ഒരു രാജ്യം ഉണ്ടായത്

കാനഡ ഒരു സ്വതന്ത്ര രാഷ്ട്രമായി ഈ ഭൂവില്‍ ഉടലെടുത്തിട്ട് 2017ല്‍ 150 വര്‍ഷങ്ങള്‍ തുകയുകയാണ്. അതിന്റെ ആഘോഷങ്ങള്‍ രാജ്യമെമ്പാടും കൊണ്ടാടുകയാണ്. ഒരു രാജ്യത്തിന്റെ ചരിത്രവും വികാസവും മനസിലാക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇതുപോലുള്ള വാര്‍ഷികാഘോഷങ്ങള്‍. ഒരു രാജ്യത്തിന്റെ സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും സാമ്പത്തികാഭിവൃദ്ധിയിലും ഉണ്ടായിട്ടുള്ള ചരിത്രപരമായ ഇടപെടലുകള്‍ മനസിലാക്കുന്നത്, തദ്ദേശീയനായാലും, പ്രവാസിക്കായാലും ഒരു പൗരനെന്ന നിലയിലുള്ള കടമയാണ്. നിങ്ങളെങ്ങനെ നിങ്ങളായി എന്ന് തിരിച്ചറിയുന്നത്, വര്‍ത്തമാനകാലഘട്ടത്തെ മനസലാക്കുന്നത്, ഭാവിയെ പണിതെടുക്കുന്നതിനും സഹായകമാണ്.

അനാദികാലം മുതലേയുള്ളവര്‍
അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ആദിമനിവാസികളിരുന്നവര്‍ എന്നുമുതല്‍ ഇവിടെ താമസമാക്കിയെന്നത്, ചരിത്രകാരന്മാര്‍ക്കിടയില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന കാര്യമാണ്. ഏകദേശം മുപ്പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, സൈബീരുറലെന്‍മാരാണ് ആദിമനിവാസികള്‍ ഇവിടെ എത്തിച്ചേര്‍ന്നതെന്ന് കരുതപ്പെടുന്നു. ഭൂമിയുടെ കരഭാഗം വിവിധ ഭൂഖണ്ഡങ്ങളായി തിരിയുന്നതിനും മുമ്പായിരിക്കാം അവര്‍ കാല്‍നടയായി ഇവിടെ എത്തിയതെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. എന്നതാലും പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിന്റെ ശാസ്ത്രീയമായ തെളിവുകള്‍ ലഭ്യമാണ്. അതിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ, ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടം എന്നതും വാസ്തവമാണ്. ആല്‍ബര്‍ട്ടയിലെ ഡ്രംഹല്ലര്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നിന്നും ലഭ്യമായിട്ടുള്ള ഫോസിലുകള്‍ അമേരിക്കയിലെ ദിനോസര്‍ കാലഘട്ടത്തെ സാധൂകരിക്കുന്ന പ്രത്യക്ഷ തെളിവുകളാണ്. മെക്‌സിക്കോയിലെ യുകാറ്റന്‍ ഉപദ്വീപില്‍ വീണ മൈലുകളോളം വലുപ്പമുള്ള ഉല്‍ക്കയാണ്, ഇവിടത്തെ ദിനോസറുകളെ കൊന്നൊടുക്കിയതെന്ന വാദവുമായി ഈയടുത്ത കാലത്ത് ബിബിസിയുടെ ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു.

കൊളംബസ് മുതല്‍ ഇങ്ങോട്ട്
ഇന്ത്യയിലെ കച്ചവടത്തിനിറങ്ങി, അമേരിക്കയില്‍ എത്തിപ്പെട്ട ക്രിസ്റ്റഫര്‍ കൊളംബസ് ആണ് അമേരിക്കന്‍ ചരിത്രം ആകെ മാറ്റിമറിച്ച വ്യക്തി. ഇവിടത്തെ ആദിമജനതയെക്കണ്ട കൊളംബസ്, അവരുടെ ശരീരത്തിന്റെ നിറം കണ്ട് അവരെ റെഡ് ഇന്‍ഡ്യന്‍സ് എന്ന് വിളിക്കുകയും ചെയ്തു. അതിനു മുമ്പ് ഐസ്‌ലാന്റുകാരനായ ബ്രാജാര്‍ണി ഹെറോള്‍ഫ്‌സണ്‍ 986-ല്‍ അമേരിക്കന്‍ വന്‍കരകളില്‍ എത്തിയിരുന്നെന്ന് കരുതപ്പെടുന്നു. പക്ഷെ അദ്ദേഹം ഇവിടെ തങ്ങിയതുമില്ല; ആ കണ്ടുപിടിത്തം ചരിത്രത്തില്‍ കാര്യമായി രേഖപ്പെടുത്തിയുമില്ല. കൊളംബസ് 1492-ല്‍ അമേരിക്കന്‍ വന്‍കരയില്‍ കാല് കുത്തിയെങ്കിലും 1497-ലാണ് ഒരു യൂറോപ്യന്‍ ഇപ്പോഴത്തെ കാനഡയുടെ തീരത്ത് കാലുകുത്തുന്നത്. ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍ രാജാവിന്റെ കല്പനപ്രകാരം യാത്രപുറപ്പെട്ട ഇറ്റാലിയന്‍ നാവികനായ ജീന്‍ കാബോട്ടും സംഘവും ആയിരുന്നു അത്. അറ്റ്‌ലാന്റിക്കിന്റെ തീരങ്ങളിലെ പര്യവേഷണത്തിന് പുറപ്പെട്ട അദ്ദേഹം, ഇപ്പോഴത്തെ ന്യൂ ഫൗണ്ട് ലാന്റിലുമാണ് എത്തിച്ചേര്‍ന്നത്. (അതേ അതിനടുത്ത വര്‍ഷം തന്നെയാണ് വേറൊരു കപ്പലില്‍ വാസ്‌കോഡിഗാമ താന്‍പോലും ചിന്തിക്കാതിരുന്ന കോളനിവത്കരണത്തിന്റെ ചരിത്രം ആരംഭിച്ചുകൊണ്ട് കോഴിക്കോടിനടുത്ത കാപ്പാട് കാലുകുത്തിയത്).
വന്നിറങ്ങിയ ബ്രിട്ടീഷുകാരനെ നേരിടാന്‍, വളരെ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ യൂറോപ്പില്‍നിന്നും വേറൊരു ശക്തിയെത്തി. 1434 നും 1542നും ഇടയില്‍ ജാക്വിസ് കാര്‍ട്ടിയറുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സംഘം അറ്റ്‌ലാന്റിക്കിന്റെ തീരത്തുനിന്നും മൂന്ന് പര്യവേഷണങ്ങള്‍ നടത്തി. അദ്ദേഹം തുഴഞ്ഞുപോന്ന നദിക്ക് സെന്റ് ലോറന്‍സ് എന്ന് പേരുമിട്ടു. അദ്ദേഹം നേടിയെടുത്ത സ്ഥലങ്ങള്‍ ഫ്രാന്‍സിലെ രാജാവായിരുന്ന ഫ്രാന്‍സിസ് ഒന്നാമന്റെ പേരില്‍ അദ്ദേഹം രേഖപ്പെടുത്തിയെടുത്തു. 1534 മുതല്‍ 1763 വരെയുള്ള ഫ്രഞ്ച് അധീശത്വം അതുവഴി ആരംഭിക്കുകയും ചെയ്തു. 1550 മുതല്‍ കാനഡ എന്ന വാക്ക് ഉപയോഗിച്ചുവന്നിരുന്നു. ഇവിടത്തെ ആദിമനിവാസികളുടെ ഒരു ഭാഗമായിരുന്ന ഇറോഖ്യോയന്‍ ഭാഷ സംസാരിക്കുന്ന രണ്ട് പേരെ കാര്‍ട്ടിയര്‍ സഹായികളായി കൂട്ടിയിരുന്നു. ഗ്രാമം (്ശഹഹമഴല) എന്ന് അര്‍ത്ഥം വരുന്ന അവരുടെ ഭാഷയിലെ ‘കനാറ്റ’ (സമിമമേ) എന്ന വാക്കില്‍നിന്നുമാണ് കാനഡ എന്ന വാക്ക് ഉടലെടുത്തത്.
ഇവിടെയുള്ള ആദിമനിവാസികളെ വനദാനനത്തിലും കൊന്നൊടുക്കിയുമാണ് യൂറോപ്യന്മാര്‍ വളര്‍ന്നത്. അമേരിക്കന്‍ വന്‍കരകളിലെ ഒന്നു മുതല്‍ ഇരുപത് ദശലക്ഷം വരെ ആദിമനിവാസികളെ യൂറോപ്യന്മാര്‍ കൊന്നൊടുക്കിയിട്ടുണ്ടെന്ന് അനുമാനിക്കുന്നു. കാരണം സര്‍ക്കാര്‍ അത് അഞ്ച് ദശലക്ഷമെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. ഇവിടത്തെ തദ്ദേശവാസികള്‍ക്ക്് അന്യമായിരുന്നു. വസൂരിപോലുള്ള പല രോഗങ്ങളും യൂറോപ്യന്മാര്‍ കൊണ്ടുവന്നു. അതും ഇവിടത്തെ തദ്ദേശവാസികളുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയിട്ടുണ്ട്. പന്നിയും കോഴിയുംപോലെ പുതിയ ജീവജാലങ്ങളെയും കൊണ്ടുവന്നു. പിന്നെ മതവും, 1534ല്‍ ഒരു കൂരിശ് നാട്ടിക്കൊണ്ടാണ് കാര്‍ട്ടിയര്‍, ഇവിടത്തെ ഭൂമി ഫ്രാന്‍സിലെ രാജാവിന്റെ പേരിലാക്കിയത്. തുടര്‍ന്നങ്ങോട്ട് നിരവധി മിഷനറിമാരും വന്നു.

അധിനിവേശ പോരാട്ടങ്ങള്‍
അറ്റ്‌ലാന്റിക്കിന്റെ പല പ്രദേശങ്ങളും ഫ്രഞ്ചുകാര്‍ താമസമുറപ്പിച്ചു. അവിടത്തെ മീന്‍പിടുത്തത്തിലും, രോമക്കച്ചവടത്തിലും അവര്‍ മേല്‍ക്കോയ്മ നേടി. 1604ല്‍ ഉത്തര അമേരിക്കയിലെ രോമക്കച്ചവടത്തിന്റെ കുത്തക ഫ്രഞ്ച് കച്ചവടക്കാരനായ വിയറി ഡിഗുവയ്ക്ക് ലഭിച്ചു. സാമ്പത്തികാധിനിവേശം രാഷ്ട്രീയാധികാരത്തിലേക്കും നയിച്ചു. 1608ല്‍ ഫ്രഞ്ച് ലഫ്റ്റനന്റായ സാമുവല്‍ ഡി ചാംപ്ലെയിന്‍ ഇപ്പോഴത്തെ ക്യുബെക് സിറ്റി സ്ഥാപിച്ചു. ഫ്രാന്‍സുകാര്‍ ആധിപത്യം സ്ഥാപിച്ച ന്യൂഫ്രാന്‍സിന്റെ തലസ്ഥാനമായി മാറി ക്യൂബക് സിറ്റി. ഫ്രാന്‍സില്‍നിന്നും വന്ന മറ്റ് നിരവധി പര്യവേഷകരുടെയും, യാത്രികരുടെ മിഷനറിമാരുടെയും പ്രവര്‍ത്തനഫലമായി ഒരു ഫ്രഞ്ച് അധീനപ്രദേശം സ്ഥാപിക്കപ്പെട്ടു. അവര്‍ ഇവുടത്തെ തദ്ദേശീയരുമായി വിവാഹബന്ധത്തിലേര്‍പ്പെടാനും, സാംസ്‌കാരികമായി ഇടപഴകാനും ആരംഭിക്കുകയും ചെയ്തു. 1635 ലെ ചാംപ്ലിയന്റെ മരണത്തോടെ, ഈശോസഭ മിഷനറിമാര്‍ക്ക് ഫ്രഞ്ച് അധീന പ്രദേശങ്ങളില്‍ നിര്‍ണായകസ്വാധീനം ഉണ്ടായി. അതേസമയം ബ്രിട്ടീഷുകാര്‍ ഹംഫ്രി ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍ ന്യൂഫൗണ്ട്‌ലാന്റിനും, ചുറ്റുമായി തങ്ങളുടെ അധീന പ്രദേശങ്ങള്‍ സ്ഥാപിക്കുകയായിരുന്നു. ഇപ്പോഴത്തെ അമേരിക്കയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. ആ പ്രദേശം ന്യൂ ഇംഗ്ലണ്ടും ഉള്‍പ്പെടുന്നു. ഫ്രഞ്ചുകാര്‍ സെന്റ് ലോറന്‍സ് നദിയുടെ തീരത്ത് തങ്ങളുടെ അധികാരം ഉറപ്പിച്ചപ്പോള്‍, ബ്രിട്ടീഷുകാര്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തീരത്തായാണ് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്. 1709ല്‍ ഏകദേശം 16000 ഫ്രഞ്ചുകാര്‍ ഇവിടെ വസിച്ചിരുന്നു. എന്നാല്‍ ഒന്നര ലക്ഷത്തോളം ബ്രിട്ടീഷുകാര്‍, ആ കാലഘട്ടത്തില്‍ ഇവിടെ ഉണ്ടായിരുന്നു.

ബ്രിട്ടീഷ് ആധിപത്യം
യൂറോപ്യന്മാര്‍ തദ്ദേശീയരുമായി നിരവധി യുദ്ധങ്ങള്‍ നടത്തുകയുണ്ടായി. രേഖപ്പെടുത്തപ്പെടാത്ത നിരവധി ചെറുയുദ്ധങ്ങള്‍ അധിനിവേശത്തിന് സഹായിച്ചിട്ടുണ്ടാകും. ഉത്തര അമേരിക്കയിലെ അധിനിവേശ ശ്രമങ്ങളും, ലോകത്തിന്റെ പല ഭാഗത്തും കോളനി ശക്തികള്‍ തമ്മില്‍ നടന്നിരുന്ന മത്സരങ്ങളും യുദ്ധങ്ങളും ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലുള്ള നിരവധി യുദ്ധങ്ങള്‍ക്ക് തുടക്കമായി. ന്യൂ ഫ്രാന്‍സിലെ ഒരു കോളനി ആയിരുന്ന അക്കാഡിയായില്‍ നടന്ന പോര്‍ട്ട് റോയല്‍ യുദ്ധം (1690), ഫ്രണ്ടി ഉള്‍ക്കടലില്‍ 1696ല്‍ നടന്ന നാവികയുദ്ധം, 1688 മുതല്‍ 1697 വരെ നടന്ന കിംഗ് വില്യം യുദ്ധങ്ങള്‍ എന്നറിയപ്പെടുന്ന ഏറ്റുമുട്ടലുകള്‍, തുടങ്ങിയവയാണ് ഇതില്‍ മുഖ്യം. 1697ലെ റിസ് വിക് ഉടമ്പടി പ്രകാരം, ഇരു ശക്തികളും തമ്മിലുള്ള യുദ്ധം കുറേക്കാലത്തേക്ക് മാറിനിന്നെങ്കിലും, 1702ല്‍ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്നങ്ങോട്ട് നിരവധി യുദ്ധങ്ങളിലായി ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരെ അവരുടെ അധീനപ്രദേശങ്ങളില്‍ നിന്നും തുരത്തി. 1710ല്‍ അവര്‍ ഫ്രഞ്ച് കോളനിയായ അക്കാഡിയ പിടിച്ചെടുത്തു. ബ്രിട്ടീഷുകാരെ ചെറുക്കാന്‍ ഫ്രഞ്ചുകാര്‍ നോവാ സ്‌കോഷ്യയില്‍ ലൂയിസ് ബോര്‍ഗ് കോട്ട കെട്ടി. (ആ കോട്ട ഇന്ന് ഒരു ദേശീയ സ്മാരകമാണ്). 1745ല്‍ നാലായിരം ഭടന്മാരും, 90 കപ്പലുകളിലുമായി ബ്രിട്ടീഷുകാര്‍ നടത്തിയ മുന്നേറ്റത്തില്‍, ആ കോട്ടയം വീണു. ബ്രിട്ടീഷുകാര്‍ ഫ്രഞ്ച് കോളനികളില്‍നിന്നും, ഫ്രഞ്ചുകാരെ നാടുകടത്തുകയും ചെയ്തു. ഫോര്‍ട്ട് നയാഗ്ര യുദ്ധം, തൗസന്റ് ലേക്‌സ് യുദ്ധം, സെന്റ് ഫോയ് യുദ്ധം തുടങ്ങിയ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷുകാര്‍ ഫ്രഞ്ച് അധീന പ്രദേശങ്ങള്‍ തങ്ങളുടെ അധീനത്തിലാക്കി. 1763ലെ പാരീസ് ഉടമ്പടിയോടെ ന്യൂ ഫ്രാന്‍സ് ബ്രിട്ടന് കൈമാറ്റപ്പെട്ടു. ഫ്രാന്‍സ് രണ്ട് ചെറുദ്വീപുകളിലേക്ക് ഒതുക്കപ്പെട്ടു.
ഇതിനിടയില്‍ 1670ല്‍ ചാള്‍സ് രണ്ടാമന്‍ രാജാവ് ഹഡ്‌സണ്‍ നദിക്ക് വടക്കോട്ടുള്ള മുഴുവന്‍ കച്ചവടവും ഹഡ്‌സണ്‍ ബേ കമ്പനിക്ക് കുത്തകാവകാശം നല്കി. (ഇപ്പോള്‍ കാനഡ മുഴുവന്‍ കാണുന്ന അതേ ഹഡ്‌സണ്‍ ബേ കമ്പനി തന്നെ). അവര്‍ കാനഡ മുഴുവനും കച്ചവടശക്തിയായി മാറി. 1791ലെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ആക്ട് പ്രകാരം, ക്യൂബക്കിനെ (അന്ന് ജനവാസം ഉണ്ടായിരുന്ന ഭൂപ്രദേശത്തെ) അപ്പര്‍ കാനഡയെന്നും, ലോവര്‍ കാനഡയെന്നും തരംതിരിച്ചു. ലോവര്‍ കാനഡയില്‍ കൂടുതല്‍ ഫ്രഞ്ചുകാരും, അപ്പര്‍ കാനഡയില്‍ ഭൂരിഭാഗം ഇംഗ്ലീഷുകാരും ആയിരുന്നു.
1775 മുതല്‍ 1783 വരെ നടന്ന അമേരിക്കന്‍ വിപ്ലവയുദ്ധത്തില്‍, ജോര്‍ജ് വാഷിംഗ്ടണ്‍ നേതൃത്വം നല്കിയ പതിമൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടായ്മ, ബ്രിട്ടനെ തോല്പിച്ച്, യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക സ്ഥാപിച്ചു. അന്ന് കാനഡ തങ്ങളുടെ ഒപ്പം നില്‍ക്കുമെന്ന് അമേരിക്കക്കാര്‍ കരുതിയെങ്കിലും കാനഡ ബ്രിട്ടനെയാണ് പിന്തുണച്ചത്. 1775 സെപ്റ്റംബറില്‍ അമേരിക്കന്‍ സേന മോണ്‍ട്രിക്കോള്‍ പിടിച്ചെടുത്തെങ്കിലും, തുടര്‍ന്നങ്ങോട്ട് അവര്‍ക്ക് മുന്നേറാനായില്ല. അമേരിക്കന്‍ സ്വാതന്ത്ര്യ യുദ്ധത്തിനുശേഷം അമേരിക്കയും, കാനഡയും തമ്മിലുള്ള അതിരുകള്‍ നിര്‍ണയിക്കപ്പെട്ടു. 1812ല്‍ അമേരിക്ക ബ്രിട്ടനുമായി നടത്തിയ യുദ്ധത്തില്‍, കാനഡയെ കീഴടക്കുകയെന്നതായിരുന്നു ലക്ഷ്യം. പക്ഷെ അത് പരാജയപ്പെടുകയാണുണ്ടായത്. ഇതിനിടയിലും കാനഡയുടെ പല ഭാഗത്തും പര്യവേഷണങ്ങള്‍ നടന്നുകൊണ്ടിരുന്നു. 1791-94 കാലഘട്ടത്തില്‍ ജോര്‍ജ് വാന്‍കൂവര്‍ കാനഡയുടെ പശ്ചിമതീരത്തുകൂടെ യാത്ര നടത്തി. അദ്ദേഹത്തിന്റെ പേരാണ് വാന്‍കൂവര്‍ സിറ്റിക്ക് നല്കിയിട്ടുള്ളത്.

കോണ്‍ഫെഡറേഷന്‍ ഉടലെടുക്കുന്നു
1837ല്‍, അപ്പര്‍ കാനഡയിലും, ലോവര്‍ കാനഡയിലും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരായ പ്രക്ഷോഭങ്ങള്‍ നടന്നു. കലാപകലുഷിതമായ അവസ്ഥയെക്കുറിച്ച് പഠിക്കാനായി ഡര്‍ഹം പ്രഭുവിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ചു. അദ്ദേഹം ഇവിടെ ഉത്തരവാദിത്വഭരണം നടത്തുന്നതിനാവശ്യമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്കി. അതുപോലെതന്നെ, അപ്പര്‍കാനഡയും, ലോവര്‍ കാനഡയും ഒരുമിപ്പിക്കുന്നതിനും നിര്‍ദേശം നല്കി. അതിന്‍പ്രകാരം 1840ല്‍ യുണൈറ്റഡ് പ്രോവിന്‍സ് ഓഫ് കാനഡ എന്ന പേരില്‍ ഒരു കോളനിയായി ബ്രിട്ടന്‍ കാനഡയെ പുനര്‍നാമകരണം ചെയ്തു. ഈ കാലഘട്ടത്തിലാണ് ബ്രിട്ടനില്‍നിന്നും എട്ടു ലക്ഷത്തോളം കുടിയേറ്റക്കാര്‍ കാനഡയിലേക്ക് വന്നത്.
ഭിന്നിച്ച് കിടന്നിരുന്ന ഭൂരിഭാഗങ്ങളെ കോര്‍ത്തിണക്കി ഒരു കോണ്‍ഫെഡറേഷന്‍ ആക്കുന്നതിനുള്ള ശ്രമങ്ങള്‍ 1860 മുതല്‍ നിരവധി നേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. 1864ലെ ഷാര്‍ലെടൗണ്‍ കോണ്‍ഫറന്‍സ്, ക്യൂബെക് കോണ്‍ഫറന്‍സ്, 1866 ലണ്ടന്‍ കോണ്‍ഫറന്‍സ് എന്നിവ പുതിയ രാജ്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ നിര്‍മിക്കുന്നതില്‍ പങ്ക് വഹിച്ചു. അതിന്‍പ്രകാരം 1867 മാര്‍ച്ച് മാസത്തില്‍ വിക്ടോറിയ രാജ്ഞി ബ്രിട്ടീഷ് നോര്‍ത്ത് അമേരിക്ക ആക്ടിന് അംഗീകാരം നല്കി. അതിന്‍പ്രകാരം 1867 ജൂലൈ ഒന്നു മുതല്‍ ഒന്റാരിയോ, ക്യൂബെക്, നോവഡേനാഷ്യ, ന്യൂ ബ്രണ്‍സ് വിക് എന്നിവ ചേര്‍ത്ത് ഡൊമീനിയന്‍ ഓഫ് കാനഡ ഉടലെടുത്തു. അതാണ് ഈ രാജ്യത്തിന്റെ ഉത്ഭവം. ഡൊമീനിയന്‍ ദിനം എന്നറിയപ്പെട്ടിരുന്ന ജൂലൈ ഒന്ന്, 1982 മുതല്‍ കാനഡദിനം എന്നറിയപ്പെട്ടു. ബ്രിട്ടനില്‍ ജനിച്ച, കോണ്‍ഫഡറേഷന്‍ ശ്രമങ്ങളില്‍ നേതൃത്വം കൊടുത്ത ജോണ്‍ മക്‌ഡൊണാള്‍ഡ് രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായി. 1871ല്‍ ബ്രിട്ടീഷ് കൊളംബിയയും, 1905 ആല്‍ബര്‍ട്ടയും സബ്കാച്ചിവനും കോണ്‍ഫെഡറേഷനില്‍ അംഗത്വമെടുത്തു. ഏതൊരു രാജ്യത്തിന്റെ ചരിത്രത്തിലുമെന്നതുപോലെ ഏറെപേരുടെ ശ്രമങ്ങളും, നേതൃത്വവും ഒരു രാജ്യത്തിന്റെ പിറകിലുണ്ട്. അതുപോലെതന്നെ നിരവധി പേരുടെ കണ്ണീരും ചോരക്കറകളും വിലാപങ്ങളും.

1 comment

  1. Biju Puravankara

    The history of Canada is narrated beutifully here.Thank you baiju mash for your chronological tragectory of a great nation.I feel that there are common elements in the history of Australia and Canada.Aborginals are being tortured,annihilated and thrown out of mainstream by the invading imperialists.The history repeats every where.Cultural invation has many impacts in the ‘growth’and ‘development’of nation.Please do write about the impact of migration of indians to South America and Canada.

Leave a Reply

Your email address will not be published. Required fields are marked *