ഖത്തര്‍ പ്രതിസന്ധി: പ്രവാസികള്‍ ആശങ്കയില്‍; വിമാനങ്ങള്‍ റദ്ദാക്കി

ദോഹ: ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച അറേബ്യന്‍ രാജ്യങ്ങളുടെ നടപടിയില്‍ പ്രവാസികളും ആശങ്കയില്‍. മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള തീവ്രവാദി സംഘടനകള്‍ക്ക് ഖത്തര്‍ സാമ്പത്തികസഹായം നല്‍കുന്നുവെന്നാരോപിച്ച് ബഹറിന്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചത്. തങ്ങളുടെ രാജ്യത്തുള്ള ഖത്തര്‍ പൗരന്‍മാര്‍ക്ക് ഒഴിഞ്ഞു പോകുന്നതിനായി രണ്ടാഴ്ച്ച സമയവും ഇവര്‍ അനുവദിച്ചിട്ടുണ്ട്. ഖത്തറിലേക്കുളള ഗതാഗത സംവിധാനം നിരോധിച്ചതിനെ തുടര്‍ന്ന് സൗദിക്കു മുകളിലൂടെ പറക്കുന്നതിനു ഖത്തര്‍ എയര്‍വെയ്‌സിനു നിരോധനം ഏര്‍പ്പെടുത്തി. എമിറേറ്റ്‌സും സൗദി എയര്‍ലൈന്‍സും ഗള്‍ഫ് എയറും ഖത്തറിലേക്കു പറക്കില്ല. നിരോധനം പ്രഖ്യാപിച്ച രാജ്യങ്ങളിലേക്കു സര്‍വീസ് നടത്തില്ലെന്നു ഖത്തര്‍ എയര്‍വെയ്‌സും വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു പണം തിരച്ചു നല്‍കും.

ഖത്തറുമായുള്ള നയതന്ത്രബന്ധം യുഎഇ അവസാനിപ്പിച്ചതോടെ ഇവിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതു യുഎഇയിലെയും ഖത്തറിലെയും മലയാളികളടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിച്ചേക്കും.
മലയാളികളുള്‍പ്പെടെ യുഎഇയിലെ ഒട്ടേറെ ഇന്ത്യക്കാര്‍ ഖത്തറിലും ബിസിനസ് ചെയ്യുന്നവരാണ്. പല പ്രമുഖ കമ്പനികള്‍ക്കും ഖത്തറില്‍ നിരവധി ശാഖകളുണ്ട്. ഇവിടേയ്ക്ക് ഇതുമായി ബന്ധപ്പെട്ടവര്‍ നിത്യേന യാത്ര ചെയ്യുന്നു. വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ ഇവരുടെ യാത്ര മുടങ്ങുകയും ഇത് ബിസിനസിനെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് പലരും ആശങ്കപ്പെടുന്നു.

വ്യോമാര്‍ഗം കൂടാതെ, കര-ജല ഗതാഗതവും യുഎഇ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതോടെ ഇരു രാജ്യങ്ങളുമായുള്ള ചരക്കു നീക്കവും നിലച്ചു. ഖത്തറുമായുള്ള എല്ലാ ബന്ധവും യുഎഇ വിച്ഛേദിച്ചതോടെ പ്രശ്‌നം എന്ന് അവസാനിക്കുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
സമ്പന്നരാഷ്ട്രം എന്നനിലയില്‍ താല്‍കാലികമായി ഈ പ്രതിസന്ധി നേരിടുവാന്‍ ഖത്തറിന് സാധിക്കുമെങ്കിലും ഭാവിയില്‍ കാര്യങ്ങള്‍ മാറിമറിയാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഖത്തറിലേക്ക് കരജലവ്യോമഗതാഗതം അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ചതോടെ ഖത്തറിന് കോടിക്കള്‍ വരുമാനം നേടിക്കൊടുക്കുന്ന പ്രകൃതിവാതക കയറ്റുമതിയും അവതാളത്തിലാവും.ഉപരോധ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഖത്തര്‍ റിയാലിന് വില ഇടിഞ്ഞത് തന്നെ അശുഭസൂചനയായി സാമ്പത്തികവിദഗ്ദ്ധര്‍ കാണുന്നു. ഖത്തറിന്റെ സ്വന്തം വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേഴ്‌സിന് അറേബ്യന്‍ രാജ്യങ്ങളിലേക്ക് വിലക്ക് വരുന്നത് ടൂറിസം രംഗത്ത് കനത്ത തിരിച്ചടിയാവും സൃഷ്ടിക്കുക.

ഖത്തറുമായി എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അറേബ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ച സാഹചര്യത്തില്‍ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും അയച്ച കത്തിലാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള കരവ്യോമജല ഗതാഗതം വിച്ഛേദിച്ചതോടെ ആ രാജ്യത്തുള്ള ആറരലക്ഷത്തോളം ഇന്ത്യക്കാര്‍ കടുത്ത ആശങ്കയിലാണെന്ന് കത്തില്‍ പിണറായി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *