അമേരിക്കയുടെ സംരക്ഷണത്തില്‍ നിന്ന് അകലാന്‍ കാനഡ; സൈനിക ശക്തിവര്‍ധിപ്പിക്കും

ടൊറന്റോ: ഭീകരസംഘടനകളില്‍നിന്നുള്ള ഭീഷണി നേരിടുന്നതില്‍ അമേരിക്കയെ ആശ്രയിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നു കനേഡിയന്‍ വിദേശകാര്യ മന്ത്രി. അമേരിക്കയുടെ സംരക്ഷണത്തെ മാത്രം ആശ്രയിക്കുന്നത് കാനഡയെ ഒരു ഉപഭോക്തൃ രാജ്യമായി മാറ്റും. സ്വന്തം കാലില്‍ നില്‍ക്കേണ്ടത് അനിവാര്യമാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇതിനായി സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും മന്ത്രി പറഞ്ഞു. രാജ്യാന്തര നേതൃത്വം വഹിക്കുന്നതില്‍നിന്ന് അമേരിക്ക നടത്തുന്ന പിന്മാറ്റം വേറിട്ടു ചിന്തിക്കാന്‍ കാനഡയെ പ്രേരിപ്പിക്കുന്നതായി ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസംഗത്തില്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. ഇതുവരെ വഹിച്ചുപോന്നിരുന്ന രാജ്യാന്തര നേതൃപദവി സഖ്യരാജ്യമായ അമേരിക്ക തന്നെ ചോദ്യം ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പരമാധികാരവും സ്വതന്ത്ര്യവും ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചേ മതിയാവൂവെന്നും മന്ത്രി പറഞ്ഞു. മറ്റുള്ള രാജ്യങ്ങളുടെ അതിര്‍ത്തിയും സുരക്ഷയും സംരക്ഷിക്കാന്‍ അമേരിക്ക കോടികള്‍ മുടക്കുന്നത് അവസാനിപ്പിക്കുമെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കാനഡയുടെ പുതിയ നീക്കം. ബറാക് ഒബാമയുടെകാലത്ത് മികച്ച ബന്ധമാണ് കാനഡയും അമേരിക്കയും തമ്മില്‍ ഉണ്ടായിരുന്നത്. ട്രംപ് എത്തിയതോടെയാണ് അഭിപ്രായഭിന്നതകള്‍ ഉടലെടുത്ത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാറില്‍നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ കാനഡ വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *