്കു കൊടുക്കുവാന്‍ അവസാനം നാനി കണ്ടെത്തിയത് വെല്‍വെറ്റ് നിര്‍മിതമായ മുയലിനെ ആയിരുന്നു. മറ്റൊന്നുമില്ലാത്തതിനാല്‍ അവന്‍ അതുമായി കിടന്ന് ഉറങ്ങി. അവന്റെ ചൈനാ പട്ടിക്കു പകരം മുയലിനെ അവനു ആദ്യം ഇഷ്ടപ്പെട്ടില്ല. എന്നാല്‍ കാലക്രമേണ അവന്‍ അതുമായി കളിക്കുവാന്‍ തുടങ്ങി. അങ്ങനെ അവര്‍ യാഥാര്‍ഥ്യങ്ങളായി.
ആ നേഴ്‌സറിയില്‍ പല കളിപ്പാവകള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു തുകല്‍ കുതിര അഥവാ skin horse. വളരെ പഴക്കം ചെന്ന കളിക്കൂട്ടുകാരന്‍. രോമമെല്ലാം പൊഴിഞ്ഞു; എല്ലുകള്‍ പൊങ്ങിനില്ക്കുന്ന ശരീരം. പക്ഷെ അനേകനാളുകളുടെ പരിചയം, അറിവുകള്‍ ഇവയെല്ലാം അതിനെ കഴിവുറ്റ ഒന്നാക്കി മാറ്റിയിരിക്കുന്നു. ഒരുദിവസം മുയലും കുതിരയും മുഖത്തോടുമുഖം നോക്കികിടക്കുമ്പോള്‍ മുയല്‍ കുതിരയോടു ചോദിച്ചു:
‘സത്യം എന്നാല്‍ എന്താണ്? അത് എങ്ങനെ കണ്ടെത്താം? യാഥാര്‍ഥ്യം, ജനിക്കുമ്പോള്‍ ഉണ്ടാകുന്നതല്ല, അതു ക്രമേണ നമ്മില്‍ ഉരുവാകുന്നതാണ്. ഉദാഹരണമായി ഒരു കുട്ടി നിന്നെ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുമ്പോള്‍ ആ കുട്ടിക്ക് നീ ഒരു യാഥാര്‍ഥ്യമായിത്തീരും കുതിര പറഞ്ഞു. യാഥാര്‍ഥ്യം വേദനിപ്പിക്കുമോ? മുയല്‍ ചോദിച്ചു.
നിശ്ചയമായും മുറിപ്പെടുത്തും, കുതിര മറുപടിപറഞ്ഞു.
പെട്ടെന്ന് ഒറ്റയടിക്ക് വേദനിപ്പിച്ചോ, അതോ പലപ്പോഴായിട്ടാണോ? ഒരിക്കലും വേദനകള്‍ എല്ലാം കൂടെ ഒന്നിച്ചു വരാറില്ല. മുയലിനെ നോക്കി കുതിര പറഞ്ഞു:
‘യാഥാര്‍ഥ്യമായിത്തീരുവാന്‍ വളരെ നാളുകള്‍ എടുക്കും; നീ ഒരു Real (യാഥാര്‍ഥ്യം) ആകുമ്പോഴേക്കും മുടികള്‍ കൊഴിഞ്ഞേക്കാം, കണ്ണുകള്‍ മങ്ങിയിരിക്കാം, അസ്ഥികള്‍ ബലഹീനമാകാം. പക്ഷേ അതു സ്വാഭാവികമാണ്. എന്നാല്‍ നീ യാഥാര്‍ഥ്യമായിത്തീരും, അതു നിന്നില്‍ നിന്നും ഒരിക്കലും മാറിപ്പോകയില്ല. ഇതു കേട്ടയുടന്‍ കുതിരയോടു ചോദിച്ചു: നീ യാഥാര്‍ഥ്യമാണെന്നു ഞാന്‍ കരുതുന്നു; ശരിയല്ലേ? അതു കേട്ട കുതിര ഒന്നും മറുപടി പറയാതെ മുയലിനെ നോക്കി ഒന്നു മന്ദഹസിച്ചു; അത്രമാത്രം. അതിനുശേഷം പറഞ്ഞു: ഈ ബംഗ്ലാവിലെ കുട്ടിയുടെ അപ്പനാണ് എന്നെ യഥാര്‍ഥമായിരിപ്പാന്‍ സഹായിച്ചത്. ഒരിക്കല്‍ യാഥാര്‍ഥ്യമായാല്‍ പിന്നീടൊരിക്കലും യാഥാര്‍ഥ്യമല്ലാതിരിപ്പാന്‍ കഴിയുകയില്ല. യാഥാര്‍ഥ്യമായിതന്നെ എന്നും നിലനില്‍ക്കും. ഇതുകേട്ട മുയല്‍ യാഥാര്‍ഥ്യമാകുവാന്‍ ആഗ്രഹിച്ചു. ആ രാതി മുതല്‍ മുയല്‍ ആ മകന്റെ കിടക്കയില്‍ അവനോടൊപ്പം സന്തോഷത്തോടെ കിടക്കുവാനും അവന് സന്തോഷം നല്കുവാനും പരിശ്രമിച്ചു.
ആ മകന്റെ അമര്‍ത്തിയുള്ള ചുംബനവും, മുയലിന്റെ പുറത്തുകയറി അവന്‍ കിടക്കുന്നതും, തലയിണയുടെ അടിയില്‍ തന്നെ വയ്ക്കുന്നതുമെല്ലാം അവനു അസഹ്യമായിരുന്നു. ശ്വാസം മുട്ടുന്ന അനുഭവങ്ങള്‍ അവനെ വേദനിപ്പിച്ചു. എന്നാല്‍ വളരെവേഗം ആ മകന്‍ മുയലിനെ ഇഷ്ടപ്പെട്ടു; സ്‌നേഹത്തോടെ മുയലിനോടു അവന്‍ ഇടപെട്ടു; തന്റെ പുതപ്പിനുള്ളില്‍ മുയലിനെ ഭദ്രമായി പുതപ്പിച്ചു കിടത്തി. ഒന്നിച്ചുകളിക്കയും, സംസാരിക്കയും, കെട്ടിപ്പിടിച്ചുകിടക്കയും ചെയ്യുമായിരുന്നു. പിന്നീട് ആ മകന് മുയല്‍ ഒരിക്കലും ഒരു കളിപ്പാട്ടമല്ലായിരുന്നു; പകരം ഒരു യാഥാര്‍ഥ്യം; ജീവനുള്ള മുയല്‍.
യഥാര്‍ത്ഥ ജീവിതത്തിന്റെ പിന്നിലെ ഗുരു, വേദനയാണ്. യാഥാര്‍ഥ്യം നിശ്ചയമായും നമ്മെ വേദനിപ്പിക്കും. യഥാര്‍ഥമായി ആരും ജനിക്കാറില്ല. ബൈബിള്‍ പറയുന്നത് ‘ഇതാ ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു’ (ബൈബിള്‍. സങ്കീ. 51:5). ഒരു വ്യക്തിയെ നീ ഹൃദയംഗമമായി സ്‌നേഹിക്കുമ്പോള്‍, ആ വ്യക്തി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു; ആ വ്യക്തി നിനക്കും നീ ആ വ്യക്തിക്കും യാഥാര്‍ഥ്യമാകും. അതു യാഥാര്‍ഥ്യമാണെങ്കില്‍ ഒരിക്കലും മാറിപ്പോകയില്ല.
യാഥാര്‍ഥ്യം (Real) വേദനയിലൂടെയാണ് ഉളവാകുന്നത്. അല്ലാത്തവ നിലനില്ക്കുന്നതല്ല. തമ്മില്‍ കാണുമ്പോഴുള്ള നാടകീയമായ ചിരി, കുശലാന്വേഷണം, ചുംബനങ്ങള്‍ ഇവയില്‍ പലതും നാടകീയമാണ്. സ്‌നേഹിക്കയും, മുറിവേല്പിക്കയും ചെയ്യുമ്പോള്‍ യഥാര്‍ഥവ്യക്തികളായി മാറുന്നു. നമ്മുടെ കുടുംബജീവിതം ഉദാഹരണമായി എടുത്തുനോക്കിയാല്‍ ഇതു സത്യമാണെന്നു കാണാം. ആ സ്‌നേഹം നിലനില്‍ക്കുന്നതായിരിക്കും. അല്ലാത്തവ കാര്യസാധ്യത്തിനു മാത്രമുള്ള സ്‌നേഹവും സൂത്രങ്ങളുമായിരിക്കും. ദൈവിക സ്‌നേഹം ഇതില്‍നിന്നും വ്യത്യസ്തമാണ്. നാം മുറിവേല്ക്കുമ്പോള്‍ നമ്മുടെ അടുക്കല്‍ ഓടി എത്തുന്ന ദൈവം നമ്മുടെ ഉറ്റ സ്‌നേഹിതനാണ്. സുഖങ്ങളില്‍ ആഹ്ലാദിക്കയും വേദനകളില്‍ കൈവിടുകയും ചെയ്യുന്ന വ്യക്തി യഥാര്‍ഥ (Real) മല്ല. ജനനംകൊണ്ടു നാം യാഥാര്‍ഥ്യമാകുന്നില്ല; പകരം ജീവിതംകൊണ്ടു യാഥാര്‍ഥ്യമാകുകയാണു വേണ്ടത്.
ദൈവത്തില്‍നിന്നും വളരെ അകലെയായിരുന്ന നമ്മെ, തന്നോടടുപ്പിക്കുവാന്‍ സ്വര്‍ഗം വിട്ടു, ഒരു കന്യകയില്‍ ജഡം ധരിച്ചു ഭൂമിയില്‍ നമ്മെ അന്വേഷിച്ചു കടന്നുവന്നു. അപ്പോഴാണ് നാം യഥാര്‍ഥ മനുഷ്യരായത്. മറ്റെല്ലാവരെക്കാളും ഉപരി യേശുവിനെ സ്‌നേഹിച്ച മരിയ ഒരിക്കല്‍ ഏഴു ഭൂതം ബാധിച്ചവളായിരുന്നു. അവളെ യഥാര്‍ത്ഥജീവിതത്തിന്റെ ഉടമസ്ഥയാക്കിയത് യേശു ആയിരുന്നു. അവളുടെ ജീവിതം യാഥാര്‍ഥ്യത്തിന്റെ പ്രദര്‍ശനമായി മാറി. അതിനാല്‍ ഇരുട്ടിനെ വകവയ്ക്കാതെ അവള്‍, കല്ലറയുടെ അരികില്‍ എത്തി. യേശു പുനരുത്ഥാനത്തിന്റെ സത്യം അവളെ ഭരമേല്പിച്ചു. തന്റെ സ്വന്തം 12 ശിഷ്യഗണങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ പോലും. ഒരു യഥാര്‍ത്ഥജീവിതം (Anthentic life) അവള്‍ നയിച്ചു. അങ്ങനെ സഹനത്തിലൂടെ ആ ജീവിതം യാഥാര്‍ഥ്യമാക്കി. നാമോ?

Leave a Reply

Your email address will not be published. Required fields are marked *