തണ്ണീര്‍, കുടിനീര്‍, കണ്ണീര്‍

നാട്ടിലെ കൊടും ചൂടില്‍ കുടിവെള്ളംപോലും കിട്ടാക്കനിയായിരിക്കുന്നു. കിണറുകള്‍ വറ്റിവരണ്ടു. പുഴകളിലും തോടുകളിലും നീരൊഴുക്ക് കുറഞ്ഞു, ചിലയിടത്ത് ഇതൊരു തോടായിരുന്നു എന്ന് പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കേണ്ട അവസ്ഥയായിരിക്കുന്നു. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കുടിവെള്ളവിതരണത്തിനുള്ള നിരവധി പദ്ധതികളുമായി രംഗത്തുണ്ട്. ലോറികളില്‍ വെള്ളം എത്തിച്ചുകൊടുക്കലും പൊടുന്നനെ കുഴല്‍കിണറുകള്‍ നിര്‍മിക്കലുമൊക്കെയായി വേനല്‍ക്കാലത്തെ കച്ചവടം പൊടിപൊടിക്കുകയാണ്. കുടിവെള്ളവണ്ടിയുടെ ഡ്രൈവറെ പഞ്ചായത്ത് മെമ്പര്‍ അടിച്ചുകൊന്ന വാര്‍ത്തയും ഒടുവിലായി ഇതുമായി ബന്ധപ്പെട്ട് ബാക്കിയുള്ളത്. എല്ലാവരും ഒരു നല്ല വരള്‍ച്ചയെ സ്‌നേഹിക്കുന്നു (Everyone loves a good draught) എന്ന പുസ്തകമാണ് ഇത്തരുണത്തില്‍ ഓര്‍മ്മവരുന്നത്. വര്‍ഷത്തിലെ നാലില്‍ മൂന്ന് സമയവും ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ കറങ്ങുന്ന ദ ഹിന്ദു ദിനപത്രത്തിന്റെ ഗ്രാമീണകാര്യ ലേഖകന്‍ ആയിരുന്ന പി.സായ്‌നാഥ് എഴുതിയതാണിത് (1960-65ല്‍ കേരളത്തിലെ ഗവര്‍ണറും, 1969-74 ല്‍ ഇന്ത്യന്‍ പ്രസിഡന്റും ആയിരുന്ന വി.വി.ഗിരിയുടെ കൊച്ചുമകനാണ് സായ്‌നാഥ്).
ഒരു വരള്‍ച്ച വരുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കച്ചവടക്കാരും എങ്ങനെ അതില്‍നിന്നും മുതലെടുക്കുന്നുവെന്ന് ഈ പുസ്തകം വരച്ചുകാണിക്കുന്നു.
കുടിവെള്ളം കാശ് കൊടുത്ത് വാങ്ങേണ്ടിവരുമെന്ന് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്തിക്കാന്‍കൂടി പറ്റാത്ത കാര്യമായിരുന്നു. എന്നാല്‍ ഇന്ന് നാം ആ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ശുദ്ധജലത്തിന്റെ ലഭ്യത ലോകത്ത് ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. മാലിന്യമുള്ള വെള്ളം കുടിക്കുന്നതുകൊണ്ടുണ്ടാകുന്ന മുഖ്യരോഗം വയറിളക്കമാണ്. കോളറ, ടൈഫോയ്ഡ്, പോളിയോ, തുടങ്ങി നിരവധി രോഗങ്ങള്‍ക്കും ഇത് വഴിവയ്ക്കുന്നു. മലിനജലം കുടിക്കുന്നതുമൂലം ലോകത്ത് ഒരു വര്‍ഷം ഏകദേശം അഞ്ച് ലക്ഷം പേര്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു. അതില്‍ ഭൂരിഭാഗം കുഞ്ഞുങ്ങളാണ്. വെള്ളത്തിന്റെ പേരിലായിരിക്കും മൂന്നാം ലോകമഹായുദ്ധം എന്നു പറയപ്പെടുന്നത് ഒട്ടും അതിശയോക്തിയല്ലെന്ന് വന്നിരിക്കുന്നു (ട്രംപും കൂട്ടരും അതിനുമുന്നേ വേറൊന്നിന് കോപ്പ് കൂട്ടുന്നുണ്ട്)

‘വെള്ളം, വെള്ളം, സര്‍വ്വത്ര വെള്ളം…’

ഭൂമിയുടെ 71 ശതമാനം വെള്ളമാണ്. പക്ഷേ വെള്ളത്തിന്റെ 96.5 ശതമാനവും സമുദ്രങ്ങളിലും കടലുകളിലുമാണ്, ഉപ്പ് രസം കലര്‍ന്നതിനാല്‍ അവ മനുഷ്യന്റെ നേരിട്ടുള്ള ഉപയോഗത്തിന് സാധ്യമല്ല. അതിനാലാണ് ഭൂമിയിലെ ജലശേഖരത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് മനുഷ്യന് ഉപയോഗിക്കാനാവുന്നതെന്ന് പൊതുവെ പറയപ്പെടുന്നത്. എന്നാലതിലും പരിമിതികളുണ്ട്. കാരണം ഭൂമിയിലെ ജലത്തിന്റെ 68 ശതമാനവും, മഞ്ഞ് മലകളിലും, ഹിമപാളികളിലുമാണ്, ഏകദേശം 30 ശതമാനം ഭൂമിക്കടിയിലുമാണ്. ബാക്കിയുള്ളത് പുഴകളിലും തടാകങ്ങളിലും കാുന്നത്. ഭൂമിക്കടിയിലെ ജലം വിനിയോഗിച്ചും, ഉപരിതല സ്രോതസുകളിലെ വെള്ളം ഉപയോഗിച്ചുമാണ് ഭൂമിയില്‍ മനുഷ്യന്‍ ആവശ്യത്തിനുള്ള ജലം ശേഖരിക്കുന്നത്. വെള്ളം, സര്‍വ്വത്ര വെള്ളം കുടിക്കാനില്ല ഒരു തുള്ളിപോലും എന്നത് സത്യമാണ് (water, water everywhere, nor any drop to drink എന്ന പദ്യത്തിന്റെ പ്രശസ്തമായ ഈ മലയാള പരിഭാഷ നല്കിയത് സ്വാതന്ത്ര്യസമരസേനാനിയും മുസ്ലിംലീഗിന്റെ സമുന്നത നേതാവും 1960ല്‍ പട്ടംതാണുപിള്ള സര്‍ക്കാരില്‍ സ്പീക്കറും, ആയിരുന്ന കെ.എം.സീതിസാഹിബാണ്. കോഴിക്കോട് കടപ്പുറത്ത് പ്രധാനമന്ത്രി നെഹ്‌റുവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുകയായിരുന്നു. വീക്കില്‍ പണ്ഡിറ്റിന് അഗ്രഗണ്യനായിരുന്ന സീതിസാഹിബ്, നെഹ്‌റു ഇംഗ്ലീഷില്‍ ഈ പദ്യം ചൊല്ലുമ്പോള്‍ അടുത്ത നിമിഷത്തില്‍ വെള്ളം വെള്ളം സര്‍വത്ര വെള്ളം കുടിക്കാനില്ല ഒരു തുള്ളിപോലും എന്ന് അനര്‍ഗളമായി പരിഭാഷപ്പെടുത്തിയത് കേരള രാഷ്ട്രീയ പ്രസംഗ പരിഭാഷകളിലെ മികച്ച ഒരേടാണ്).
ലോകത്തെ 420 കോടി ജനങ്ങള്‍ക്ക് പൈപ്പ് വഴി വെള്ളം ലഭിക്കുമ്പോള്‍, 240 കോടി പേര്‍ പൊതുടാപ്പുകള്‍, കിണറുകള്‍, ബോര്‍വെല്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നും വെള്ളം ശേഖരിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന വെളിപ്പെടുത്തുന്നു. എന്നാല്‍ അതിഭീകരമായിട്ടുള്ളത്, ലോകത്തെ 180 കോടി ജനങ്ങള്‍ വിസര്‍ജ്യം മൂലം മലിനമായ വെള്ളം കുടിക്കുന്നുവെന്നതാണ്. അവരൊക്കെയും അവികസിത രാജ്യങ്ങളിലാണെന്ന് എളുപ്പം മനസിലാക്കാവുന്നതാണ്. ഏഷ്യയുടെയും ആഫ്രിക്കയുടെയും ചില രാജ്യങ്ങളില്‍ വെള്ളം ശേഖരിക്കുവാനായി ജനങ്ങള്‍ – പ്രത്യേകിച്ച് സ്ത്രീകള്‍ – ആറ് കിലോമീറ്റര്‍ വരെ നടന്നുപോകുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
യൂറോപ്പില്‍ ഒരു ദിവസം ഒരാള്‍ 200 മുതല്‍ 300 ലിറ്റര്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ മൊസംബിക് പോലുള്ള രാജ്യങ്ങളില്‍ മനുഷ്യന്‍ പത്ത് ലിറ്റര്‍ വെള്ളംകൊണ്ട് ജീവിച്ചുപോകുന്നു. എന്നാലും പ്രതിശീര്‍ഷ വെള്ളം ഉപയോഗത്തില്‍ യുഎസ്എ തന്നെയാണ് മുമ്പില്‍. ഒരാള്‍ ഒരു ദിവസം 490 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നു. ഇന്ത്യയിലത് 120 ലിറ്റര്‍ എന്നാണ് ഔദ്യോഗിക കണക്ക്. ആ ശരാശരിയിലെ അത്തരം ഭീകരമായിരിക്കും – രണ്ട് കുടം വെള്ളത്തില്‍ എല്ലാ കാര്യങ്ങളും കഴിക്കുന്ന ഗ്രാമീണര്‍ക്കും സ്വിമ്മിംഗ് പൂളിലെ വെള്ളം ദിനംപ്രതി മാറ്റുന്ന നഗര ധനാഢ്യനും തമ്മിലുള്ള അന്തരം കാനഡയിലെ ഒരു ദിവസം ഒരാള്‍ ശരാശരി 330 ലിറ്റര്‍ ജലമാണ് ഉപയോഗിക്കുന്നതെന്ന് മക്ഗില്‍ യൂണിവേഴ്‌സിറ്റി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതില്‍ 30 ശതമാനവും ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുന്നു. 35 ശതമാനം കുളിക്കാനും ആണ് ഉപയോഗിക്കുന്നത്. 25 ശതമാനം അലക്കുള്‍പ്പെടെയുള്ള വീട് വൃത്തിയാക്കാനും കഴിഞ്ഞ് പത്ത് ശതമാനം മാത്രമാണ് ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഈ ശരാശരിയും കുടുംബങ്ങളനുസരിച്ച് വ്യത്യസ്തമായിരിക്കും.

മുറ്റത്തെ ചെപ്പിനടപ്പില്ല

ചെറുപ്പത്തില്‍ പറഞ്ഞുനടന്ന ഈ കടങ്കഥയുടെ ഉത്തരം കിണര്‍ എന്നാണല്ലോ. ഓരോ വീട്ടിലും കിണറുള്ള നാടാണ് കേരളം. അത് നമ്മുടെ മാത്രം പ്രത്യേകതയാണ്. കോഴിക്കോട് കേന്ദ്രമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് 2005-06ല്‍ നടത്തിയ പഠനമനുസരിച്ച് കേരളത്തില്‍ ആകെ കേരളത്തില്‍ 70 ലക്ഷം കിണറുകള്‍ ഉണ്ടായിരുന്നു. (2011ലെ സെന്‍സസ് അനുസരിച്ച് 76.5 ലക്ഷം വീടുകളും). വീട് പണിയുന്നതിന് മുമ്പേ നമ്മള്‍ കിണര്‍ കുഴിക്കും. വെള്ളം കിട്ടുന്ന നാട്ടിലേക്കേ മകളെ കല്യാണം കഴിച്ചയയ്ക്കൂ.
എന്തായാലും, പുഴയും തോടുമെന്നതുപോലെ കിണറുകളും വറ്റിക്കൊണ്ടിരിക്കയാണ്. ഭൂഗര്‍ഭ ജലത്തിന്റെ (Ground water എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാള പരിഭാഷയില്‍ ‘ഗര്‍ഭം’ ചേര്‍ന്നത് ഭൂമി, വെള്ളത്തെ ഗര്‍ഭം കൊണ്ടീട്ടുള്ളതിനായിരിക്കാം). അളവ് കുറഞ്ഞത് തന്നെയാണ് ഇതിന്റെ മുഖ്യകാരണം. ഭൂമിയില്‍ പെയ്യുന്ന മഴ മണ്ണിലേക്ക് ഒലിച്ചിറങ്ങി, മണ്ണില്‍ വിലയം പ്രാപിക്കുകയും, തുടര്‍ന്ന് അരിച്ചിറങ്ങി പുഴയിലേക്കും തോടുകളിലേക്കും, കിണറുകൡലേക്കും ഇറങ്ങുകയാണ് ചെയ്യുന്നത്. വെള്ളത്തെ പിടിച്ചുനിറുത്തുന്ന വനങ്ങളും, വയലുകളും ചതുപ്പ് നിലങ്ങളും മരങ്ങളും, വലിയ സേവനമാണ് പ്രകൃതിയില്‍ ചെയ്യുന്നത്. എന്നാല്‍ നമ്മള്‍ മരങ്ങള്‍ മുഴുവന്‍ മുറിച്ചു, ചതുപ്പ് നിലങ്ങള്‍ നികത്തി ബസ് സ്റ്റാന്‍ഡുകളും, കെട്ടിടങ്ങളും ഫഌറ്റുകളും പണിതു, വയല്‍ നികത്തി നാണ്യവിളകള്‍ കൃഷിചെയ്തു, കെട്ടിടങ്ങള്‍ പണിതു……, മുറ്റം മുഴുവന്‍ ടൈല്‍സ് ഇട്ട് വെള്ളത്തെ പടിക്ക് പുറത്ത് കടത്തി, തൊടിയിലെ മരങ്ങളെല്ലാം വെട്ടി വീടിന്റെ ലുക്ക് കൂട്ടി, കാട്ടില്‍നിന്നും മരമില്ലുകളിലേക്ക് എത്തിക്കാവുന്നതെല്ലാം എത്തിച്ചു, പിന്നെയും കയ്യേറിക്കൊണ്ടിരിക്കുന്നു, മണലെല്ലാം വാരി പുഴകളെല്ലാം വറ്റി. എന്റെ പിഴയെന്ന് ആവര്‍ത്തിച്ചുപറഞ്ഞ് പറഞ്ഞാല്‍ മാത്രം പോരാ, പരിഹാരക്രിയകള്‍ ചെയ്യുകയും വേണം. അങ്ങനെയായാല്‍ മാത്രമേ മഴവെള്ളം പിണങ്ങിപോകുന്നത് നിര്‍ത്തി, വീട്ടിലെ തൊടിയില്‍ പതിയിരുന്ന് കിണറിലേക്കിറങ്ങിവരികയുളഅളൂ.
ജലം സംരക്ഷിക്കാന്‍ കാടും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എത്രപറഞ്ഞീട്ടും ഒരു മന്ത്രിക്ക് മനസിലാകുന്നില്ല. ഒടുവില്‍ പറഞ്ഞ ഉദാഹരണംകൊണ്ട് മന്ത്രിക്ക് കാര്യം മനസിലായി. തലയില്‍ മുടിയില്ലാത്ത ഒരാള്‍ക്ക് കുളികഴിഞ്ഞ് പൊടുന്നനെ തലയിലെ വെള്ളം തുടച്ചുകളയാം, എന്നാല്‍ നല്ല മുടിയുള്ള ആള്‍ കുറേനേരം തോര്‍ത്തിയാലേ വെള്ളം പോകൂ, അത് ഇടതൂര്‍ന്ന മുടിയുള്ള സ്ത്രീയാണെങ്കിലോ, ഏറെ നേരമെടുക്കും വെള്ളം മുഴുവന്‍ കളയാന്‍. അതുപോലെയാണ് പ്രകൃതിയും. മന്ത്രിക്ക് കാര്യം ബോധ്യപ്പെട്ടു. സലീം അലിയുടെ ശിഷ്യനും, കേരളത്തിലെ പ്രശസ്ത പക്ഷിശാസ്ത്രജ്ഞനുമായ ഡോ. ആര്‍.സുഗതന്‍ പറഞ്ഞ ഈ സംഭവം, കാര്യങ്ങളെ കൃത്യമായി മനസിലാക്കിത്തിരുന്നു.
കേരളത്തില്‍ കുടിവെള്ളത്തിന്റെ വിതരണം നടത്തുന്ന കേരള വാട്ടര്‍ അഥോറിറ്റിയാണ്. എന്നാല്‍ ജനകീയ പങ്കാളിത്തത്തോടെ ചെറുകിട ശുദ്ധജലവിതരണ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വജലധാര പദ്ധതിയിലും ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ജലനിധി പദ്ധതിയിലൂടെയും കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെയും ഗ്രാമപഞ്ചായത്തുകളുടെയും സംഘടിതമായ ശ്രമത്തോടെ, ജനങ്ങള്‍തന്നെ നിര്‍മിച്ച് പരിപാലിക്കുന്ന ഇത്തരം കുടിവെള്ള പദ്ധതികള്‍ കൂടുതല്‍ സുസ്ഥിരത ഉറപ്പുവരുത്തുന്നുവെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. വേറൊരര്‍ത്ഥത്തില്‍, ഒരു പൊതുടാപ്പില്‍ നിന്നും വെള്ളം ഒഴുകുന്നത് കാണുമ്പോള്‍ ‘ഓ അത് സര്‍ക്കാരിന്റേയല്ലേ’ എന്ന മനോഭാവത്തോടെ അതിനെ അവഗണിക്കുന്നവര്‍, സ്വന്തം പദ്ധതിയിലെ പൈപ്പില്‍നിന്നും വെള്ളം പോകുന്നത് കാണുമ്പോള്‍ അത് അടക്കാന്‍ തയാറാകുന്നു. ജനങ്ങളുടെ ഉത്തരവാദിത്വബോധം ഉയര്‍ത്താന്‍ ഇത് സഹായിക്കുന്നു.

പ്ലാച്ചിമടയും രാജസ്ഥാന്‍ ഗ്രാമവും

കുടിവെള്ളത്തിനുവേണ്ടിയുള്ള ഏറ്റവും വലിയ സമരങ്ങള്‍ കണ്ട സംസ്ഥാനമാണ് കേരളം. പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിലെ കൊക്കക്കോള ഫാക്ടറി, സാധാരണക്കാരിയായ കുടുംബിനിയായ മയിലമ്മയുടെ നേതൃത്വത്തില്‍ കെട്ടുകെട്ടിച്ചതാണ് കേരളത്തിന്റെ ചരിത്രം. വര്‍ഷങ്ങള്‍ നീണ്ട സമരം തീര്‍ന്നെങ്കിലും, കമ്പനി വരുത്തിയ നാശങ്ങള്‍ക്ക് നഷ്ടപരിഹാരം നേടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുകയാണ്. പെരുമാട്ടിയുടെ അടുത്തുള്ള പുതുശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കമ്പനിയുടെ ജലചൂഷണത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു നാടിന്റേയും സര്‍ക്കാരിന്റേയും ജനങ്ങളുടേയും ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഘടകമാണ് കുടിവെള്ളം. അതിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും, സാംസ്‌കാരികവും ആയ കാര്യങ്ങള്‍ വളരെ പ്രസക്തമാണ്.
കിണറില്‍നിന്നും കോരിയെടുത്ത് ഉപയോഗിച്ചിരുന്ന വെള്ളം, ഇന്ന് നമ്മുടെ അടുക്കളയിലും കക്കൂസിലും ടാപ്പിലൂടെ എത്തുന്നു. എന്നാല്‍ അത്രയധികം വികസിക്കാത്ത ഇന്ത്യന്‍ ഗ്രാമങ്ങളുടെ അവസ്ഥ അത്ര ആശാവഹമല്ല. രാജസ്ഥാനില്‍ ഒരിക്കല്‍ ഒരു ഗ്രാമീണ വികസന ഏജന്‍സി കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഗ്രാമത്തിലെ സ്ത്രീകള്‍ കിലോമീറ്ററുകളോളം നടന്നാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്. അതിനറുതിവരുത്തുവാനായി, ഈ ഏജന്‍സി ഗ്രാമത്തില്‍തന്നെ ഒരു കുഴല്‍കിണര്‍ നിര്‍മിച്ചു. വെള്ളം സുലഭമായി കിട്ടുന്നുണ്ടായിരുന്നെങ്കിലും, തൊട്ടടുത്ത ദിവസംതന്നെ ആ കുഴല്‍കിണര്‍ കേടായി. ഏജന്‍സി വീണ്ടും നന്നാക്കിയെങ്കിലും, തുടര്‍ച്ചയായി ആ കിണര്‍ ഉപയോഗിക്കാനാവാത്തവിധം നശിപ്പിക്കപ്പെടുകയോ, കേടാക്കുകയോ ചെയ്തുകൊണ്ടിരുന്നു. ഒരു അന്തര്‍ദേശീയ ശില്പശാലയില്‍വച്ച് ഈ കഥപറഞ്ഞുകൊണ്ട് ക്ലാസെടുത്ത ആള്‍ ചോദിച്ചു 2’ആരായിരിക്കും ഈ ജലസ്രോതസ് കേടാക്കിക്കൊണ്ടിരുന്നത്?’ നാട്ടിലെ തല്ലിപ്പൊളികള്‍, കുടിയന്മാര്‍, പുരുഷന്മാര്‍ തുടങ്ങിയ മറുപടികള്‍ക്കൊന്നിനും യഥാര്‍ത്ഥ ഉത്തരം നല്കാനായില്ല. വെള്ളം കോരാന്‍ പോകുന്ന സ്ത്രീകള്‍ തന്നെയാണ് ഈ കുഴല്‍കിണര്‍ കേടാക്കുന്നതെന്ന ഉത്തരം കേട്ട്എല്ലാവരും ഞെട്ടി. കാരണം അറിയുമ്പോഴാണ്, കുടിവെള്ളത്തിന്റെ സാംസ്‌കാരിക, സാമൂഹിക പശ്ചാത്തലം അറിയുക. കടുത്ത യാഥാസ്ഥിതിക സമൂഹത്തിലെ ആ സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാനും, മറ്റുള്ളവരെ കാണാനും, വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമുള്ള ഏക അവസരമാണ്, ഈ വെള്ളമെടുക്കാന്‍ പോക്ക്. ആ അവസരം കൂടി ഇല്ലാതായതോടെ, കൂട്ടിലടക്കപ്പെട്ട അവസ്ഥയിലായ സ്ത്രീകള്‍ തന്നെയാണ് കുഴല്‍കിണര്‍ കേടാക്കിക്കൊണ്ടിരുന്നത്.

കാനഡയിലും കുടിവെള്ളപ്രശ്‌നമോ?

അതെ ഉണ്ട്. കാനഡയിലെ ആദിമനിവാസികളുടെ പല റിസര്‍വുകളിലും ശുദ്ധജലലഭ്യത വലിയൊരു പ്രശ്‌നമാണ്. കാനഡയിലെ പല റിസര്‍വുകളിലും കുടിവെള്ള പദ്ധതികള്‍ പതിവായി പണിമുടക്കുകയും തദ്വാര കുടിവെള്ളം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നു. അതിനാല്‍തന്നെ തദ്ദേശവാസികള്‍ വെള്ളം പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കുകയോ, ലഭ്യമായ ജലം തിളപ്പിച്ച് ഉപയോഗിക്കേണ്ടിവരികയോ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നു. അഴിമതിയും മറ്റും ഇതിലേക്ക് വഴിപെടുന്നുണ്ട്. കാനഡയിലെ ആദിമനിവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ വേറൊരു ഉദാഹരണമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. കാനഡയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. പുഴകളില്‍നിന്നും തടാകങ്ങളില്‍നിന്നുമുള്ള ജലം ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. മിക്കവാറും എല്ലായിടത്തും തന്നെ ചൂടുവെള്ളവും, തണുത്ത വെള്ളവും കൃത്യമായിതന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ എത്തിക്കുന്നുണ്ട്. ഒരു വീടിന്റെ മാസച്ചെലവില്‍ വീട്ടിലേക്ക് വെള്ളം കൊണ്ടുവരാനും, ഉപയോഗിച്ച വെള്ളം തിരിച്ചെടുക്കാനുമുള്ള സര്‍വീസിനായി നല്ലൊരു തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. താമസിക്കുന്ന നഗരത്തിനും, ഉപയോഗത്തിനും അനുസരിച്ച് അത് മാസം 50 മുതല്‍ 100 ഡോളര്‍ വരെ വരുന്നുണ്ട്. മലയാളികളുടെ പാചകരീതിമൂലം, കൂടുതല്‍ പാത്രങ്ങള്‍ കഴുകേണ്ടിവരുന്നതിനാല്‍ കാനഡയിലും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നുവെന്നതും സത്യംതന്നെ.
2010ല്‍ ഐക്യരാഷ്ട്രസംഘടന ജലത്തിനും ശുചിത്വത്തിനുമുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളിലൊന്നായി അംഗീകരിക്കുകയുണ്ടായി. എന്നാല്‍ ദിനങ്ങള്‍ കഴിയുംതോറും, ആ അവകാശം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഉടലെടുക്കുന്നത്. 2025 ഓടെ മനുഷ്യരാശിയുടെ പകുതിയോളം വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുമെന്ന അവസ്ഥയിലേക്കെത്തുമെന്ന് ലോകാരോഗ്യസംഘടന ഭയപ്പെടുന്നു. പ്രകൃതിവിഭവങ്ങളുടെ ശോഷണവും, മനുഷ്യന്റെ ആര്‍ത്തിപൂണ്ട വിനിയോഗവുമാണ് അതിന്റെ മുഖ്യകാരണങ്ങള്‍. ഭാവിയെ നോക്കി ഇന്നേ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചില്ലെങ്കില്‍, കുടിവെള്ളം മുട്ടിച്ചു തലമുറ എന്ന് വരും തലമുറകള്‍ നമ്മെ വിളിക്കുമെന്നത് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *