സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ ഇംഗ്ലീഷ് ചാപ്പൽ കൂദാശ മേയ് 6 ന്

മാർട്ടിൻ വിലങ്ങോലിൽ

ഡാലസ്:അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ പ്രധാന ദേവാലയങ്ങളിലൊന്നായ ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ കീഴിൽ തുടക്കം കുറിക്കുന്ന ഇംഗ്ലീഷ് ചാപ്പലിന്റെ കൂദാശ കർമ്മം, മേയ് 6 (ശനിയാഴ്ച) രാവിലെ 9ന് ഇടവക മെത്രാപ്പൊലീത്താ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്താ നിർവ്വഹിക്കുന്നു.

അമേരിക്കയിൽ ജനിച്ചു വളർന്ന വിദ്യാർഥികൾ, യുവജനങ്ങൾ, യുവ ദമ്പതികൾ എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് വി. ആരാധനയിൽ സജീവ പങ്കാളിത്വം വഹിക്കുന്നതിന് പ്രധാന തടസ്സം ഭാഷയാണെന്നുള്ളതിനാൽ എല്ലാ ഞായറാഴ്ചകളിലും മലയാള ആരാധനയ്ക്ക് സമാന്തരമായി ഇംഗ്ലീഷ് ആരാധന നടത്തുന്നതിനുള്ള ക്രമീകരണമാണ് ചാപ്പലിൽ ഒരുക്കുന്നത്. യുവജങ്ങൾക്ക് ഓർത്തഡോക്സ് വിശ്വാസാചാരാനുഷ്ഠാനങ്ങൾ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുള്ള അവസരമുണ്ടാക്കുക, വി. ആരാധനയിൽ കൂടുതൽ പങ്കാളിത്വം ഉറപ്പാക്കുക, അതുവഴി യഥാർത്ഥ ക്രൈസ്തവ ജീവിതം കെട്ടിപെടുത്തുന്നതിന് അവരെ സജ്ജമാക്കുകയെന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ഉദ്ദേശം. മലങ്കര അതിഭദ്രാസനത്തിൽ തന്നെ ഇംഗ്ലീഷ് ആരാധനയ്ക്ക് മാത്രമായി ഒരു പ്രത്യേക ചാപ്പൽ ആരംഭിക്കുന്ന ആദ്യ ഇടവകയാണ് ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ എന്നതും ശ്രദ്ധേയമാണ്.

ഇടവകാംഗങ്ങളുടെ പ്രാർഥനയും സഹകരണവും യുവജനങ്ങളുടെ നിസ്വാർത്ഥ സേവനവും സമർപ്പണവുമാണ് ഇത്തരം സംരംഭത്തിന് തുടക്കം കുറിക്കാൻ ഈ ഇടവകയ്ക്ക് സാധ്യമായതെന്ന് വികാരി റവ. ഫാ. സാജൻ ജോൺ അഭിപ്രായപ്പെട്ടു. മേയ് 6 ശനിയാഴ്ച രാവിലെ 8.45 ന്  മെത്രാപ്പൊലീത്താക്ക് സ്വീകരണവും 9നു ചാപ്പൽ‍ കൂദാശയും തുടർന്ന് പ്രഭാത പ്രാർഥനയ്ക്കുശേഷം വി. കുർബാന അർപ്പണവും നടക്കും.

ഈ ധന്യ മുഹൂർത്തത്തിലും തുടർന്ന് ഞായറാഴ്ചകളിൽ നടത്തപ്പെടുന്ന ഇംഗ്ലീഷ് സർവ്വീസിലും താൽപര്യമുള്ള യുവജനങ്ങൾ യുവ ദമ്പതികൾ തുടങ്ങി എല്ലാ വിശ്വാസികളും വന്ന് സംബന്ധിച്ച് അനുഗ്രഹിതരാകുവാൻ   ഏവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നതിനായി വികാരി റവ. ഫാ. സാജൻ ജോൺ, അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രാജൻ മാത്യു എന്നിവർ അറിയിച്ചു. കൂദാശ ക്രമീകരണങ്ങളുടെ സുഗമമായ നടത്തിപ്പിനായി വികാരിമാർക്ക് പുറമേ പോൾ ആർ. ഫിലിപ്പോസ്(സെക്രട്ടറി) ജോസഫ് ജോർജ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ പള്ളി മാനേജിംങ് കമ്മറ്റിയും ചാപ്പൽ പ്രതിനിധികളും വിപുലമായ ക്രമീകരണങ്ങളാണ് നടത്തി വരുന്നത്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

Leave a Reply

Your email address will not be published. Required fields are marked *