ബ്രിട്ടനില്‍ തെരേസ മേയ്ക്ക് തിരിച്ചടി; തൂക്കുസഭ

ലണ്ടന്‍: കാലാവധി തീരാന്‍ മൂന്നുവര്‍ഷം ബാക്കിനില്‍ക്കേ കൂടുതല്‍ സീറ്റുതേടി തെരഞ്ഞെടുപ്പിനെ നേരിട്ട തെരേസ മേയ്ക്ക് തിരിച്ചടി. 330 സീറ്റുണ്ടായിരുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് പാര്‍ലമെന്റിലെ അംഗബലം 316 ആയി കുറഞ്ഞു. കേവലഭൂരിപക്ഷത്തിന് ഒന്‍പതു സീറ്റു കുറവ്. കൂടുതല്‍ സീറ്റാനായി വോട്ടുതേടിയ അവര്‍ക്ക് നിലവിലുണ്ടായിരുന്ന സീറ്റുപോലും നിലനിര്‍ത്താനായില്ല. ആകെയുള്ള 650 സീറ്റില്‍ 316 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബറിന് 262 സീറ്റും മറ്റൊരു ദേശീയ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 12 സീറ്റും ലഭിച്ചു. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് 35 സീറ്റും അയര്‍ലന്‍ഡിലെ പ്രധാന പ്രാദേശിക പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്ക് 10 സീറ്റും ലഭിച്ചു. യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ ദേശീയ കക്ഷികള്‍ക്ക് സീറ്റൊന്നും ലഭിച്ചില്ല.മുന്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നിക്ക് ക്ലെഗ് ആണ് ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രമുഖന്‍. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ സ്‌കോട്ടീഷ് ഫസ്റ്റ് മിനിസ്റ്ററുമായ അലക്‌സ് സാല്‍മണ്ടും പരാജയപ്പെട്ട പ്രമുഖരില്‍പെടുന്നു.
തെരഞ്ഞടുപ്പുഫലത്തെ സ്വാഗതം ചെയ്ത ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ തെരേസ മേയ്ക്ക് രാജിവച്ചുപോകാന്‍ സമയമായി എന്ന് പ്രഖ്യാപിച്ചു.
മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനായത്. ഭൂരിപക്ഷത്തിലേക്ക് അടുക്കാനായില്ലെങ്കിലും ഭരണകക്ഷിയെ ദുര്‍ബലമാക്കാനും 33 സീറ്റുകള്‍ അധികം നേടി ശക്തമായ തിരിച്ചുവരവ് നടത്താനും ജെറമി കോര്‍ബിന്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടിക്കായി.

Leave a Reply

Your email address will not be published. Required fields are marked *