അകവും പുറവും

അകത്തും പുറത്തും ഒരുപോലെ പെരുമാറുന്നവരാണ് മാന്യന്‍മാര്‍. കുടുംബത്തിലെയും സമൂഹത്തിലെയും പെരുമാറ്റത്തിലെ സ്ഥൈര്യതയാണിത് സൂചിപ്പിക്കുന്നത്. ചിലര്‍ പൊതുസമൂഹത്തില്‍ മാന്യന്‍മാരായിരിക്കും. എന്നാല്‍ വീട്ടില്‍ ക്രമമായി പ്രവര്‍ത്തിക്കുന്നവരായിരിക്കാം. ചിലപ്പോള്‍ പുറത്തേക്ക് എല്ലാവരോടും സ്‌നേഹം പ്രകടിപ്പിക്കുന്നുണ്ടാകാം. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ വെറുപ്പായിരിക്കാം പ്രഥമ വികാരം. അകത്തും പുറത്തും വ്യത്യസ്ത സ്വഭാവം കാണിക്കുന്നവരാണവര്‍. പെരുമാറ്റത്തിലെ മാന്യത അവര്‍ക്കുള്ളതല്ല.

സ്‌കൂള്‍ അധ്യാപകരുടെ ഒരു മൂന്നു ദിന സംഗമം. പലയിടത്തുനിന്നും എത്തിച്ചേര്‍ന്ന അധ്യാപകര്‍ സ്വയം പരിചയപ്പെടുത്തി. അതില്‍ ദേശീയ അവാര്‍ഡ് കിട്ടിയ അധ്യാപകനുമുണ്ടായിരുന്നു. സ്വാഭാവികമായും അവര്‍ക്ക് എല്ലാവരുടെയും ബഹുമാനം ലഭിച്ചു. അടുത്തദിവസം മാഷിന്റെ ഫോണ്‍വിളി കേള്‍ക്കനിടയായി. ‘വെക്കടീ കഴുതേ’ എന്ന് ആവര്‍ത്തിച്ച് പറയുന്നത് കേട്ടാണ് ശ്രദ്ധിച്ചത്. പരുക്കന്‍ ഭാവത്തിലുള്ള സംസാരം കഴിഞ്ഞ് മാഷ് പറഞ്#ു. ‘മോളാണ്, വെറും കഴുത’. കേട്ടവര്‍ ഞെട്ടിപ്പോയി. അധ്യാപകന്റെ തനിനിറമാണ് പുറത്തേക്കൊഴുകിയത്. സ്‌കൂളിലെ മാതൃകാധ്യാപകന്‍, വീട്ടില്‍ കുട്ടികളുടെ പീഡനകനാകുന്നു. പുറത്തൊന്ന്, അകത്ത് വേറെ. ചുറ്റുപാടും ഇങ്ങനെ പലരെയും കാണാം. സ്വാഭാവസവിശേഷതകളില്‍ മാറ്റമുണ്ടാകുമെന്നു മാത്രം. പുറമേ പുഞ്ചിരി കാണിക്കും. അകമേ വെറുപ്പ് നിറഞ്ഞിരിക്കും. നേരില്‍ കാണുമ്പോള്‍ സഹായിക്കാമെന്ന് പറയും. മറഞ്ഞിരുന്ന് പാര പണിയും. മറ്റുള്ളവരെ കാണിക്കാന്‍ സ്‌നേഹം നടിക്കുന്ന ദമ്പതിമാരുണ്ട്. പക്ഷേ, അവര്‍ മാത്രമാകുമ്പോള്‍ പരസ്പരം ചീറ്റപുലികളായിരിക്കാം.
സദാചാരത്തിലാണ് ഈ അന്തരം പ്രകടമായികാണാനാവുക. പൊതുഇടങ്ങളില്‍ മാന്യമായിട്ടായിരിക്കാം സ്ത്രീകളോട് പെരുമാറുക. പക്ഷെ ഒറ്റക്കാവുമ്പോള്‍ വന്യവികാരങ്ങള്‍ പുറത്തെടുക്കും. അതും കഴിഞ്ഞ് സദാചാരത്തെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യും. അകത്തും പുറത്തും പൊരുത്തമില്ലാത്തവര്‍ സമൂഹത്തിന് ആപത്കരമാണ്. നെഞ്ചൂക്കില്ലാത്ത പേടിത്തൊണ്ടന്മാരാണവര്‍. എവിടെയും സ്വന്തം നിലനിലപാടിനെ ഉയര്‍ത്തിപ്പിടിക്കാന്‍ പരാജയപ്പെടുന്നവര്‍. അവര്‍ യഥാര്‍ത്ഥ ഭീരുക്കളാണ്. അവര്‍ തങ്ങളെത്തന്നെ ഭയപ്പെടുന്നു.
അകത്തും പുറത്തും സ്വഭാവം മാറ്റുന്നവരേറെയുണ്ട്. അവരെ ജനം എളുപ്പം തിരിച്ചറിയുന്നു. അവരെ ആരും ആക്രമിക്കുന്നില്ല തന്നെ. അവര്‍ പുറമെ സ്വീകരിക്കപ്പെടുന്നെങ്കിലും, അകമേ തിരസ്‌കരിക്കപ്പെടുന്നു. പുറംപൂച്ചില്‍ കുറെപ്പേരെ കുറേക്കാലത്തേക്ക് പറ്റിക്കാനായേക്കാം. എന്നാല്‍ അത് എല്ലാക്കാലത്തേക്കുമാകില്ല.
പെരുമാറ്റത്തിലെ സ്ഥിരത, വ്യക്തിത്വത്തിന്റെ ഉന്നതഗുണമാണ്. അവരെ നമുക്ക് ആശ്രയിക്കാനാകും. അവര്‍ പറഞ്ഞ വാക്കിന് വില കല്പിക്കുന്നു. ആളും തരവും നോക്കി സ്വഭാവം മാറുന്നില്ല. അത്തരക്കാരെ തിരിച്ചറിയാന്‍ സമയമെടുത്തേക്കാം. ഖനി കുഴിച്ച് സ്വര്‍ണം കണ്ടെത്തുന്നത് പോലെയാണത്. അങ്ങനെ കണ്ടെത്തുന്നത് പക്ഷെ പവന്‍മാറ്റാണ്.
മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസം ഇതിനാവശ്യമാണ്. ആത്മവിശ്വാസവും, നിലപാടുകളിലെ ഉറപ്പും നമുക്കാവശ്യമാണ്. ന്‌ട്ടെല്ല് വളയാത്ത സ്വഭാവസ്ഥൈര്യതയും ഇതിനു വേണം. അവര്‍ തന്നെയാണ് സമൂഹത്തിന് മാതൃകകളാകുന്നതും.

Leave a Reply

Your email address will not be published. Required fields are marked *