​ സ്വര്‍ണ്ണമോ ബിറ്റ് കോയിനോ??

 

ഡോ.മാത്യു ജോയിസ്‌ ​

സ്വര്‍ണ്ണം വിറ്റ്‌ പണം കണ്ടെത്താമെന്ന് കരുതിയിരുന്ന കാലം ഇതാ പെട്ടെന്ന് മാറുന്നു. സ്വര്‍ണ്ണം വിറ്റാല്‍ പണമായി പതിനായിരം രൂപാ മാത്രമേ ഇനി കയ്യില്‍ കിട്ടുകയുള്ളൂ, ബാക്കി തുക ചെക്കായോ ഓണ്‍ ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയായോ മാത്രമേ സാധ്യമാകൂ. ബാങ്കിംഗ് ഇടപാടുകള്‍ സാധാരണമല്ലാത്ത ഗ്രാമീണരുടെ ഇടയില്‍ സ്വര്‍ണ്ണം വിറ്റ്‌ അത്യാവശ്യകാര്യങ്ങള്‍ നടത്താമെന്ന സങ്കല്‍പം ഇനി വെറും മിഥ്യ. ഇത് ഇട്ടാ വട്ടം ഇന്‍ഡ്യയിലെ കഥ മാത്രം.

എന്നാല്‍ ആഗോളതലത്തില്‍ സാധാരണക്കാരുടെ ചിന്താശക്തിക്കതീതമായ മാറ്റങ്ങള്‍ ഓരോ ദിവസങ്ങളും വരുത്തിക്കൊണ്ടിരിക്കയാണ് ഇന്നത്തെ ഇന്റര്‍നെറ്റ് യുഗത്തില്‍

 

എന്ന് പറഞ്ഞാല്‍ അതിശയോക്തി ആയിരിക്കയില്ല. നാളെ എന്ത് ശാസ്ത്ര സാങ്കേതിക വിദ്യ ആയിരിക്കും  ലോകഗതിവിഗതികളില്‍ മാറ്റം വരുത്താന്‍  പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതെന്ന് പ്രവചിക്കാനേ സാധ്യമല്ല.

ഇന്‍ഡ്യ പോലെയുള്ള ഒരു രാജ്യത്ത് ഡീമോണിറ്റയിസേഷന്‍ അപ്രതീക്ഷമായി നടത്തിയത് ഈ നാട്ടില്‍ സാമ്പത്തികമാന്ദ്യം മുതല്‍ നിരവധി പ്രശ്നങ്ങള്‍ക്ക് വഴി തെളിച്ചെങ്കിലും, അതോടൊപ്പം നെറ്റ് ബാങ്കിംഗ് വിപുലമായി പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതും വികസിതരാഷ്ട്രങ്ങള്‍ ആശ്ച്ചര്യപൂര്‍വം നോക്കിക്കാണുകയും പുരോഗമനാത്മകമായ മാറ്റമായി വിലയിരുത്തുകയും ചെയ്യുന്നത് നമ്മളും അത്ഭുതത്തോടെ കണ്ടിരിക്കയാണല്ലോ.

ഇതുവരെ അന്താരാഷ്ട്രതലത്തില്‍ കരുതല്‍ ധനമായി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന അമേരിക്കന്‍ ഡോളറിനു പോലും വെല്ലുവിളിയായി കേട്ടുവരുന്ന  ഒറ്റലോക കറന്‍സി സിദ്ധാന്തം നാളെ ഒരുപക്ഷെ നിലവില്‍ വന്നാലും ഞെട്ടരുതെന്നു മാത്രം.

ബാങ്കുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ അന്യോന്യം സുരക്ഷിതമായി ഹൈ സ്പീഡില്‍ ഡിജിറ്റല്‍ ആയി, പേപ്പര്‍ രഹിതമായി പണം കൈമാറ്റം ചെയ്യാനും  വ്യാപാര വാണിജ്യ ഇടപാടുകള്‍ ത്വരിത്തപ്പെടുത്താനും നൂതന  സാമ്പത്തിക സാങ്കേതിക ഉപായങ്ങളുടെ (financial technologies – Fintech) ഉപക്രമണം അന്താരാഷ്ട്രതലത്തില്‍ വന്‍ മാറ്റങ്ങള്‍ ഉടന്‍ കൊണ്ടുവന്നേക്കും.

ബിറ്റ് കോയിന്‍ (BitCoin) എന്നറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സി ഈ സാങ്കേതിക വിദ്യയുടെ നിലവില്‍ പ്രചരിച്ചുതുടങ്ങിയിരിക്കുന്ന ഒരു ഉദാഹരണം മാത്രമാണ്. ഇന്റര്‍നെറ്റ് മുഖേന ഈ  ഇലക്ട്രോണിക് കറന്‍സി കോപ്പി ചെയ്യുകയും പേസ്റ്റു ചെയ്യുകയും തുടരെ കൈമാറ്റം ചെയ്യാനും സാധ്യമാണ്, അതോടൊപ്പം ഇതിന്‍റെ ഉടമസ്ഥന്‍ ആരെന്നും പില്‍കാലത്ത് ആരൊക്കെ ഉപയോഗിച്ചുവെന്നുള്ള ചരിത്രവും ബ്ലോക്ചെയിന്‍ (BlockChain) എന്നറിയപ്പെടുന്ന ഈ പ്രക്രീയയിലൂടെ ഇതിനുള്ളില്‍ നിക്ഷിപ്തമായിരിക്കുന്നതിനാല്‍ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടും. ഈ ബ്ലോക്ചെയിന്‍ (BlockChain) സംവിധാനം ഇപ്പോഴുള്ള പല തട്ടിപ്പുകളും കള്ളപ്പണവും ഇല്ലാതാക്കുമെന്നതിനാല്‍  സര്‍ക്കാരിന് ഇതുവരെയില്ലാതിരുന്ന നിയന്ത്രണ സംവിധാനവും വന്നു ചേരും, സാമ്പത്തിക ഇടപാടുകള്‍ സുതാര്യവും അതിവേഗവും ലളിതവും ആയി മാറുന്നത് എത്ര മനോഹരമായ ഒരു മാറ്റമായിരിക്കും. വിദേശ വ്യാപാരനയങ്ങളും ഒത്തുതീര്‍പ്പുകളും അനായാസ്സമാകുന്ന ദിവസ്സങ്ങള്‍ അതി ദൂരെയല്ല. ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ വരാനിരിക്കുന്ന വ്യവസ്ഥിതിയെ പുല്‍കാനുള്ള സാങ്കേതിക വിദ്യകള്‍ ആര്‍ജിച്ച് പരീക്ഷണത്തിലാണ്.

ഇപ്പോള്‍ അമേരിക്കന്‍ വിദേശ വ്യാപാരരംഗത്ത് കടന്നുകയറിയിരിക്കുന്ന വ്യാപാരയുദ്ധം (Trade war) ആഗോളതലത്തില്‍ അമേരിക്കന്‍ ഡോളറിന്റെ വല്യേട്ടന്‍ നിലപാടിനെ ഉലച്ചേക്കും. കാരണം ഇന്നത്തെ ആഗോള വ്യാപാര രംഗത്തില്‍ ഏതാണ്ട് 63% അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ, മിക്കവാറും രാജ്യങ്ങള്‍ അമേരിക്കന്‍ ഡോളറിനെ താഴെയിറക്കാന്‍ കാത്തുകാത്തിരിക്കുന്നവരാണല്ലോ. അമേരിക്കയിലെ വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഇത് അമ്ഗീകരിക്കുന്നില്ലെങ്കിലും, ഭാവിയില്‍ അമേരിക്കന്‍ ഡോളറിനെ എക്കാലവും കരുതല്‍ നിക്ഷേപമായി മറ്റു രാഷ്ട്രങ്ങള്‍ കരുതിവെക്കുമെന്ന ഉറച്ച വിശ്വാസമൊന്നുമില്ല.

ട്രമ്പ്‌ രാഷ്ട്രീയക്കാരന്‍ അല്ലായിരിക്കാം, പക്ഷെ നല്ല ബിസിനസ്സുകാരന്‍ ആണെന്നാണ്‌ പൊതുവേയുള്ള വിശ്വാസം. അന്താരാഷ്ട്രതലത്തില്‍ നിലവിലുള്ള ട്രാന്‍സ് പസിഫിക് പാര്ട്നര്ഷിപ് (TPP) പോലെയുള്ള  വ്യാപാര കൂട്ടുകെട്ടുകളില്‍ നിന്നും അമേരിക്കയെ സ്വതന്ത്രമാക്കുന്ന പ്രസിഡന്റിന്റെ നടപടികള്‍ അമേരിക്കന്‍ ഡോളറിനെയും കളിക്കളത്തില്‍നിന്നും മാറ്റി നിര്‍ത്തിയേക്കും. 2016 ലാകട്ടെ അമേരിക്കയെ പിന്നിലാക്കി ചൈന വ്യാപാരരംഗത്ത് ഒന്നാം സ്ഥാനത്തെത്തിയതിന്റെ പിന്നില്‍ ജെര്‍മ്മനിയുടെ സഹകരണവുമുണ്ട്. എന്നാല്‍ ചൈനീസ് ഗവണ്മെന്റു ഏര്‍പ്പെടുത്തിയിരിക്കുന്ന ബഹുമുഖ നിയന്ത്രണങ്ങള്‍ അവരുടെ കറന്‍സിയെ അമേരിക്കന്‍ ഡോളര്‍ പോലെ സാര്‍വര്ത്രികമാക്കാന്‍ പെട്ടെന്നൊന്നും വഴി തെളിക്കുമെന്ന് ആരും കരുതുന്നില്ല.

എന്നാല്‍ ജര്‍മ്മനിയാകട്ടെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ യൂറോ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും, തന്ത്രപ്രാധാന്യമായി സാമ്പത്തികരംഗത്ത് മികവു തെളിയിക്കുകയും വിജയിക്കുകയും ചെയ്തു വരുന്ന രാജ്യമാണുതാനും. ബ്ലോക്ചെയിന്‍ പോലെയുള്ള നവീന സാങ്കേതിക വിദ്യകള്‍ ജര്‍മ്മനിയുടെ ബാങ്കിംഗ് സെക്യൂരിടീസ് തലങ്ങളില്‍ വിജയപ്രദമായി പരീക്ഷിച്ചുകഴിഞ്ഞു എന്നാണു കഴിഞ്ഞ ജനുവരിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ നാം കേട്ടു കഴിഞ്ഞത്. ബ്രിട്ടീഷ്‌ സാമ്രാജ്യം വേര്‍പെടുമ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ സാമ്പത്തിക തലസ്ഥാനം ജര്‍മ്മനിയുടെ ഫ്രാങ്ക്ഫര്‍ട്ട് ആയേക്കും. അങ്ങനെയെങ്കില്‍ സാങ്കേതിക വിദ്യകളില്‍ എന്നും നൈപുണ്യം തെളിയിച്ചിട്ടുള്ള ജര്‍മ്മനി പേപ്പര്‍ രഹിത ഡിജിറ്റല്‍ കറന്‍സിയുടെ അനന്ത സാധ്യതകളെ ബിട്കൊയിന്‍ പോലെയുള്ള ഡിജിറ്റല്‍ കറന്‍സി മൂലം  സാര്‍വത്രികമാക്കുമെന്നും ആഗോളതലത്തില്‍ സാമ്പത്തികരംഗത്തിലെങ്കിലും ഏകീകൃതമായ ഒരു കുതിപ്പ് സംഭിവിച്ചേക്കാമെന്ന് കരുതുക.

ഇന്ത്യയിലെ റിസേര്‍വ് ബാങ്ക് 2014 ല്‍ ത്തന്നെ ഡിജിറ്റല്‍ കറന്‍സിയെ എതിര്‍ക്കുകയില്ലെന്നു വ്യക്തമാക്കിയിരുന്നു. എങ്കിലും ഇത് നിയമാനുസൃതമല്ലെന്നു തുടങ്ങി പല എതിര്‍ പ്രസ്താവനകളും വന്നതിനാലാവണമല്ലോ, ബിറ്റ് കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളെ അംഗീകരിക്കണം എന്ന ആവശ്യവുമായി 1100 ലധികം പേര്‍ ഒപ്പിട്ട ഒരു മെമ്മോറാണ്ടം കേന്ദ്ര ധനമന്ത്രാലയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

എങ്കില്‍പിന്നെ വെറുതെ ഗാന്ധിത്തലയെന്നും കള്ളനോട്ടെന്നും പറഞ്ഞ് സമയം കളയാതിരിക്കുക. എല്ലാവര്ക്കും ബാങ്ക് അക്കൌണ്ടുകളും, അത്യാവശ്യം ചില്ലറ ക്കാശുകളും ഉപയുക്തമാക്കാനുള്ള വ്യവസ്ഥിതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക. നൂതന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കിക്കൊണ്ട് പൊതുജനങ്ങളെ ഇനിയും പെരുവഴിയില്‍ ക്യൂ നിര്‍ത്താതെ, സുരക്ഷിതമായ ഡിജിറ്റല്‍ കറന്‍സി സമ്പ്രദായം അതിവേഗം അംഗീകരിച്ചുകൊണ്ട് ബഹുദൂരം മുന്നേറാന്‍ ഇന്‍ഡ്യയും സന്നദ്ധമാവുക. അങ്ങനെ ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ വികസ്വരമാകട്ടെ.

ഒരു പക്ഷെ സമയോചിതമായി മുന്നേറിയാല്‍ ഈ ഫിന്‍ടെക് സാങ്കേതികവിദ്യകള്‍ നിയന്ത്രിക്കുന്ന ടെക്നിക്കല്‍ ഹബ് ആയിത്തീരാനുള്ള എല്ലാ മികവും സ്രോതസ്സും സാധ്യതകളും ഇന്ത്യക്കുണ്ടെന്നുള്ള വസ്തുതകള്‍ തലപ്പത്തിരിക്കുന്നവര്‍ മറക്കാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *