ചരിത്രം കുറിച്ച് മഹ്മുദുള്ള

അഡ്‌ലെയ്ഡ്: ഒരൊറ്റ ഷോട്ടിലൂടെ രണ്ട് കാത്തിരിപ്പുകള്‍ക്കാണ് മുഹമ്മദ് മഹ്മുദുള്ള എന്ന റിയാദ് അന്ത്യം കുറിച്ചത്. ഒന്ന് 133 ഏകദിനങ്ങള്‍ കളിച്ചിട്ടും ഒരു സെഞ്ച്വറി കണികാണാന്‍ പറ്റാതെ താന്‍ നടത്തിയ കാത്തിപ്പരിപ്പിന്. രണ്ടാമത്തേത് സ്‌കോട്ട്‌ലന്‍ഡും അയര്‍ലന്‍ഡും കാനഡയും പോലുള്ള അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ സെഞ്ച്വറി നേടിയിട്ടും ലോകകപ്പില്‍ ഒരു നാട്ടുകാരന്‍ സെഞ്ച്വറി നേടുന്നത് കാണാനായി ബംഗ്ലാദേശി ടീം നടത്തിയ കാത്തിപ്പിന്.

പതിനാറു വര്‍ഷമായി ബംഗ്ലാദേശ് ലോകകപ്പ് കളിക്കുന്നു. അട്ടിമറി ജയങ്ങള്‍ ചിലത് നേടുകയും ചെയ്തു. എന്നിട്ടും ഇതുവരെ ഒരൊറ്റ താരം പോലും സെഞ്ച്വറി നേടിയിട്ടില്ല എന്നത് വലിയൊരു പോരായ്മയായി നിലനില്‍ക്കുകയായിരുന്നു ഇതുവരെ. തമിം ഇഖ്ബാല്‍ ഈ ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ അഞ്ചു റണ്‍ വ്യത്യാസത്തിലാണ് സെഞ്ച്വറി നഷ്ടമായത്. ലോകകപ്പില്‍ ഒരു ബംഗ്ലാദേശി താരം നേടിയ ഏറ്റവും വലിയ സ്‌കോറും ഇതുതന്നെയായിരുന്നു.

131 പന്തില്‍ നിന്നാണ് മഹ്മദുള്ളയുടെ ചരിത്രം കുറിച്ച സെഞ്ച്വറി പിറന്നത്. പിന്നീട് ഏഴ് പന്ത് നേരിട്ട് മൂന്ന് റണ്‍ കൂടി ചേര്‍ത്ത് റണ്ണൗട്ടാവുകയും ചെയ്തു മഹ്മദുള്ള. വോക്‌സാണ് റണ്ണൗട്ടാക്കിയത്. രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും അടക്കം 103 റണ്‍സെടുത്ത മഹ്മദുള്ള മുഷ്ഫിഖുര്‍ റഹിമിനൊപ്പം അഞ്ചാം വിക്കറ്റില്‍ നേടിയ 141 റണ്ണാണ് തകര്‍ച്ചയില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ലോകകപ്പിലെ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതുതന്നെ. അിന് മുന്‍പ് മൂന്നാം വിക്കറ്റില്‍ സൗമ്യ സര്‍ക്കാരിനൊപ്പം 86 റണ്‍സിന്റെ കൂട്ടുകെട്ടിലും മഹ്മദുള്ള പങ്കാളിയായിരുന്നു. രണ്ടിന് എട്ടു റണ്‍ എന്ന ദയനീയമായ നിലയില്‍ ടീം പതറുമ്പോഴായിരുന്നു ഈ കൂട്ടുകെട്ട് പിറന്നത്.

2007ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച മഹ്മുദുള്ളയുടെ ഇതുവരെയുള്ള ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരെ പുറത്താകാതെ നേടിയ 82 റണ്ണായിരുന്നു. മൊത്തം പന്ത്രണ്ട് അര്‍ധസെഞ്ച്വറിയുമുണ്ട് ഈ ഇരപത്തിയൊന്‍പതുകാരന്റെ പേരില്‍.

അതേസമയം 23 ടെസ്റ്റ് കളിച്ച മഹ്മുദുള്ള ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്. 2010ല്‍ ഹാമില്‍ട്ടണില്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു നേട്ടം. അതിന് തൊട്ടുമുന്‍പത്തെ മാസം ഇന്ത്യയ്‌ക്കെതിരെ ധാക്കയില്‍ നാലു റണ്‍ അകലെവച്ചാണ് സെഞ്ച്വറി നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *